YouVersion Logo
Search Icon

JEREMIA 27

27
ബാബിലോണിന്റെ നുകം
1യോശിയായുടെ പുത്രനും യെഹൂദാരാജാവുമായ സിദെക്കിയായുടെ ഭരണാരംഭത്തിൽ യിരെമ്യാക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി. 2അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “നീ അടിമക്കയറും നുകവുമുണ്ടാക്കി കഴുത്തിൽ വയ്‍ക്കുക. 3എദോം, മോവാബ്, അമ്മോൻ, സോർ, സീദോൻ എന്നിവിടങ്ങളിലെ രാജാക്കന്മാർക്ക് യെഹൂദാരാജാവായ സിദെക്കീയായെ കാണാൻ യെരൂശലേമിൽ വന്ന അവരുടെ ദൂതന്മാർ വഴി സന്ദേശം അറിയിക്കുക. 4തങ്ങളുടെ യജമാനന്മാർക്കായി ഈ സന്ദേശം നീ അവരെ അറിയിക്കണം; ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു; നിങ്ങളുടെ യജമാനന്മാരോട് ഇങ്ങനെ പറയുവിൻ. 5“മഹാശക്തിയാലും ബലമുള്ള കരത്താലും ഭൂമിയെയും അതിലുള്ള മനുഷ്യരെയും മൃഗങ്ങളെയും സൃഷ്‍ടിച്ചതു ഞാനാണ്; എനിക്ക് ഉചിതമെന്നു തോന്നുന്നവനു ഞാൻ അതു നല്‌കും. 6ഇപ്പോൾ ഈ ദേശങ്ങളെയെല്ലാം എന്റെ ദാസനും ബാബിലോണിലെ രാജാവുമായ നെബുഖദ്നേസർരാജാവിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; കാട്ടുമൃഗങ്ങൾ പോലും അവനെ സേവിക്കാൻ ഞാൻ ഇടയാക്കും. 7സകല ജനതകളും അവനെയും അവന്റെ പുത്രനെയും പൗത്രനെയും അവന്റെ രാജ്യത്തിന്റെ പതനംവരെ സേവിക്കും; പിന്നീട് അനേകം ജനതകളും മഹാരാജാക്കന്മാരും ചേർന്ന് അവനെ അടിമയാക്കും.
8ഏതെങ്കിലും ജനതയോ രാജ്യമോ ബാബിലോൺരാജാവായ നെബുഖദ്നേസർരാജാവിനെ സേവിക്കാതെയോ, ബാബിലോൺ രാജാവിന്റെ നുകത്തിനു കീഴിൽ തന്റെ കഴുത്തു വച്ചുകൊടുക്കാതെയോ ഇരുന്നാൽ, ഞാൻ അവരെ വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും ശിക്ഷിക്കും. അവന്റെ കൈകളാൽ അവർ ഉന്മൂലനം ചെയ്യപ്പെടുന്നതുവരെ അവ തുടരും. 9അതുകൊണ്ട്, ബാബിലോൺ രാജാവിനെ നിങ്ങൾ സേവിക്കയില്ല എന്നു പറയുന്ന പ്രവാചകന്മാർക്കും പ്രശ്നക്കാർക്കും സ്വപ്നക്കാർക്കും ശകുനക്കാർക്കും ക്ഷുദ്രക്കാർക്കും നിങ്ങൾ ചെവി കൊടുക്കരുത്. 10അവർ നിങ്ങളോടു പ്രവചിക്കുന്നതു നുണയാണ്; തത്ഫലമായി സ്വദേശത്തുനിന്നു നിങ്ങൾ വിദൂരദേശത്തേക്കു നീക്കപ്പെടും; ഞാൻ നിങ്ങളെ പുറത്താക്കും; നിങ്ങൾ നശിക്കും. 11എന്നാൽ ഏതെങ്കിലും ജനത ബാബിലോൺരാജാവിന്റെ നുകത്തിനു കീഴിൽ തലവച്ചു രാജാവിനെ സേവിച്ചാൽ ഞാൻ അവരെ അവരുടെ ദേശത്തുതന്നെ വസിക്കുമാറാക്കും; അവർ കൃഷി ചെയ്ത് അവിടെ പാർക്കും.
12യെഹൂദാരാജാവായ സിദെക്കീയായോടു ഞാൻ ഇതേ രീതിയിൽ സംസാരിച്ചു: “നിങ്ങളുടെ കഴുത്തുകൾ ബാബിലോൺരാജാവിന്റെ നുകത്തിനു കീഴിൽവച്ച് അയാളെയും അയാളുടെ ജനത്തെയും സേവിക്കുവിൻ; എന്നാൽ നിങ്ങൾ ജീവിക്കും. 13ബാബിലോൺരാജാവിനെ സേവിക്കാത്ത ഏതൊരു ജനതയെ സംബന്ധിച്ചും സർവേശ്വരൻ അരുളിച്ചെയ്യുന്നതുപോലെ വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും നിങ്ങൾ എന്തിനു മരിക്കണം? 14ബാബിലോൺരാജാവിനെ നിങ്ങൾ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്കുകൾ നിങ്ങൾ ശ്രദ്ധിക്കരുത്; അവർ നിങ്ങളോടു പ്രവചിക്കുന്നതു വ്യാജമാണല്ലോ. 15ഞാൻ അവരെ അയച്ചിട്ടില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; എന്റെ നാമത്തിൽ അവർ വ്യാജമായി സംസാരിക്കുകയാണ്; തത്ഫലമായി ഞാൻ നിങ്ങളെ ഓടിക്കും; നിങ്ങൾ നശിക്കും; നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചു പോകും.
16പിന്നീട് പുരോഹിതന്മാരോടും സർവജനത്തോടും ഞാൻ പറഞ്ഞു; സർവേശ്വരൻ അരുളിച്ചെയ്യുന്നു: ദേവാലയത്തിലെ പാത്രങ്ങൾ ബാബിലോണിൽനിന്ന് ഉടനെ മടക്കിക്കൊണ്ടുവരും എന്നു നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കുകൾ നിങ്ങൾ ശ്രദ്ധിക്കരുത്; അവർ പ്രവചിക്കുന്നതു വ്യാജമാണ്.
17അവരെ ശ്രദ്ധിക്കരുത്; ബാബിലോൺരാജാവിനെ സേവിച്ചുകൊണ്ടു ജീവിക്കുവിൻ. ഈ നഗരം എന്തിനു ശൂന്യമാകണം. 18അവർ പ്രവാചകന്മാരാണെങ്കിൽ, സർവേശ്വരന്റെ വചനം അവരോടുകൂടെയുണ്ടെങ്കിൽ അവർ സർവശക്തനായ സർവേശ്വരനോട് അപേക്ഷിക്കട്ടെ; അങ്ങനെ അവിടുത്തെ ആലയത്തിലും യെഹൂദാരാജാവിന്റെ കൊട്ടാരത്തിലും യെരൂശലേമിലും ശേഷിച്ചിരിക്കുന്ന പാത്രങ്ങൾ ബാബിലോണിലേക്ക് ഇനിയും കൊണ്ടുപോകാതിരിക്കട്ടെ. 19യെഹോയാക്കീമിന്റെ പുത്രനും യെഹൂദാരാജാവുമായ യെഹോയാഖീനെയും യെഹൂദ്യയിലെയും യെരൂശലേമിലെയും സകല ശ്രേഷ്ഠന്മാരെയും പ്രവാസികളായി ബാബിലോണിലേക്കു കൊണ്ടുപോയപ്പോൾ 20ബാബിലോൺരാജാവ് എടുക്കാതെയിരുന്ന സ്തംഭങ്ങൾ, ജലസംഭരണികൾ, പീഠങ്ങൾ, ഈ നഗരത്തിൽ ശേഷിച്ചിരിക്കുന്ന മറ്റു പാത്രങ്ങൾ എന്നിവയെക്കുറിച്ചു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. 21ഇസ്രായേലിന്റെ ദൈവമായ സർവശക്തനായ സർവേശ്വരൻ അവിടുത്തെ ആലയത്തിലും യെഹൂദാ രാജാവിന്റെ ഗൃഹത്തിലും യെരൂശലേമിലും ശേഷിച്ചിട്ടുള്ള പാത്രങ്ങളെക്കുറിച്ചുതന്നെ അരുളിച്ചെയ്യുന്നു: 22അവയെ ബാബിലോണിലേക്കു കൊണ്ടുപോകും; ഞാൻ ബാബിലോണ്യരെ ശിക്ഷിക്കുന്ന നാൾ വരെ അവ അവിടെയായിരിക്കും; പിന്നീട് ഞാൻ അവ മടക്കിക്കൊണ്ടുവന്ന് ഈ സ്ഥലത്തു പുനഃസ്ഥാപിക്കും.

Currently Selected:

JEREMIA 27: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy