ആവര്‍ത്തനപുസ്തകം 23
MALCL-BSI
23
ദൈവജനത്തിൽനിന്നുള്ള ബഹിഷ്കരണം
1വൃഷണങ്ങൾ ഉടയ്‍ക്കപ്പെടുകയോ ലിംഗം ഛേദിക്കപ്പെടുകയോ ചെയ്തിട്ടുള്ള ഒരുവനും സർവേശ്വരന്‍റെ സഭയിൽ പ്രവേശിക്കരുത്.
2ജാരസന്തതി അവിടുത്തെ സഭയിൽ പ്രവേശിച്ചുകൂടാ; അവന്‍റെ പത്താം തലമുറവരെയുള്ളവരും സർവേശ്വരന്‍റെ സഭയിൽ പ്രവേശിക്കരുത്.
3ഒരു അമ്മോന്യനോ മോവാബ്യനോ സർവേശ്വരന്‍റെ സഭയിൽ പ്രവേശിക്കരുത്; അവന്‍റെ പത്താം തലമുറവരെയുള്ളവരും സർവേശ്വരന്‍റെ സഭയിൽ പ്രവേശിക്കാന്‍ ഇടയാകരുത്; 4നിങ്ങൾ ഈജിപ്തിൽനിന്നു പോരുമ്പോൾ അവർ വഴിയിൽവച്ചു നിങ്ങൾക്ക് അപ്പവും വെള്ളവും നല്‌കിയില്ല; മാത്രമല്ല, നിങ്ങളെ ശപിക്കാന്‍ മെസൊപൊത്താമ്യയിലെ പെഥോർ പട്ടണത്തിലുള്ള ബെയോരിന്‍റെ പുത്രന്‍ ബിലെയാമിനെ കൂലി കൊടുത്തു വരുത്തുകയും ചെയ്തു. 5എന്നാൽ നിങ്ങളുടെ ദൈവമായ സർവേശ്വരന്‍ ബിലെയാമിന്‍റെ വാക്കുകൾ കേട്ടില്ല. മാത്രമല്ല, നിങ്ങളെ അവിടുന്നു സ്നേഹിച്ചതിനാൽ അവന്‍റെ ശാപം നിങ്ങൾക്ക് അനുഗ്രഹമാക്കിത്തീർക്കുകയും ചെയ്തു. 6നിങ്ങൾ ഒരു ജനതയായി തുടരുന്നിടത്തോളം അവരുമായി സമാധാനസന്ധി ഉണ്ടാക്കുകയോ നല്ല അയൽബന്ധം പുലർത്തുകയോ അരുത്.
7എദോമ്യരെ നിങ്ങൾ വെറുക്കരുത്; അവർ നിങ്ങളുടെ ചാർച്ചക്കാരാകുന്നു; ഈജിപ്തുകാരെയും വെറുക്കരുത്; നിങ്ങൾ അവരുടെ ദേശത്തു പരദേശികളായി പാർത്തിരുന്നല്ലോ. 8അവരുടെ മൂന്നാം തലമുറയിലെ സന്തതികൾക്കു സർവേശ്വരന്‍റെ സഭയിൽ പ്രവേശിക്കാം.
പാളയത്തിലെ ശുദ്ധി
9ശത്രുക്കൾക്കെതിരായി പുറപ്പെട്ട് പാളയത്തിൽ കഴിയുമ്പോൾ നിങ്ങൾ എല്ലാ തിന്മകളിൽനിന്നും ഒഴിഞ്ഞിരിക്കണം; 10സ്വപ്നസ്ഖലനത്താൽ രാത്രിയിൽ അശുദ്ധനായിത്തീരുന്നവന്‍ പാളയത്തിനു പുറത്തു പോകണം; അകത്തു പ്രവേശിക്കരുത്. 11നേരം വൈകുമ്പോൾ അയാൾ കുളിച്ചു ശുദ്ധനാകണം; സൂര്യാസ്തമയത്തിനു ശേഷം പാളയത്തിൽ പ്രവേശിക്കാം. 12നിങ്ങൾക്ക് മലമൂത്രവിസർജനത്തിനു പാളയത്തിനു പുറത്ത് ഒരു സ്ഥലം ഉണ്ടായിരിക്കണം. 13നിങ്ങളുടെ ആയുധങ്ങളുടെ കൂട്ടത്തിൽ ഒരു പാരയും ഉണ്ടായിരിക്കട്ടെ; മലമൂത്രവിസർജനത്തിനുള്ള കുഴിയുണ്ടാക്കാന്‍ അതുപയോഗിക്കാം; പിന്നീട് മലം മണ്ണിട്ട് മൂടണം. 14നിങ്ങളെ സംരക്ഷിക്കാനും ശത്രുക്കളെ നിങ്ങളുടെ കൈയിൽ ഏല്പിച്ചുതരാനുമായി നിങ്ങളുടെ ദൈവമായ സർവേശ്വരന്‍ നിങ്ങളോടൊത്തു പാളയത്തിൽ ഉണ്ട്. അതുകൊണ്ടു പാളയം ശുദ്ധമായിരിക്കണം. നിങ്ങളുടെ ഇടയിലെ അശുദ്ധിമൂലം സർവേശ്വരന്‍ നിങ്ങളെ വിട്ടുപോകാന്‍ ഇടയാകരുത്.
വിവിധ നിയമങ്ങൾ
15ഉടമസ്ഥനിൽനിന്ന് ഓടി രക്ഷപെട്ടു നിങ്ങളെ അഭയംപ്രാപിക്കുന്ന അടിമയെ മടക്കി അയയ്‍ക്കരുത്. 16നിങ്ങളുടെ പട്ടണങ്ങളിൽ എവിടെയെങ്കിലും അവന് ഇഷ്ടമുള്ളിടത്ത് അവന്‍ നിങ്ങളോടൊത്ത് പാർത്തുകൊള്ളട്ടെ; അവനെ പീഡിപ്പിക്കരുത്.
17ഇസ്രായേല്യപുത്രിമാരിൽ ആരും ദേവദാസികളാകരുത്. ഇസ്രായേല്യപുരുഷന്മാർ ആരും വിജാതീയ ദേവാലയങ്ങളിൽ പുരുഷവേശ്യകളുമാകരുത്. 18ദേവദാസിയുടെയോ പുരുഷവേശ്യയുടെയോ സമ്പാദ്യത്തിൽ നിന്നുള്ള നേർച്ച നിങ്ങളുടെ ദൈവമായ സർവേശ്വരന്‍റെ ആലയത്തിൽ സമർപ്പിക്കരുത്. അത് അവിടുത്തേക്ക് അറപ്പാകുന്നു.
19നിന്‍റെ സഹോദരനു കടമായി കൊടുക്കുന്ന പണത്തിനോ ഭക്ഷണസാധനങ്ങൾക്കോ മറ്റെന്തിനുവേണ്ടിയെങ്കിലുമോ പലിശ ഈടാക്കരുത്. 20പരദേശിയോട് പലിശ വാങ്ങാം; എന്നാൽ സഹോദരനോടു പലിശ വാങ്ങരുത്. അങ്ങനെ ചെയ്താൽ നിങ്ങൾ അധീനമാക്കാന്‍ പോകുന്ന ദേശത്ത് നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും സർവേശ്വരന്‍റെ അനുഗ്രഹം ഉണ്ടാകും.
21നിങ്ങളുടെ ദൈവമായ സർവേശ്വരനു നേരുന്ന നേർച്ച സമർപ്പിക്കാന്‍ വൈകിപ്പോകരുത്; അവിടുന്നു തീർച്ചയായും അതു നിങ്ങളോട് ആവശ്യപ്പെടും. അതു യഥാകാലം അർപ്പിക്കാതിരിക്കുന്നതു പാപമാകുന്നു. 22എന്നാൽ സർവേശ്വരനു നേർച്ച നേരാതിരിക്കുന്നതു പാപമല്ല. നിങ്ങൾ വാക്കുപാലിക്കാന്‍ ശ്രദ്ധിക്കണം. 23സ്വമേധയാ നേർന്നുകഴിഞ്ഞാൽ അതു നിർവഹിക്കുകതന്നെ വേണം. 24അയൽക്കാരന്‍റെ മുന്തിരിത്തോട്ടത്തിലൂടെ നടന്നുപോകുമ്പോൾ, നിനക്കു തൃപ്തിയാകുവോളം മുന്തിരിപ്പഴം ഭക്ഷിക്കാം; എന്നാൽ അത് ഒരു പാത്രത്തിൽ ശേഖരിച്ചുകൊണ്ടു പോകരുത്.
25അയൽക്കാരന്‍റെ വിളഭൂമിയിലൂടെ പോകുമ്പോൾ കൈകൊണ്ടു കതിർ പറിച്ചെടുത്തു തിന്നാം; എന്നാൽ അരിവാൾകൊണ്ട് മുറിച്ചെടുത്തുകൂടാ.

Malayalam C.L. Bible, - സത്യവേദപുസ്തകം C.L.

Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.

Learn More About സത്യവേദപുസ്തകം C.L. (BSI)