YouVersion Logo
Search Icon

JEREMIA 26

26
യിരെമ്യാ വിസ്തരിക്കപ്പെടുന്നു
1യോശീയായുടെ പുത്രനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിൽ 2സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്തു: “സർവേശ്വരന്റെ ആലയത്തിന്റെ അങ്കണത്തിൽ നിന്നുകൊണ്ടു ദേവാലയത്തിൽ ആരാധിക്കാൻ വരുന്ന യെഹൂദാനഗരങ്ങളിലെ നിവാസികളോടു ഞാൻ ആജ്ഞാപിക്കുന്ന കാര്യങ്ങൾ പറയുക; ഒരു വാക്കുപോലും വിട്ടുകളയരുത്. 3ഒരുവേള അവർ ശ്രദ്ധിച്ചു തങ്ങളുടെ ദുർമാർഗം വിട്ടുകളഞ്ഞെന്നു വരാം; അതുമൂലം അവരുടെ ദുഷ്പ്രവൃത്തികൾക്കു പകരമായി അവർക്കു വരുത്താൻ ഉദ്ദേശിച്ചിരുന്ന അനർഥത്തെക്കുറിച്ചുള്ള തീരുമാനം ഞാൻ മാറ്റും. 4,5നീ അവരോടു പറയുക, സർവേശ്വരൻ അരുളിച്ചെയ്യുന്നു: നിങ്ങളുടെ മുമ്പിൽ ഞാൻ വച്ചിട്ടുള്ള എന്റെ ധർമശാസ്ത്രം നിങ്ങൾ അനുസരിക്കാതിരിക്കുകയും നിങ്ങൾ അങ്ങനെ ചെയ്തിട്ടും നിങ്ങളുടെ അടുക്കൽ തുടർച്ചയായി ഞാൻ അയച്ച എന്റെ ദാസരായ പ്രവാചകന്മാരെ നിങ്ങൾ ശ്രദ്ധിക്കാതിരിക്കുകയും ചെയ്താൽ, 6ഈ ആലയത്തെ ഞാൻ ശീലോയെപ്പോലെയാക്കും; ഈ നഗരം ഭൂമിയിലെ സകല ജനതകൾക്കും ശാപമാക്കിത്തീർക്കും. 7സർവേശ്വരന്റെ ആലയത്തിൽവച്ചു യിരെമ്യാ സംസാരിച്ച വാക്കുകൾ പുരോഹിതന്മാരും പ്രവാചകരും സർവജനവും കേട്ടു.
8സർവജനത്തോടും പറയാൻ അവിടുന്നു കല്പിച്ചിരുന്നവയെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ പുരോഹിതന്മാരും പ്രവാചകന്മാരും ജനങ്ങളും ചേർന്ന് അദ്ദേഹത്തെ പിടികൂടി; അവർ പറഞ്ഞു: നീ മരിക്കണം. 9ഈ ആലയം ശീലോയെപ്പോലെ ആകുമെന്നും ഈ നഗരം ജനവാസമില്ലാതെ ശൂന്യമായിത്തീരുമെന്നും നീ എന്തിനു സർവേശ്വരന്റെ നാമത്തിൽ പ്രവചിച്ചു? ‘ജനമെല്ലാം സർവേശ്വരന്റെ ആലയത്തിൽ യിരെമ്യാക്ക് എതിരെ ചുറ്റും കൂടി.
10യെഹൂദാപ്രഭുക്കന്മാർ ഈ കാര്യങ്ങൾ കേട്ടപ്പോൾ രാജകൊട്ടാരത്തിൽനിന്നു സർവേശ്വരന്റെ ആലയത്തിൽ വന്ന് പുതിയ കവാടത്തിനു സമീപം ഇരുന്നു. 11അപ്പോൾ പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും സർവജനത്തോടും പറഞ്ഞു: ‘ഈ മനുഷ്യൻ വധശിക്ഷയ്‍ക്ക് അർഹനാണ്, ഇയാൾ നഗരത്തിനെതിരെ പ്രവചിക്കുന്നതു നിങ്ങൾ സ്വന്തം ചെവികൊണ്ടു കേട്ടതാണല്ലോ.’
12അപ്പോൾ യിരെമ്യാ സകല പ്രഭുക്കന്മാരോടും സർവജനത്തോടുമായി പറഞ്ഞു: “ഈ ആലയത്തിനും നഗരത്തിനും എതിരെ നിങ്ങൾ കേട്ട വചനം പ്രവചിക്കാനാണ് സർവേശ്വരൻ എന്നെ അയച്ചത്. 13അതുകൊണ്ട് നിങ്ങളുടെ മാർഗങ്ങളും പ്രവൃത്തികളും തിരുത്തുവിൻ; നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ വാക്കുകൾ അനുസരിക്കുവിൻ, നിങ്ങൾക്കെതിരെ അവിടുന്നു പ്രഖ്യാപിച്ചിട്ടുള്ള അനർഥത്തെക്കുറിച്ചുള്ള തീരുമാനം അവിടുന്ന് അപ്പോൾ മാറ്റും. 14ഞാനിതാ നിങ്ങളുടെ കൈകളിൽ ആയിരിക്കുന്നു; നിങ്ങൾക്കു ശരിയെന്നും യോഗ്യമെന്നും തോന്നുന്നത് എന്നോടു പ്രവർത്തിച്ചുകൊള്ളുവിൻ. 15നിങ്ങൾ എന്നെ കൊന്നാൽ നിങ്ങളുടെമേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെമേലും നിഷ്കളങ്കരക്തമാണു നിങ്ങൾ വീഴ്ത്തുന്നത് എന്നറിഞ്ഞുകൊള്ളുവിൻ; ഇതു നിങ്ങളോടു പറയാൻ സർവേശ്വരനാണ് എന്നെ അയച്ചിരിക്കുന്നത്; ഇതു സത്യം.”
16അപ്പോൾ പ്രഭുക്കന്മാരും സർവജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടും പറഞ്ഞു: “ഈ മനുഷ്യൻ വധശിക്ഷയ്‍ക്ക് അർഹമായതൊന്നും ചെയ്തിട്ടില്ല; നമ്മുടെ ദൈവമായ സർവേശ്വരന്റെ നാമത്തിലാണല്ലോ അയാൾ സംസാരിച്ചത്. 17ദേശത്തിലെ ശ്രേഷ്ഠന്മാരിൽ ചിലർ എഴുന്നേറ്റ് അവിടെ കൂടിയിരുന്ന ജനസമൂഹത്തോടു പറഞ്ഞു: 18“യെഹൂദാരാജാവായ ഹിസ്കീയായുടെ കാലത്ത് മോരെശെത്തിലെ മീഖായാപ്രവാചകൻ സകല യെഹൂദാജനത്തോടും പറഞ്ഞു: സീയോനെ നിലംപോലെ ഉഴുതുകളയും; യെരൂശലേം കൽക്കൂമ്പാരമാകും; ആലയമിരിക്കുന്ന പർവതം വനാന്തരമാവുകയും ചെയ്യും എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. 19യെഹൂദാരാജാവായ ഹിസ്കീയായോ യെഹൂദ്യയിലെ ജനമോ അയാളെ വധിച്ചുവോ? അവർ സർവേശ്വരനെ ഭയപ്പെട്ട് അവിടുത്തെ കാരുണ്യം യാചിക്കുകയും അവിടുന്ന് അവരുടെമേൽ വരുത്തുമെന്നു പറഞ്ഞിരുന്ന അനർഥത്തെക്കുറിച്ചുള്ള തീരുമാനം മാറ്റുകയും ചെയ്തില്ലേ? നാമാകട്ടെ വലിയ അനർഥം നമ്മുടെമേൽ വരുത്തിവയ്‍ക്കാൻ പോകുന്നു.
20കിര്യത്ത്-യെയാരീമിലെ ശെമയ്യായുടെ പുത്രൻ ഊരിയാ സർവേശ്വരന്റെ നാമത്തിൽ പ്രവചിച്ച മറ്റൊരാൾ ആയിരുന്നു; അയാളും ഈ നഗരത്തിനും ദേശത്തിനും എതിരെ യിരെമ്യാ പറഞ്ഞതുപോലെതന്നെ പ്രവചിച്ചു. 21യെഹോയാക്കീംരാജാവും പടയാളികളും പ്രഭുക്കന്മാരും അയാളുടെ വാക്കുകൾ കേട്ട് അയാളെ വധിക്കാൻ ശ്രമിച്ചു; ഊരിയാ വിവരമറിഞ്ഞപ്പോൾ ഭയന്ന് ഈജിപ്തിലേക്ക് ഓടിപ്പോയി. 22എന്നാൽ യെഹോയാക്കീംരാജാവ് അക്ബോറിന്റെ മകൻ എൽനാഥാനെയും മറ്റു ചിലരെയും ഈജിപ്തിലേക്കയച്ചു. 23അവർ ഊരിയായെ ഈജിപ്തിൽനിന്ന് യെഹോയാക്കീം രാജാവിന്റെ അടുക്കൽ പിടിച്ചുകൊണ്ടുവന്നു; രാജാവ് അയാളെ വാളുകൊണ്ടു വധിച്ചു പൊതുശ്മശാനത്തിലേക്ക് എറിഞ്ഞുകളഞ്ഞു.
24ശാഫാന്റെ പുത്രനായ അഹീകാമിന്റെ സഹായം യിരെമ്യാക്ക് ഉണ്ടായിരുന്നതുകൊണ്ട്, അയാളെ വധിക്കാൻ ജനത്തെ ഏല്പിച്ചില്ല.

Currently Selected:

JEREMIA 26: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy