YouVersion Logo
Search Icon

ISAIA 45

45
സൈറസിനെ നിയോഗിക്കുന്നു
1സർവേശ്വരൻ തന്റെ അഭിഷിക്തനായ സൈറസിനോട് അരുളിച്ചെയ്യുന്നു: “ജനതകളെ കീഴടക്കാനും രാജാക്കന്മാരുടെ അരപ്പട്ട അഴിപ്പിക്കാനും ഞാൻ നിന്റെ വലങ്കൈക്കു പിടിച്ചിരിക്കുന്നു. നിന്റെ മുമ്പിൽ വാതിൽ തുറന്നിടും. കവാടങ്ങൾ അടയ്‍ക്കപ്പെടുകയില്ല. 2ഞാൻ നിന്റെ മുമ്പിൽ നടക്കുകയും മലകളെ തട്ടി നിരപ്പാക്കുകയും ചെയ്യും. ഓട്ടുവാതിലുകൾ ഞാൻ തകർക്കും. ഇരുമ്പു സാക്ഷകൾ മുറിച്ചുമാറ്റും. ഇരുളിലെ നിധികൾ, രഹസ്യനിക്ഷേപങ്ങൾ ഞാൻ നിനക്കു തരും. 3അങ്ങനെ നിന്നെ പേരു ചൊല്ലി വിളിച്ചവനും ഇസ്രായേലിന്റെ സർവേശ്വരനുമാണു ഞാൻ എന്നു നീ അറിയും. 4എന്റെ ദാസനായ യാക്കോബിനുവേണ്ടി, ഞാൻ തിരഞ്ഞെടുത്ത ഇസ്രായേലിനുവേണ്ടി നിന്നെ പേരു ചൊല്ലി ഞാൻ വിളിക്കുന്നു. നിനക്ക് എന്നെ അറിഞ്ഞുകൂടെങ്കിലും ഓമനപ്പേരു ചൊല്ലി ഞാൻ നിന്നെ വിളിക്കുന്നു. 5ഞാനാകുന്നു സർവേശ്വരൻ; ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല. നിനക്ക് എന്നെ അറിഞ്ഞുകൂടെങ്കിലും ഞാൻ നിന്നെ കരുത്തനാക്കും. 6അങ്ങനെ ഭൂമിയുടെ കിഴക്കേ അറ്റംമുതൽ പടിഞ്ഞാറേ അറ്റംവരെയുള്ളവർ ഞാനാണു സർവേശ്വരൻ എന്നും ഞാനല്ലാതെ മറ്റൊരു ദൈവമില്ലെന്നും അറിയട്ടെ. 7വെളിച്ചവും ഇരുളും സൃഷ്‍ടിച്ചതു ഞാനാണ്. സുഖവും ദുഃഖവും ഏർപ്പെടുത്തിയതും ഞാൻതന്നെ. ഇവയ്‍ക്കെല്ലാം കാരണഭൂതനായ സർവേശ്വരൻ ഞാനാകുന്നു.
8ആകാശമേ, ഉയരത്തിൽനിന്നു വർഷിക്കുക. മേഘങ്ങൾ നീതി ചൊരിയട്ടെ. ഭൂതലം പൊട്ടിത്തുറക്കട്ടെ. രക്ഷ മുളച്ചുയരട്ടെ, നീതി മുളച്ചു പൊങ്ങാൻ ഇടയാകട്ടെ. സർവേശ്വരനായ ഞാനാണ് ഇതെല്ലാം സൃഷ്‍ടിച്ചത്.
സൃഷ്‍ടിയുടെയും ചരിത്രത്തിന്റെയും സർവേശ്വരൻ
9തന്റെ ഉടയവനോട് ഏറ്റുമുട്ടുന്നവനു ഹാ ദുരിതം! ഒരു മൺപാത്രം അതിന്റെ നിർമിതാവിനോട് ഏറ്റുമുട്ടുന്നതുപോലെയാണത്! “നീ ഉണ്ടാക്കുന്നത് എന്ത്? നീ നിർമിക്കുന്നതിനു കൈപ്പിടിയില്ലല്ലോ” എന്ന് അതിനു രൂപം നല്‌കിയവനോടു കളിമണ്ണു ചോദിക്കുമോ? 10“എന്തിനെനിക്കു ജന്മം നല്‌കി?” എന്നു പിതാവിനോടോ “എന്തിനെന്നെ പ്രസവിച്ചു?” എന്നു മാതാവിനോടോ ചോദിക്കാൻ തുനിയുന്നവനു ഹാ ദുരിതം! 11ഇസ്രായേലിന്റെ പരിശുദ്ധനും സ്രഷ്ടാവുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ മക്കളെക്കുറിച്ച് എന്നോടു ചോദ്യം ചെയ്യാൻ നീ തുനിയുന്നുവോ? ഞാൻ എന്തു ചെയ്യണം എന്നതിനെ സംബന്ധിച്ചു നീ എനിക്ക് ആജ്ഞ നല്‌കുന്നുവോ? 12ഞാൻ ഭൂമിയെയും അതിലുള്ള മനുഷ്യരെയും സൃഷ്‍ടിച്ചു. ആകാശമേലാപ്പു നിവർത്തിയതു ഞാനാണ്. അതിലെ സകല നക്ഷത്രജാലങ്ങൾക്കും ഞാൻ ആജ്ഞ നല്‌കുന്നു. 13എന്റെ ലക്ഷ്യം നിറവേറ്റുന്നതിനും നീതി നടപ്പാക്കുന്നതിനുംവേണ്ടി സൈറസിനെ ഉയർത്തിയിരിക്കുന്നു. അവന്റെ പാതകളെല്ലാം ഞാൻ നേരെയാക്കും. അവൻ എന്റെ നഗരം പണിയുകയും പ്രതിഫലമോ വിലയോ കൂടാതെ എന്റെ പ്രവാസികളെ അടിമത്തത്തിൽനിന്നു മോചിപ്പിക്കുകയും ചെയ്യും.
14സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഈജിപ്തിന്റെ ധനവും എത്യോപ്യയുടെ കച്ചവടച്ചരക്കുകളും നിന്റെയടുക്കൽ എത്തും. അവ നിൻറേതായിത്തീരും. ശെബയിലെ ദീർഘകായന്മാർ നിന്റെ അടിമകളായിത്തീരും. അവർ ചങ്ങലയാൽ ബന്ധിതരായി വന്നു നിന്റെ മുമ്പിൽ തലകുനിച്ചു നില്‌ക്കും. പ്രാർഥനാപൂർവം അവർ പറയും: ദൈവം അങ്ങയുടെകൂടെ മാത്രമേ ഉള്ളൂ. അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ല. 15ഇസ്രായേലിന്റെ ദൈവമേ, രക്ഷകാ, സത്യമായും അവിടുന്നു മറഞ്ഞിരിക്കുന്ന ദൈവമാകുന്നു. വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവർ ലജ്ജിതരായിത്തീരും. 16അവർ എല്ലാവരും പരിഭ്രാന്തരായിത്തീരും. 17സർവേശ്വരൻ ഇസ്രായേലിന് എന്നേക്കും രക്ഷ നല്‌കിയിരിക്കുന്നു. നിങ്ങൾ ഒരുനാളും ലജ്ജിതരോ പരിഭ്രാന്തരോ ആവുകയില്ല.”
18ആകാശത്തെ സൃഷ്‍ടിച്ചവനും ഭൂമിക്കു രൂപം നല്‌കി യഥാസ്ഥാനം ഉറപ്പിച്ചവനും, ഭൂമി ശൂന്യമാകാതെ ആവാസയോഗ്യമാക്കിയവനും ദൈവം ആകുന്നു; അവിടുന്ന് അരുളിച്ചെയ്യുന്നു: “ഞാനാകുന്നു സർവേശ്വരൻ, ഞാനല്ലാതെ മറ്റൊരു ദൈവവും ഇല്ല.” 19ഇരുളടഞ്ഞ സ്ഥലത്തുവച്ച് രഹസ്യമായിട്ടല്ല ഞാൻ സംസാരിച്ചത്. അവ്യക്തതയിൽ എന്നെ അന്വേഷിക്കാൻ യാക്കോബിന്റെ സന്തതിയോടു ഞാൻ ആവശ്യപ്പെട്ടിട്ടില്ല. സർവേശ്വരനായ ഞാൻ പറയുന്നതു സത്യം. യഥാർഥമായതു ഞാൻ പ്രസ്താവിക്കുന്നു.”
20“ജനതകളിൽ ശേഷിച്ചവരേ, നിങ്ങൾ ഒരുമിച്ചുകൂടി അടുത്തുവരുവിൻ. മരവിഗ്രഹം ചുമന്നു നടക്കുകയും രക്ഷിക്കാൻ കഴിയാത്ത ദൈവത്തോടു പ്രാർഥിക്കുകയും ചെയ്യുന്നവർ അജ്ഞരാണ്. 21നിങ്ങളുടെ ന്യായവാദം ഉന്നയിക്കുവിൻ. അവർ ഒത്തുചേർന്ന് ആലോചിക്കട്ടെ. സംഭവിക്കാൻ പോകുന്നതു മുൻകൂട്ടി പറഞ്ഞത് ആര്? സർവേശ്വരനായ ഞാനല്ലേ? ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല. നീതിമാനും രക്ഷകനുമായ ദൈവം ഞാനല്ലാതെ മറ്റാരും അല്ല. 22ഞാൻ യഥാർഥ ദൈവമായതിനാലും ഞാനല്ലാതെ മറ്റൊരു ദൈവമില്ലാത്തതിനാലും ലോകത്തെങ്ങുമുള്ള ജനസമൂഹമേ, നിങ്ങൾ എല്ലാവരും എങ്കലേക്കു തിരിഞ്ഞു രക്ഷപെടുവിൻ. 23ഞാൻ ശപഥം ചെയ്യുന്നു: “ഒരിക്കലും തിരിച്ചെടുക്കപ്പെടാത്ത നീതിപൂർവമായ വാക്കുകൾ എന്നിൽനിന്നു പുറപ്പെടുന്നു. എന്റെ മുമ്പിൽ എല്ലാ മുട്ടുകളും മടങ്ങും, എല്ലാ നാവുകളും എന്റെ നാമത്തിൽ സത്യം ചെയ്യും. 24നീതിയും ബലവും സർവേശ്വരനിൽ മാത്രമെന്ന് എന്നെക്കുറിച്ചു പറയും. എന്നെ വെറുത്തവർ എല്ലാവരും എന്റെ മുമ്പിൽ ലജ്ജിതരാകും. 25ഇസ്രായേലിന്റെ സന്തതികൾ എല്ലാവരും എന്നിൽ വിജയവും മഹത്ത്വവും നേടും.”

Currently Selected:

ISAIA 45: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy