YouVersion Logo
Search Icon

EZEKIELA 26

26
സോരിനെതിരെ പ്രവചനം
1പ്രവാസത്തിന്റെ പതിനൊന്നാം വർഷം മാസത്തിന്റെ ഒന്നാം ദിവസം സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 2“മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ചു സോർ ഇങ്ങനെ പറഞ്ഞു: ആഹാ, ജനപദങ്ങളുടെ വാതിലായിരുന്ന യെരൂശലേം തകർന്നല്ലോ; വാതിൽ എനിക്കുവേണ്ടി തുറക്കപ്പെട്ടിരിക്കുന്നു, അവൾ ശൂന്യമായിത്തീർന്നിരിക്കയാൽ ഞാൻ അഭിവൃദ്ധിപ്പെടും.” 3അതുകൊണ്ടു സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: “അല്ലയോ, സോർദേശമേ, ഞാൻ നിനക്ക് എതിരാണ്. സമുദ്രം തിരമാലകളെ അണിയണിയായി കൊണ്ടുവരുന്നതുപോലെ ഞാൻ അനേകം ജനതകളെ നിനക്കെതിരെ കൊണ്ടുവരും. 4അവർ സോരിന്റെ മതിലുകൾ ഇടിച്ചു നിരത്തും; ഗോപുരങ്ങൾ തകർക്കും; ഞാൻ അതിലെ മണ്ണു മുഴുവൻ വടിച്ചുകോരി അതിനെ വെറുംപാറയാക്കും. 5സമുദ്രമധ്യത്തിൽ വലവിരിച്ച് ഉണക്കാനുള്ള ഒരു സ്ഥലമായി അവൾ തീരും. സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഞാനാണ് ഇതു പറയുന്നത്. അവൾ വിജാതീയർക്ക് ഒരു കൊള്ളമുതലായിത്തീരും. 6വൻകരയിലുള്ള അവളുടെ #26:6 പുത്രിമാർ = വൻകരയിൽ സോരിന്റെ അധീനതയിലുള്ള പട്ടണങ്ങൾ.പുത്രിമാർ വാളിനിരയാകും. അപ്പോൾ ഞാനാകുന്നു സർവേശ്വരനെന്ന് അവർ ഗ്രഹിക്കും.
7സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ സോരിന് എതിരെ വടക്കുനിന്നു രാജാധിരാജനും ബാബിലോൺരാജാവുമായ നെബുഖദ്നേസറിനെ കുതിരകളോടും രഥങ്ങളോടും കുതിരപ്പടയാളികളോടും അനേകം സൈന്യവ്യൂഹങ്ങളോടുംകൂടി കൊണ്ടുവരും. 8വൻകരയിലുള്ള നിന്റെ പുത്രിമാരെ അവൻ വാളുകൊണ്ട് അരിഞ്ഞുവീഴ്ത്തുകയും നിനക്കെതിരെ ഉപരോധമതിൽ നിർമിക്കുകയും ചെയ്യും; കിടങ്ങു കുഴിച്ചു മൺകൂന ഉണ്ടാക്കും; പരിചകൾകൊണ്ടു മറ ഉയർത്തും. 9അവൻ നിന്റെ മതിലുകൾ യന്ത്രമുട്ടികൾ ഉപയോഗിച്ചു തകർക്കും. ഗോപുരങ്ങളെ കോടാലികൊണ്ടു വെട്ടി ഇടിക്കും. 10അവന്റെ അനേകം കുതിരകൾ ഉയർത്തുന്ന പൊടിപടലം നിന്നെ മൂടിക്കളയും. കോട്ട ഇടിഞ്ഞുപോയ പട്ടണത്തിലേക്കു പ്രവേശിക്കുന്നതുപോലെ അവൻ നിന്റെ കവാടങ്ങളിൽകൂടി കടന്നുവരുമ്പോൾ കുതിരപ്പടയുടെയും രഥങ്ങളുടെയും വാഹനങ്ങളുടെയും ശബ്ദഘോഷംകൊണ്ടു നിന്റെ മതിലുകൾ കുലുങ്ങും. 11കുതിരകളുടെ കുളമ്പുകൊണ്ട് അവൻ നിന്റെ തെരുവീഥികളെല്ലാം ചവിട്ടിമെതിക്കും. നിന്റെ ജനത്തെ അവൻ വാളുകൊണ്ടു സംഹരിക്കും. നിന്റെ ഉറപ്പുള്ള തൂണുകൾ നിലംപതിക്കും. 12അവർ നിന്റെ സമ്പത്തു കൊള്ളയടിക്കും. കച്ചവടച്ചരക്കുകൾ കവർച്ച ചെയ്യും. അവർ നിന്റെ മതിലുകൾ ഇടിച്ചുനിരത്തുകയും നിന്റെ പ്രിയങ്കരമായ മണിമന്ദിരങ്ങൾ നശിപ്പിക്കുകയും ചെയ്യും. കല്ലും മണ്ണും തടിയും എല്ലാം അവർ സമുദ്രത്തിലേക്കു വലിച്ചെറിയും. 13നിന്റെ പാട്ടുകളുടെ ഘോഷം ഞാൻ അവസാനിപ്പിക്കും; നിന്റെ വീണ ഇനി നാദം ഉയർത്തുകയില്ല. നിന്നെ ഞാൻ വെറുംപാറയാക്കും. 14വല വിരിച്ചുണക്കാനുള്ള സ്ഥലമായി നീ തീരും. നീ ഒരിക്കലും പുനരുദ്ധരിക്കപ്പെടുകയില്ല. സർവേശ്വരനായ ഞാനാണ് ഇതു പറയുന്നത്.”
15സർവേശ്വരനായ കർത്താവ് വീണ്ടും സോരിനോട് അരുളിച്ചെയ്തു: “നിന്റെ മധ്യേ സംഹാരം നടക്കുകയും മുറിവേറ്റവൻ ഞരങ്ങുകയും ചെയ്യുമ്പോൾ നിന്റെ പതനത്തിന്റെ ശബ്ദത്താൽ തീരപ്രദേശങ്ങൾ നടുങ്ങുകയില്ലേ? 16സമുദ്രതീരത്തെ സകല രാജാക്കന്മാരും തങ്ങളുടെ സിംഹാസനങ്ങൾ വിട്ടു താഴെയിറങ്ങും; അവർ മേലങ്കികൾ മാറ്റി ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾ അഴിച്ചുവയ്‍ക്കും. അവർ വിറപൂണ്ടു നിലത്തിരിക്കുകയും ഓരോ നിമിഷവും നിന്നെയോർത്തു ഞെട്ടി വിറയ്‍ക്കുകയും ചെയ്യും. 17നിന്നെക്കുറിച്ച് ഈ വിലാപഗാനം അവർ പാടും:
പ്രസിദ്ധനഗരമേ, സമുദ്രത്തിൽ പ്രബലയായിരുന്നവളേ!
കീർത്തിയും ശക്തിയും സമുദ്രമധ്യത്തിൽ പരത്തിയ നഗരമേ,
വൻകരയിലുള്ളവർക്കു ഭീതിയുളവാക്കിയ നീയും
നിന്നിൽ നിവസിക്കുന്നവരും
സമുദ്രത്തിൽനിന്ന് എങ്ങനെ ഇല്ലാതെയായി?
18നിന്റെ പതനദിവസം ദ്വീപുകൾ വിറയ്‍ക്കും;
അതേ, സമുദ്രത്തിലെ ദ്വീപുകൾ
നിന്റെ തിരോധാനത്തിൽ പരിഭ്രമിക്കും.
19സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു: കുടിപാർപ്പില്ലാത്ത നഗരങ്ങളെപ്പോലെ ഞാൻ നിന്നെ ശൂന്യമാക്കിത്തീർക്കുമ്പോൾ, ആഴിയെ നിന്റെമേൽ ഒഴുക്കി പെരുവെള്ളത്താൽ നിന്നെ മൂടുമ്പോൾ, 20നിത്യവിനാശത്തിൽ പതിച്ച പൂർവികരുടെകൂടെ ഞാൻ നിന്നെ തള്ളും, നിന്നിൽ ആരും നിവസിക്കാതിരിക്കാനും ജീവനുള്ളവരുടെ ദേശത്തു നിനക്കു സ്ഥലം ലഭിക്കാതിരിക്കാനുമായി പാതാളത്തിൽ വസിക്കുന്നവരോടുകൂടി പുരാതനാവശിഷ്ടങ്ങൾക്കിടയിൽ അധോലോകത്തു ഞാൻ നിന്നെ പാർപ്പിക്കും. 21നിനക്കു ഭീതിദമായ അവസാനം ഞാൻ വരുത്തും. നീ ഇനിമേൽ ഉണ്ടായിരിക്കുകയില്ല; അന്വേഷിച്ചാൽ ആരും നിന്നെ കണ്ടെത്തുകയുമില്ല; സർവേശ്വരനായ കർത്താവ് അരുളിച്ചെയ്യുന്നു.”

Currently Selected:

EZEKIELA 26: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy