YouVersion Logo
Search Icon

DEUTERONOMY 31

31
മോശയുടെ പിൻഗാമി
1മോശ തുടർന്ന് ഇസ്രായേൽജനത്തോട് ഇങ്ങനെ പറഞ്ഞു: 2“എനിക്ക് ഇപ്പോൾ നൂറ്റിഇരുപതു വയസ്സായി; നിങ്ങളെ നയിക്കാനുള്ള ശക്തി എനിക്കില്ല. മാത്രമല്ല, യോർദ്ദാൻനദി ഞാൻ കടക്കുകയില്ലെന്ന് സർവേശ്വരൻ എന്നോട് അരുളിച്ചെയ്തിട്ടുമുണ്ട്. 3നിങ്ങളുടെ ദൈവമായ സർവ്വേശ്വരൻതന്നെ നിങ്ങളെ നയിക്കും. അവിടെയുള്ള ജനതകളെ നിങ്ങളുടെ മുമ്പിൽനിന്ന് അവിടുന്നു നശിപ്പിക്കും. അങ്ങനെ ആ ദേശം നിങ്ങൾ കൈവശമാക്കും; അവിടുന്നു കല്പിച്ചതുപോലെ യോശുവ നിങ്ങളെ നയിക്കും; 4അമോര്യരാജാക്കന്മാരായ സീഹോനെയും ഓഗിനെയും അവരുടെ ദേശത്തെയും നശിപ്പിച്ചതുപോലെ സർവേശ്വരൻ ഈ ജനതകളെയും നശിപ്പിക്കും. 5അവിടുന്ന് അവരെ നിങ്ങളുടെ കൈയിൽ ഏല്പിക്കും. അപ്പോൾ ഞാൻ നിങ്ങളോടു കല്പിച്ചതുപോലെ അവരോടു പ്രവർത്തിക്കണം. 6ശക്തരും ധീരരും ആയിരിക്കുക; അവരെ ഭയപ്പെടരുത്; അവരെ കണ്ട് പരിഭ്രമിക്കയുമരുത്; നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളുടെ കൂടെയുണ്ട്; അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയില്ല, ഉപേക്ഷിക്കുകയുമില്ല. 7സർവ ഇസ്രായേല്യരുടെയും മുമ്പാകെ യോശുവയെ കൊണ്ടുവന്നു നിർത്തിയിട്ട് മോശ പറഞ്ഞു: “ശക്തനും ധീരനും ആയിരിക്കുക; സർവേശ്വരൻ ഈ ജനത്തിനു നല്‌കുമെന്ന് ഇവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്ന ദേശം കൈവശമാക്കുവാൻ നീ അവരെ നയിക്കണം. 8അവിടുന്നാണ് നിന്റെ മുമ്പിൽ പോകുന്നത്; അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ നിരാശപ്പെടുത്തുകയില്ല; ഉപേക്ഷിക്കുകയുമില്ല. അതുകൊണ്ട് ഭയപ്പെടുകയോ പതറുകയോ വേണ്ട.”
ധർമശാസ്ത്ര പാരായണം
9മോശ ഈ ധർമശാസ്ത്രം എഴുതി, സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന ലേവ്യപുരോഹിതന്മാരെയും ഇസ്രായേൽനേതാക്കളെയും ഏല്പിച്ചു; 10മോശ അവരോടു പറഞ്ഞു: “വിമോചനവർഷമായ ഓരോ ഏഴാം വർഷത്തിലും കൂടാരപ്പെരുന്നാൾ ആചരിക്കാൻ 11സർവേശ്വരൻ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് തിരുസാന്നിധ്യത്തിൽ ഇസ്രായേൽജനം സമ്മേളിക്കുമ്പോൾ നിങ്ങൾ ഈ ധർമശാസ്ത്രം എല്ലാവരും കേൾക്കത്തക്കവിധം വായിക്കണം. 12സകല പുരുഷന്മാരെയും സ്‍ത്രീകളെയും കുട്ടികളെയും നിങ്ങളുടെ പട്ടണങ്ങളിൽ പാർക്കുന്ന പരദേശികളെയും വിളിച്ചുകൂട്ടണം. എല്ലാവരും ഇതുകേട്ട് നിങ്ങളുടെ ദൈവമായ സർവേശ്വരനെ ഭയപ്പെടുവാൻ പഠിക്കേണ്ടതിനും ഈ ധർമശാസ്ത്രത്തിലെ കല്പനകൾ ശ്രദ്ധയോടെ പാലിക്കേണ്ടതിനും ഇടയാകട്ടെ. 13അങ്ങനെ നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ ധർമശാസ്ത്രം ഒരിക്കലും കേട്ടിട്ടില്ലാത്ത നിങ്ങളുടെ സന്താനങ്ങളും കേൾക്കാൻ ഇടയാകും. യോർദ്ദാൻ കടന്നു നിങ്ങൾ കൈവശമാക്കുവാൻ പോകുന്ന ദേശത്തു പാർക്കുന്നിടത്തോളം കാലം നിങ്ങളുടെ ദൈവമായ സർവേശ്വരനെ അവർ ഭയപ്പെടാൻ പഠിക്കേണ്ടതിനും ഇടയാകട്ടെ.”
അന്ത്യനിർദ്ദേശങ്ങൾ
14സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “നിന്റെ മരണദിവസം അടുത്തിരിക്കുന്നു; എന്റെ നിർദ്ദേശങ്ങൾ യോശുവയ്‍ക്കു നല്‌കാൻവേണ്ടി അവനെയും കൂട്ടി തിരുസാന്നിധ്യകൂടാരത്തിൽ വരിക. അങ്ങനെ മോശയും യോശുവയും തിരുസാന്നിധ്യകൂടാരത്തിൽ സന്നിഹിതരായി. 15അപ്പോൾ സർവേശ്വരൻ കൂടാരത്തിൽ മേഘസ്തംഭത്തിന്മേൽ അവർക്കു പ്രത്യക്ഷനായി. മേഘസ്തംഭം കൂടാരവാതില്‌ക്കൽ നിന്നു. 16അവിടുന്നു മോശയോട് അരുളിച്ചെയ്തു: നീ മരണമടഞ്ഞു നിന്റെ പൂർവപിതാക്കന്മാരോടു ചേരാനുള്ള സമയം ആയിരിക്കുന്നു. ഈ ജനം തങ്ങൾ പാർക്കാൻ പോകുന്ന ദേശത്തിലെ അന്യദേവന്മാരുടെ പിന്നാലെ ചെന്ന് എന്നോട് അവിശ്വസ്തമായി പെരുമാറുകയും എന്നെ ഉപേക്ഷിക്കുകയും ചെയ്യും. അങ്ങനെ ഞാൻ അവരോട് ചെയ്ത ഉടമ്പടി അവർ ലംഘിക്കും. 17അപ്പോൾ എന്റെ കോപം അവരുടെ നേരേ കത്തിജ്വലിക്കും; ഞാൻ അവരെ കൈവിടും; എന്റെ മുഖം അവരിൽനിന്നു മറയ്‍ക്കും, അവർ നശിക്കും; അവർക്കു അനർഥങ്ങളും കഷ്ടതകളും ധാരാളം ഉണ്ടാകും; ‘നമ്മുടെ ദൈവം നമ്മോടുകൂടെ ഇല്ലാത്തതുകൊണ്ടാണ് ഈ അനർഥങ്ങളെല്ലാം’ എന്ന് അവർ അപ്പോൾ പറയും. 18എന്നാൽ അവർ അന്യദേവന്മാരിലേക്കു തിരിഞ്ഞു ചെയ്തുപോയ തിന്മകൾ നിമിത്തം ഞാൻ എന്റെ മുഖം അന്ന് അവരിൽനിന്നു മറയ്‍ക്കും. 19അതുകൊണ്ട് ഈ ഗാനം എഴുതി എടുത്ത് ഇസ്രായേൽജനത്തെ പഠിപ്പിക്കുക; അത് അവർക്കെതിരെയുള്ള സാക്ഷ്യമായിരിക്കും. 20അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു ഞാൻ അവരെ നയിക്കും; അവിടെ അവർ തൃപ്തിയാകുവോളം ഭക്ഷിക്കുകയും തടിച്ചുകൊഴുക്കുകയും ചെയ്യുമ്പോൾ അവർ അന്യദേവന്മാരിലേക്കു തിരിഞ്ഞ് അവരെ സേവിക്കും. അവർ എന്നെ ഉപേക്ഷിക്കും; 21എന്റെ ഉടമ്പടി ലംഘിക്കും. എന്നാൽ പല അനർഥങ്ങളും കഷ്ടതകളും അവർക്കു സംഭവിക്കുമ്പോൾ ഈ ഗാനം അവർക്കു എതിരെ സാക്ഷ്യമായിരിക്കും. മറന്നുപോകാതെ അവരുടെ സന്തതികളുടെ നാവിൽ അതു നിലകൊള്ളും; അവർക്ക് നല്‌കുമെന്നു വാഗ്ദാനം ചെയ്ത ദേശത്ത് അവരെ എത്തിക്കുന്നതിനു മുമ്പുതന്നെ അവരുടെ അന്തർഗതം ഞാൻ അറിയുന്നു. 22മോശ അന്നുതന്നെ ഈ ഗാനം എഴുതി ഇസ്രായേൽജനത്തെ പഠിപ്പിച്ചു. 23പിന്നീട് സർവേശ്വരൻ നൂനിന്റെ മകനായ യോശുവയോടു പറഞ്ഞു: ശക്തിയും ധൈര്യവും ഉള്ളവനായിരിക്കുക. ഞാൻ വാഗ്ദാനം ചെയ്ത ദേശത്തേക്കു നീ ഇസ്രായേൽജനത്തെ നയിക്കും; ഞാൻ നിന്നോടൊത്തുണ്ടായിരിക്കും.
24മോശ ധർമശാസ്ത്രത്തിലെ വചനങ്ങൾ മുഴുവനും ഒരു പുസ്തകത്തിൽ എഴുതി. 25പിന്നീട് അവിടുത്തെ ഉടമ്പടിപ്പെട്ടകം വഹിക്കുന്ന ലേവ്യപുരോഹിതന്മാരോടു മോശ പറഞ്ഞു: 26ഈ ധർമശാസ്ത്രഗ്രന്ഥം നിങ്ങളുടെ ദൈവമായ സർവേശ്വരന്റെ ഉടമ്പടിപ്പെട്ടകത്തിനടുത്തു വയ്‍ക്കുക; അത് നിങ്ങൾക്ക് എതിരെയുള്ള സാക്ഷ്യമായിരിക്കട്ടെ. 27നിങ്ങൾ എത്രമാത്രം ദുശ്ശാഠ്യക്കാരും അനുസരണമില്ലാത്തവരുമാണെന്ന് എനിക്ക് അറിയാം; ഞാൻ നിങ്ങളുടെകൂടെ ജീവിച്ചിരുന്നപ്പോൾത്തന്നെ നിങ്ങൾ സർവേശ്വരനോടു മത്സരിക്കുന്നവരായിരുന്നു. എന്റെ മരണശേഷം എത്ര അധികമായി നിങ്ങൾ അവിടുത്തോടു മത്സരിക്കും? 28നിങ്ങളുടെ സകല ഗോത്രനേതാക്കളെയും അധിപതികളെയും എന്റെ അടുക്കൽ വിളിച്ചുകൂട്ടുക. ഇവയെല്ലാം ഞാൻ അവരോടു നേരിട്ടു പറയട്ടെ; അവർക്കെതിരെ ആകാശവും ഭൂമിയും സാക്ഷ്യം വഹിക്കട്ടെ. 29എന്റെ മരണശേഷം അധർമികളായിത്തീർന്നു ഞാൻ കല്പിച്ച മാർഗത്തിൽനിന്നു നിങ്ങൾ വ്യതിചലിക്കുമെന്ന് എനിക്കറിയാം. സർവേശ്വരന്റെ മുമ്പിൽ തിന്മ പ്രവർത്തിക്കുകയും നിങ്ങളുടെ പ്രവൃത്തികളാൽ അവിടുത്തെ പ്രകോപിപ്പിക്കുകയും ചെയ്യും. തൽഫലമായി വരുംകാലങ്ങളിൽ നിങ്ങൾക്ക് അനർഥങ്ങളുണ്ടാകും.
30മോശ ഇസ്രായേൽജനത്തെ ഈ ഗാനം ചൊല്ലി കേൾപ്പിച്ചു.

Currently Selected:

DEUTERONOMY 31: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy