YouVersion Logo
Search Icon

JEREMIA 46

46
ഈജിപ്തിന്റെ പരാജയം
1ജനതകളെ സംബന്ധിച്ചു യിരെമ്യാപ്രവാചകനു സർവേശ്വരനിൽനിന്നു ലഭിച്ച അരുളപ്പാട്. 2ഈജിപ്തിനെ സംബന്ധിച്ചു യെഹൂദാരാജാവായ യോശീയായുടെ പുത്രൻ യെഹോയാക്കീമിന്റെ നാലാം ഭരണവർഷം ബാബിലോൺരാജാവായ നെബുഖദ്നേസർ യൂഫ്രട്ടീസ്നദിയുടെ തീരത്തുള്ള കാർക്കെമീശിൽ വച്ചു തോല്പിച്ച ഫറവോ നെക്കോ എന്ന ഈജിപ്തുരാജാവിന്റെ സൈന്യത്തെക്കുറിച്ചു തന്നെ.
3പരിചയും പടച്ചട്ടയുമൊരുക്കി യുദ്ധത്തിനു മുന്നേറുവിൻ, 4കുതിരക്കാരേ, കുതിരകളെ ഒരുക്കി അവയുടെമേൽ കയറുവിൻ, പടത്തൊപ്പി ധരിച്ച് അണിനിരക്കുവിൻ. നിങ്ങളുടെ കുന്തങ്ങൾ മിനുക്കുകയും കവചങ്ങൾ ധരിക്കുകയും ചെയ്യുവിൻ. എന്താണു ഞാൻ കാണുന്നത്? 5അവർ പരിഭ്രമിച്ചു പിൻവാങ്ങുന്നു; പടയിൽ തോറ്റ അവരുടെ യുദ്ധവീരന്മാർ തിടുക്കത്തിൽ ഓടുന്നു; അവർ പിന്തിരിഞ്ഞു നോക്കുന്നില്ല. സർവത്രഭീതി എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 6വേഗമേറിയവന് ഓടിപ്പോകാനോ, യുദ്ധവീരനു രക്ഷപെടാനോ കഴിയുന്നില്ല; വടക്ക് യൂഫ്രട്ടീസ്നദിയുടെ തീരത്ത് അവർ ഇടറിവീണു.
7നൈൽനദിപോലെ പൊങ്ങുകയും കരകവിഞ്ഞൊഴുകുന്ന നദിപോലെയും ഉള്ള ഇവനാര്? 8ഈജിപ്ത് നൈൽനദിപോലെ പൊങ്ങുന്നു; കരകവിഞ്ഞൊഴുകുന്ന നദിപോലെ തന്നെ; ഞാൻ ഉയരും; ഭൂതലത്തെ മൂടും; നഗരങ്ങളെയും അവയിലെ നിവാസികളെയും നശിപ്പിക്കും എന്നവൻ പറയുന്നു. 9കുതിരകളേ, മുമ്പോട്ടു പായുക, രഥങ്ങളേ, ഇരച്ചു കയറുക! യോദ്ധാക്കൾ മുമ്പോട്ടു നീങ്ങട്ടെ; പരിച പിടിച്ചിരിക്കുന്ന എത്യോപരും പൂത്യരും, വില്ലാളിവീരന്മാരായ ലൂദ്യരും മുന്നേറട്ടെ. 10അതു സർവശക്തിയുള്ള ദൈവമായ സർവേശ്വരന്റെ ദിനം. ശത്രുക്കളോടു പകരം വീട്ടുന്ന പ്രതികാരത്തിന്റെ ദിനംതന്നെ, സംഹാരം ചെയ്ത് വാളുകൾക്കു മതിവരും. തൃപ്തിയാകുവോളം അവ അവരുടെ രക്തം കുടിക്കും; സർവശക്തിയുള്ള ദൈവമായ സർവേശ്വരൻ, വടക്ക് യൂഫ്രട്ടീസ്നദീതീരത്ത് ഒരു യാഗം കഴിക്കുന്നു. 11ഈജിപ്തിന്റെ പുത്രിയായ കന്യകയേ, നീ ഗിലെയാദിൽ പോയി തൈലം വാങ്ങുക; പല ഔഷധങ്ങൾ നീ വെറുതെ ഉപയോഗിച്ചു; നിനക്കു സൗഖ്യം ലഭിക്കുകയില്ല. 12നിന്റെ ലജ്ജാകരമായ അവസ്ഥയെപ്പറ്റി ജനതകൾ കേട്ടിരിക്കുന്നു; ദേശത്ത് ആകമാനം നിന്റെ നിലവിളി മുഴങ്ങുന്നു; യുദ്ധവീരന്മാർ പരസ്പരം തട്ടി വീഴുന്നു.”
നെബുഖദ്നേസറിന്റെ വരവ്
13ഈജിപ്തുദേശത്തെ ആക്രമിക്കാൻ ബാബിലോൺരാജാവായ നെബുഖദ്നേസർ വരുന്നതിനെക്കുറിച്ചു സർവേശ്വരൻ യിരെമ്യാ പ്രവാചകനോടരുളിച്ചെയ്തു: 14“ഈജിപ്തിൽ പ്രഖ്യാപിക്കുക, മിഗ്ദോലിൽ ഘോഷിക്കുക, മെംഫിസിലും തഹ്പനേസിലും വിളിച്ചറിയിക്കുക, നിങ്ങൾക്കു ചുറ്റുമുള്ളവയെല്ലാം വാളിനിരയാകാൻ പോകുകയാണ്; 15അതുകൊണ്ട് അണിനിരക്കുവിൻ. അപ്പീസ്ദേവൻ എന്തുകൊണ്ട് ഓടിപ്പോയി? ആ ദേവന്റെ പ്രതീകമായ കാള എന്തുകൊണ്ട് ഉറച്ചുനിന്നില്ല? സർവേശ്വരൻ അതിനെ വീഴ്ത്തിയതുകൊണ്ടുതന്നെ. 16നിന്റെ ജനതതി ഇടറിവീണു; അവർ പരസ്പരം പറഞ്ഞു: “എഴുന്നേല്‌ക്കൂ, മർദകന്റെ വാളിൽനിന്നു രക്ഷപെടാൻ നമ്മുടെ ജന്മദേശത്തേക്കു സ്വന്തം ജനത്തിന്റെ ഇടയിലേക്കു തന്നെ പോകാം.” 17ഈജിപ്തുരാജാവായ ഫറവോയെ ‘ശബ്ദകോലാഹലമുണ്ടാക്കി അവസരം പാഴാക്കുന്നവൻ’ എന്നു വിളിക്കൂ.
18സർവശക്തനായ സർവേശ്വരൻ എന്ന നാമമുള്ള രാജാവ് സ്വന്തം നാമത്തിൽ ശപഥം ചെയ്തു പറയുന്നു; പർവതങ്ങളിൽ തലയെടുപ്പുള്ള താബോർപോലെയും കടൽത്തീരത്തുനിന്നു വളരെ ഉയർന്നു നില്‌ക്കുന്ന കർമ്മേൽപർവതംപോലെയും ബലമുള്ള ഒരാൾ വരും. 19ഈജിപ്തുനിവാസികളേ, പ്രവാസത്തിനായി ഭാണ്ഡമെല്ലാം ഒരുക്കുവിൻ! മെംഫീസ് ശൂന്യമാകും; അതു വിജനമായിത്തീരും. 20ഈജിപ്ത് ഏറ്റവും അഴകുള്ള പശുക്കുട്ടിയാണ്; രക്തം വലിച്ചുകുടിക്കുന്ന ഈച്ച വടക്കുനിന്നു വന്ന് അതിനെ ആക്രമിക്കും. 21അതിന്റെ കൂലിപ്പട്ടാളക്കാർ പോലും തടിച്ചുകൊഴുത്ത കാളക്കുട്ടികളെപ്പോലെയാണ്; എന്നാൽ അവരും പിന്തിരിഞ്ഞ് ഓടിപ്പോകും; അവരുടെ വിനാശദിനം ആഗതമായിരിക്കുന്നു; അവരുടെ ശിക്ഷാസമയം തന്നെ. 22ഇഴഞ്ഞുപോകുന്ന പാമ്പിനെപ്പോലെ ഈജിപ്ത് ശബ്ദമുണ്ടാക്കുന്നു; അവളുടെ ശത്രുസൈന്യം മുന്നേറുന്നു; മരംവെട്ടുകാരെപ്പോലെ കോടാലികളുമായിട്ടാണ് അവൾക്കെതിരെ അവർ വരുന്നത്. 23അവളുടെ വനം എത്ര നിബിഡമായിരുന്നാലും അവർ അതു വെട്ടി നശിപ്പിക്കും; അവർ വെട്ടിക്കിളികളെക്കാൾ അധികമാണല്ലോ; അവരെ എണ്ണിത്തീർക്കാൻ സാധ്യവുമല്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. 24ഈജിപ്തിലെ ജനം ലജ്ജിതരാകും; വടക്കുനിന്നുള്ള ജനങ്ങളുടെ കൈയിൽ അവർ ഏല്പിക്കപ്പെടും.
25ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “തേബെസിലെ അമ്മോനെയും ഈജിപ്തിനെയും അവളുടെ ദേവന്മാരെയും രാജാക്കന്മാരെയും ഫറവോയെയും അവനിൽ വിശ്വാസമർപ്പിക്കുന്നവരെയും ഞാൻ ശിക്ഷിക്കും. 26അവർക്കു പ്രാണഹാനി വരുത്താൻ നോക്കുന്ന ബാബിലോൺരാജാവായ നെബുഖദ്നേസറിന്റെയും അവന്റെ ഭൃത്യന്മാരുടെയും കൈയിൽ ഞാൻ അവരെ ഏല്പിക്കും; എന്നാൽ പിന്നീട് ഈജിപ്തിൽ പണ്ടുണ്ടായിരുന്നതുപോലെ ജനവാസമുണ്ടാകും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.”
സർവേശ്വരൻ സ്വന്തജനത്തെ രക്ഷിക്കും
27“എന്റെ ദാസരായ യാക്കോബ് വംശജരേ, ഭയപ്പെടേണ്ടാ; ഇസ്രായേൽജനമേ, പരിഭ്രമിക്കയും വേണ്ടാ; ദൂരദേശത്തു പ്രവാസത്തിലായിരിക്കുന്ന നിങ്ങളെയും നിങ്ങളുടെ സന്താനങ്ങളെയും ഞാൻ രക്ഷിക്കും; യാക്കോബു വംശജർ മടങ്ങിവന്നു ശാന്തിയും സ്വസ്ഥതയും അനുഭവിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല. 28എന്റെ ദാസരായ യാക്കോബു വംശജരേ, ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളുടെ കൂടെയുണ്ട് എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; ഞാൻ നിങ്ങളെ ചിതറിച്ച ദേശങ്ങളിലെ ജനതകളെ ഞാൻ പൂർണമായി നശിപ്പിക്കും; എന്നാൽ നിങ്ങളെ ഞാൻ നിശ്ശേഷം നശിപ്പിക്കയില്ല; നിങ്ങൾ അർഹിക്കുന്ന ശിക്ഷ ഞാൻ നിങ്ങൾക്കു നല്‌കും; ഞാൻ നിങ്ങളെ ശിക്ഷിക്കാതെ വിടുകയില്ല.”

Currently Selected:

JEREMIA 46: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy