YouVersion Logo
Search Icon

DEUTERONOMY മുഖവുര

മുഖവുര
മരുഭൂമിയിലൂടെയുള്ള നാല്പതു വർഷത്തെ പ്രയാണത്തിനുശേഷം ഇസ്രായേൽജനം മോവാബുദേശത്ത് എത്തി; അവിടെവച്ച് മോശ അവരോടു നടത്തിയ പ്രഭാഷണങ്ങളാണ് ആവർത്തനപുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം.
ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ചില പ്രധാന കാര്യങ്ങൾ ഇവയാണ്.
1) കഴിഞ്ഞ നാല്പതു വർഷത്തെ മുഖ്യസംഭവങ്ങൾ മോശ അനുസ്മരിക്കുന്നു. ദൈവം തങ്ങളെ എങ്ങനെ പരിപാലിച്ചെന്ന് ഓർത്ത് അവിടുത്തെ അനുസരിക്കുകയും അവിടുത്തോടു കൂറുപുലർത്തുകയും വേണമെന്നു ജനത്തെ ഉദ്ബോധിപ്പിക്കുന്നു.
2) പത്തു കല്പനകൾ മോശ പുനരവലോകനം ചെയ്തിട്ട് ഏകദൈവഭക്തിക്ക് പരമ പ്രാധാന്യം കല്പിക്കുന്നു. വാഗ്ദത്തനാട്ടിൽ വാസമുറപ്പിക്കുമ്പോൾ ഇസ്രായേൽജനത ജീവിതത്തിൽ പാലിക്കേണ്ട പ്രമാണങ്ങളിലേക്ക് അദ്ദേഹം അവരുടെ ശ്രദ്ധ ക്ഷണിക്കുകയും ചെയ്യുന്നു.
3) ദൈവവും ഇസ്രായേലുമായുള്ള ഉടമ്പടിയുടെ അർഥം അവരെ ഓർമിപ്പിക്കുന്നു; അതു പാലിക്കാനായി പുനഃസമർപ്പണം ചെയ്യാൻ ജനത്തെ ആഹ്വാനം ചെയ്യുന്നു.
4) മോശയ്‍ക്കുശേഷം ദൈവജനത്തെ നയിക്കാൻ യോശുവ നിയോഗിക്കപ്പെടുന്നു. ദൈവത്തിന്റെ വിശ്വസനീയതയെ വാഴ്ത്തിപ്പാടുകയും ഇസ്രായേൽജനതയെ അനുഗ്രഹിക്കുകയും ചെയ്തിട്ട് മോശ മോവാബിൽവച്ചുതന്നെ അന്തരിക്കുന്നു.
ദൈവം സ്നേഹിക്കുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ രക്ഷിച്ച് അനുഗ്രഹിച്ചിരിക്കുന്നു; അതിനാൽ യഥാർഥ ജീവനും അനുസ്യൂതമായ അനുഗ്രഹത്തിനുംവേണ്ടി അവർ അതു സ്മരിച്ച് അവിടുത്തെ ഭക്തിപൂർവം അനുസരിക്കണം; ഇതാണ് ഈ പുസ്തകത്തിലെ പ്രധാന പ്രമേയം. “നിങ്ങളുടെ ദൈവമായ സർവേശ്വരനെ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ ശക്തിയോടും സ്നേഹിക്കണം” എന്നതാണ് ഈ ഗ്രന്ഥത്തിലെ മർമപ്രധാനമായ വാക്യം. എല്ലാ കല്പനകളിലും പ്രധാനപ്പെട്ടതെന്നു യേശു ഇതിനെക്കുറിച്ച് അരുളിച്ചെയ്തിട്ടുണ്ടല്ലോ.
പ്രതിപാദ്യക്രമം
മോശയുടെ ഒന്നാം പ്രഭാഷണം 1:1-4:49
മോശയുടെ രണ്ടാം പ്രഭാഷണം 5:1-26:19
a) പത്തു കല്പനകൾ 5:1-10:22
b) നിയമങ്ങൾ, ചട്ടങ്ങൾ, മുന്നറിയിപ്പുകൾ 11:1-26:19
കനാനിലേക്കുള്ള പ്രവേശനത്തിനു നിർദ്ദേശങ്ങൾ 27:1-28:68
ഉടമ്പടി പുതുക്കുന്നു 29:1-30:20
മോശയുടെ അന്ത്യവചനങ്ങൾ 31:1-33:29
മോശയുടെ മരണം 34:1-12

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy