YouVersion Logo
Search Icon

DEUTERONOMY 32

32
മോശയുടെ ഗാനം
1ആകാശമേ, ചെവി തരൂ; ഞാൻ സംസാരിക്കട്ടെ.
ഭൂതലമേ, എന്റെ വാക്കുകൾ ശ്രദ്ധിക്കൂ;
2എന്റെ ഉപദേശം മഴപോലെ പൊഴിയട്ടെ.
എന്റെ വാക്കുകൾ മഞ്ഞുതുള്ളികൾപോലെ തൂകട്ടെ.
അവ ഇളംപുല്ലിൽ മൃദുമാരിയായി ചാറട്ടെ
സസ്യങ്ങളിൽ മഴയായി പെയ്യട്ടെ.
3ഞാൻ സർവേശ്വരനാമം ഉദ്ഘോഷിക്കും;
നമ്മുടെ ദൈവത്തിന്റെ മഹത്ത്വം പ്രകീർത്തിക്കുവിൻ.
4അവിടുന്നു നമ്മുടെ അഭയശില;
അവിടുത്തെ പ്രവൃത്തികൾ അന്യൂനവും
അവിടുത്തെ വഴികൾ നീതിയുക്തവുമാകുന്നു.
അവിടുന്നു വിശ്വസ്തനും കുറ്റമറ്റവനുമാണ്
അവിടുന്നു നീതിനിഷ്ഠനും നേരുള്ളവനുമാണ്.
5അവർ അവിടുത്തോടു തിന്മ കാട്ടി,
അവരുടെ കളങ്കംമൂലം അവർ ഇനി അവിടുത്തെ മക്കളല്ല;
അവർ ദുഷ്ടതയും വക്രതയുമുള്ള തലമുറ;
6മൂഢരേ, വിവേകശൂന്യരേ,
ഇതോ സർവേശ്വരനുള്ള പ്രതിഫലം.
അവിടുന്നാണല്ലോ നിങ്ങളുടെ പിതാവ്
നിങ്ങളുടെ സ്രഷ്ടാവും അവിടുന്നു തന്നെ.
അവിടുന്നാണല്ലോ നിങ്ങളെ നിർമ്മിച്ചതും പരിപാലിക്കുന്നതും.
7കഴിഞ്ഞുപോയ കാലം ഓർക്കുക;
കഴിഞ്ഞുപോയ തലമുറകളുടെ കാലം സ്മരിക്കുക;
നിങ്ങളുടെ പിതാക്കന്മാരോടു ചോദിക്കുക;
അവർ സകലവും പറഞ്ഞുതരും.
വൃദ്ധന്മാരോടു ചോദിക്കുക; അവർ വിവരിച്ചുതരും.
8അത്യുന്നതൻ ജനതകൾക്ക്
അവകാശം നല്‌കിയപ്പോൾ,
മാനവരാശിയെ വിഭജിച്ചപ്പോൾ,
ഇസ്രായേൽജനത്തിന്റെ എണ്ണത്തിനൊത്ത വിധം
അവിടുന്നു ജനതകൾക്ക് അതിർത്തി നിർണയിച്ചു
9സർവേശ്വരന്റെ ഓഹരിയാണ് അവിടുത്തെ ജനം
യാക്കോബിന്റെ സന്തതികൾ അവിടുത്തേക്കു വേർതിരിച്ച അവകാശമാണ്.
10മരുഭൂമിയിൽ അവിടുന്ന് അവരെ കണ്ടെത്തി;
വിജനത ഓലിയിടുന്ന മരുഭൂമിയിൽ തന്നെ.
അവിടുന്ന് അവരെ കരവലയത്തിലാക്കി സംരക്ഷിച്ചു
കണ്മണിപോലെ കാത്തുസൂക്ഷിച്ചു.
11കൂട് ഇളക്കിവിട്ടു കുഞ്ഞുങ്ങളുടെ മീതെ പറക്കുകയും,
ചിറകിൽ അവയെ വഹിക്കുകയും ചെയ്യുന്ന കഴുകനെപ്പോലെ
12സർവേശ്വരൻതന്നെ അവരെ നയിച്ചു;
അന്യദേവന്മാർ അവരുടെ കൂടെ ഉണ്ടായിരുന്നില്ല.
13ഭൂമിയിലെ ഉന്നത തലങ്ങളിൽകൂടി അവിടുന്ന് അവരെ വഴിനടത്തി;
വയലിലെ വിളവുകൾ അവർ ഭക്ഷിച്ചു;
അവിടുന്നു പാറയിൽനിന്നു തേനും
കരിങ്കല്ലിൽനിന്ന് എണ്ണയും അവർക്കു നല്‌കി.
14ആടുകളിൽനിന്ന് പാലും
പശുക്കളിൽനിന്ന് തൈരും അവർക്കു നല്‌കി.
ബാശാനിലെ മാടുകളുടെയും കോലാടുകളുടെയും മേദസ്സും
മേൽത്തരമായ കോതമ്പും നിങ്ങൾക്കു നല്‌കി.
മികച്ച മുന്തിരിച്ചാറിന്റെ വീഞ്ഞ് നിങ്ങളെ കുടിപ്പിക്കുകയും ചെയ്തു
15 # 32:15 യെശൂരൂൻ = ഇസ്രായേൽ യെശൂരൂൻ കൊഴുത്തു തടിച്ചു; അവൻ മത്സരിച്ച് കാൽ കുടഞ്ഞു
അവൻ തടിച്ചു കൊഴുത്തു മിനുങ്ങി
അവൻ തന്റെ സ്രഷ്ടാവായ ദൈവത്തെ പരിത്യജിച്ചു;
രക്ഷയുടെ പാറയെ പുച്ഛിച്ചുതള്ളി;
16അന്യദേവന്മാരെ ആരാധിച്ചു
സർവേശ്വരനെ അസഹിഷ്ണുവാക്കി;
നിന്ദ്യകർമങ്ങളാൽ അവർ അവിടുത്തെ പ്രകോപിപ്പിച്ചു.
17ദൈവമല്ലാത്ത ദുർഭൂതങ്ങൾക്ക് അവർ യാഗം അർപ്പിച്ചു.
അവർ അറിയുകയോ അവരുടെ പിതാക്കന്മാർ
ആരാധിക്കുകയോ ചെയ്തിട്ടില്ലാത്ത പുതുദേവന്മാരാണിവർ.
18അവർക്കു ജന്മം നല്‌കിയ സർവശക്തനെ അവർ അവഗണിച്ചു
അവർക്കു രൂപം നല്‌കിയ ദൈവത്തെ അവർ മറന്നു.
19സർവേശ്വരൻ അതു കണ്ടു;
അവരുടെ പുത്രീപുത്രന്മാരുടെ പ്രകോപനം നിമിത്തം അവരെ വെറുത്തു.
20അവിടുന്ന് അരുളിച്ചെയ്തു:
ഞാൻ അവരിൽനിന്ന് എന്റെ മുഖം മറയ്‍ക്കും.
അവരുടെ അന്ത്യം എങ്ങനെ എന്നു ഞാൻ കാണും.
അവർ അവിശ്വസ്തരാണ്; നേരില്ലാത്ത ഒരു തലമുറയാണ്.
21ദൈവമല്ലാത്തവയെക്കൊണ്ട്
അവർ എന്നെ അസഹിഷ്ണുവാക്കി;
മിഥ്യാമൂർത്തികളാൽ എന്നെ പ്രകോപിപ്പിച്ചു
അതിനാൽ ജനതയല്ലാത്തവരെക്കൊണ്ട്
ഞാൻ അവരെ അസൂയപ്പെടുത്തും.
മൂഢരായ ഒരു ജനതയെക്കൊണ്ട്
ഞാൻ അവരെ പ്രകോപിപ്പിക്കും.
22എന്റെ കോപത്താൽ അഗ്നി ജ്വലിച്ചിരിക്കുന്നു;
പാതാളത്തിന്റെ അടിത്തട്ടുവരെ അതു കത്തിയിറങ്ങും.
ഭൂമിയെയും അതിലെ വിളവുകളെയും അതു വിഴുങ്ങും;
പർവതങ്ങളുടെ അടിത്തറകളെ അതു ചാമ്പലാക്കും.
23ഞാൻ അവരുടെമേൽ അനർഥങ്ങൾ കുന്നുകൂട്ടും;
എന്റെ അസ്ത്രങ്ങൾ അവരുടെ നേരെ അയയ്‍ക്കും.
24വിശപ്പുകൊണ്ട് അവർ മരിക്കും;
ദഹിപ്പിക്കുന്ന ചൂടും വിഷജ്വരവും അവരെ ഗ്രസിക്കും.
വന്യമൃഗങ്ങളെയും വിഷസർപ്പങ്ങളെയും
ഞാൻ അവരുടെനേരേ അയയ്‍ക്കും
25പുറത്തു വാളും ഉള്ളിൽ ഭീകരതയും നിറഞ്ഞിരിക്കും.
യുവാക്കന്മാരും യുവതികളും
മുലകുടിക്കുന്ന കുഞ്ഞുങ്ങളും വൃദ്ധന്മാരും നശിക്കും.
26ഞാൻ ഇങ്ങനെ പറയുമായിരുന്നു:
“വിദൂരതയിലേക്ക് അവരെ ചിതറിക്കും;
ജനതകളിൽനിന്ന് അവരെക്കുറിച്ചുള്ള
സ്മരണപോലും ഇല്ലാതെയാക്കും.”
27എന്നാൽ ശത്രുക്കൾ പ്രകോപിതരാവുകയും തെറ്റിദ്ധാരണ പൂണ്ട്
“ഞങ്ങളുടെ കരങ്ങൾ ജയിച്ചിരിക്കുന്നു
സർവേശ്വരനല്ല ഇതെല്ലാം ചെയ്തത്” എന്നു പറയുകയും ചെയ്തെങ്കിലോ എന്നു ഞാൻ ഭയപ്പെടുന്നു.
28ഇസ്രായേൽ വിവേകമില്ലാത്ത ജനതയാകുന്നു;
അവർക്കു ഗ്രഹണശക്തി അല്പംപോലുമില്ല.
29വിവേകികളെങ്കിൽ അവരിതു മനസ്സിലാക്കുമായിരുന്നു.
തങ്ങളുടെ അന്ത്യത്തെപ്പറ്റി ചിന്തിക്കുമായിരുന്നു.
30അവരുടെ പാറയായ ദൈവം അവരെ വിറ്റുകളയുകയും
സർവേശ്വരൻ അവരെ ഉപേക്ഷിക്കുകയും ചെയ്തില്ലായിരുന്നെങ്കിൽ
എങ്ങനെ ഒരാൾ ആയിരം പേരെ പിന്തുടരുമായിരുന്നു?
എങ്ങനെ രണ്ടു പേർ പതിനായിരം പേരെ തുരത്തുമായിരുന്നു
31അവരുടെ ദേവന്മാർ നമ്മുടെ ദൈവത്തെപ്പോലെയല്ല
നമ്മുടെ ശത്രുക്കൾപോലും അതു സമ്മതിക്കും.
32അവരുടെ മുന്തിരി സൊദോമിലെയും
ഗൊമോറായിലെയും വയലുകളിൽ വളരുന്നു.
അവയുടെ ഫലങ്ങൾ വിഷമയമാണ് കുലകൾ കയ്പേറിയവയും.
33അവരുടെ വീഞ്ഞ് സർപ്പവിഷമാണ്,
വിഷപ്പാമ്പിന്റെ ഉഗ്രവിഷം!
34ഇവയെല്ലാം ഞാൻ ഭദ്രമായി സൂക്ഷിച്ചിരിക്കുകയല്ലേ?
എന്റെ അറകളിൽ മുദ്രവച്ചു സൂക്ഷിച്ചിരിക്കുകയല്ലേ?
35പ്രതികാരം എൻറേതാണ്
യഥാകാലം ഞാൻ പ്രതികാരം ചെയ്യും.
അവരുടെ കാലുകൾ വഴുതും
അവരുടെ വിനാശകാലം ആസന്നം.
അവരുടെ അന്ത്യം അടുത്തിരിക്കുന്നു.
36അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു
അവർ ദുർബലരും നിസ്സഹായരും ആണെന്നു കാണുമ്പോൾ
സർവേശ്വരൻ തന്റെ ജനത്തോടു നീതി കാട്ടും
തന്റെ ദാസരോടു കരുണ കാണിക്കും.
37അപ്പോൾ അവിടുന്നു ചോദിക്കും:
“അവരുടെ ദേവന്മാർ എവിടെ?
അവർ അഭയംപ്രാപിച്ച പാറ എവിടെ?
38അവർ അർപ്പിച്ച യാഗവസ്തുക്കളുടെ മേദസ്സും
പാനീയബലികളുടെ വീഞ്ഞും കുടിച്ച ദേവന്മാർ എവിടെ?”
അവർ നിങ്ങളെ സഹായിക്കട്ടെ;
അവർ നിങ്ങളെ രക്ഷിക്കട്ടെ.
39ഇതാ ഞാൻ, ഞാൻ മാത്രം ദൈവം;
ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല
കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാനാണ്;
മുറിവുണ്ടാക്കുന്നതും, സുഖപ്പെടുത്തുന്നതും ഞാൻ തന്നെയാണ്;
എന്റെ കൈയിൽനിന്ന് ആരും നിങ്ങളെ വിടുവിക്കയില്ല.
40ഞാനാണു നിത്യനായ ദൈവം എന്നു
കരം ഉയർത്തി ഞാൻ പ്രഖ്യാപിക്കുന്നു.
41എന്റെ മിന്നുന്ന വാളിനു മൂർച്ചകൂട്ടി
ന്യായം നടത്താൻ തുടങ്ങുമ്പോൾ
എന്റെ ശത്രുക്കളോടു ഞാൻ പ്രതികാരം ചെയ്യും;
എന്നെ ദ്വേഷിക്കുന്നവരോടു പകരം വീട്ടും.
42എന്റെ അമ്പുകൾ രക്തം കുടിച്ചു ലഹരിപിടിക്കും.
എന്റെ വാൾ മാംസം വിഴുങ്ങും;
മുറിവേറ്റവരുടെയും തടവുകാരുടെയും രക്തം,
ശത്രുക്കളുടെ തലയിൽനിന്ന് ഒഴുകുന്ന രക്തം.
43ജനതകളേ, സർവേശ്വരന്റെ ജനത്തെ പുകഴ്ത്തുക;
തന്റെ ദാസന്മാരുടെ രക്തത്തിന് അവിടുന്നു പകരം ചോദിക്കും.
തന്റെ ശത്രുക്കളോട് അവിടുന്നു പ്രതികാരം ചെയ്യും;
തന്റെ ജനത്തിന്റെയും ദേശത്തിന്റെയും പാപം അവിടുന്ന് ക്ഷമിക്കും.
44ഇസ്രായേൽജനമെല്ലാം കേൾക്കത്തക്കവിധം മോശയും നൂനിന്റെ മകനായ യോശുവയും കൂടി ഈ പാട്ടു പാടി.
മോശയുടെ അന്ത്യോപദേശങ്ങൾ
45ഈ വാക്കുകളെല്ലാം ജനത്തോടു പറഞ്ഞുതീർന്നശേഷം മോശ തുടർന്നു പറഞ്ഞു: 46“ഞാൻ ഇന്നു നിങ്ങളോടു കല്പിച്ച എല്ലാ വചനങ്ങളും ഹൃദയത്തിൽ സംഗ്രഹിക്കുക; ദൈവത്തിന്റെ ധർമശാസ്ത്രത്തിലെ കല്പനകളെല്ലാം വിശ്വസ്തതയോടുകൂടി അനുസരിച്ചു ജീവിക്കാൻ വേണ്ടി നിങ്ങളുടെ സന്താനങ്ങളോടും അവയെല്ലാം പറയുക. 47എന്തെന്നാൽ ഇവ നിരർഥകമായ വചനങ്ങൾ അല്ല. അവ നിങ്ങളുടെ ജീവൻതന്നെ ആകുന്നു; അവ അനുസരിച്ചാൽ യോർദ്ദാൻനദിക്കക്കരെ നിങ്ങൾ കൈവശപ്പെടുത്താൻ പോകുന്ന ദേശത്തു നിങ്ങൾ ദീർഘകാലം ജീവിച്ചിരിക്കും.”
48അന്നുതന്നെ സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 49“യെരീഹോവിനെതിരെ, മോവാബുദേശത്തുള്ള അബാരീംപർവതനിരയിലെ നെബോമലമുകളിലേക്കു കയറിപ്പോകുക. ഞാൻ ഇസ്രായേൽജനത്തിന് അവകാശമായി കൊടുക്കുന്ന കനാൻദേശം അവിടെ നിന്നു കാണുക; 50ഹോർപർവതത്തിൽവച്ചു നിന്റെ സഹോദരനായ അഹരോൻ മരിച്ചു സ്വജനത്തോടു ചേർന്നതുപോലെ ആ മലയിൽവച്ചു നീയും മരിക്കും. 51നിങ്ങൾ രണ്ടുപേരും സീൻമരുഭൂമിയിലുള്ള കാദേശിലെ മെരീബാ ജലാശയത്തിനരികിൽവച്ച് ഇസ്രായേൽജനത്തിന്റെ സാന്നിധ്യത്തിൽ എന്റെ പരിശുദ്ധിക്കു സാക്ഷ്യം വഹിക്കാതെ എന്നോട് അവിശ്വസ്തത കാട്ടി; 52അതുകൊണ്ട് നിന്റെ മുമ്പിലുള്ള ദേശം കാണുക; എന്നാൽ ഇസ്രായേൽജനത്തിനു ഞാൻ കൊടുക്കുന്ന ദേശത്തു നീ പ്രവേശിക്കുകയില്ല.

Currently Selected:

DEUTERONOMY 32: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy