YouVersion Logo
Search Icon

DEUTERONOMY 2

2
1അതിനുശേഷം സർവേശ്വരൻ കല്പിച്ചതുപോലെ നാം തിരിഞ്ഞു ചെങ്കടലിനു നേരേ മരുഭൂമിയിലേക്കു യാത്ര തിരിച്ചു; വളരെ നാളുകൾ സേയീർമലയ്‍ക്കു ചുറ്റും നടന്നു. 2അപ്പോൾ സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: 3“നിങ്ങൾ ചുറ്റി നടന്നതു മതി; വടക്കോട്ടു തിരിയുക. 4ജനത്തോട് ഇപ്രകാരം കല്പിക്കുക; നിങ്ങളുടെ ചാർച്ചക്കാരായ ഏശാവിന്റെ സന്താനപരമ്പരകൾ പാർക്കുന്ന എദോമിൽ കൂടി നിങ്ങൾ കടന്നു പോകാൻ തുടങ്ങുകയാണ്. അവർ നിങ്ങളെ ഭയപ്പെടും; എങ്കിലും നിങ്ങൾ വളരെ സൂക്ഷിച്ചുകൊള്ളണം. അവരോട് ഏറ്റുമുട്ടരുത്. 5അവരുടെ ദേശത്തു കാൽ കുത്താൻപോലും ഇടം നിങ്ങൾക്കു ഞാൻ തരികയില്ല. കാരണം ഏശാവിന് സേയീർമല അവകാശമായി ഞാൻ നല്‌കിയിരിക്കുന്നു. 6ഭക്ഷിക്കാൻ ആഹാരവും കുടിക്കാൻ വെള്ളവും നിങ്ങൾ അവരോടു വിലയ്‍ക്കു വാങ്ങണം. 7നിങ്ങളുടെ അധ്വാനങ്ങളിലെല്ലാം ദൈവമായ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നുവല്ലോ. വിശാലമായ ഈ മരുഭൂമിയിൽ കൂടിയുള്ള നിങ്ങളുടെ യാത്രയിൽ അവിടുന്നു നിങ്ങളെ സംരക്ഷിച്ചു. ഈ നാല്പതു വർഷവും നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങളോടൊത്ത് ഉണ്ടായിരുന്നു. നിങ്ങൾക്ക് ഒന്നിനും കുറവുണ്ടായില്ല.” 8അങ്ങനെ സേയീരിൽ പാർത്തിരുന്ന ഏശാവിന്റെ വംശജരായ നമ്മുടെ ചാർച്ചക്കാരെ വിട്ടു നാം അരാബാവഴിയായി ഏലാത്തിലും എസ്യോൻ-ഗേബെരിലും കൂടി തിരിഞ്ഞ് മോവാബ്മരുഭൂമിയിലേക്കു നീങ്ങി.
9സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: “മോവാബ്യരെ ഉപദ്രവിക്കരുത്; അവരോടു യുദ്ധത്തിന് ഒരുങ്ങുകയുമരുത്; അവരുടെ ദേശത്തിന്റെ ഒരംശംപോലും ഞാൻ നിങ്ങൾക്കു തരികയില്ല; ‘ആർ’ ദേശം ലോത്തിന്റെ പുത്രന്മാർക്ക് അവകാശമായി ഞാൻ കൊടുത്തിട്ടുള്ളതാണ്.” 10പ്രബലരും സംഖ്യാബലം ഏറിയവരും അനാക്യരെപ്പോലെ ദീർഘകായന്മാരും ആയ ഏമ്യരാണ് പണ്ട് അവിടെ പാർത്തിരുന്നത്. 11അനാക്യരെപ്പോലെ അവരും ‘രെഫായീം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ മോവാബ്യർ അവരെ ഏമ്യർ എന്നു വിളിച്ചുവന്നു. 12ഹോര്യരായിരുന്നു സേയീരിൽ മുമ്പ് പാർത്തിരുന്നത്; ഏശാവിന്റെ വംശജർ അവരെ നശിപ്പിച്ച് അവരുടെ ദേശം കൈവശമാക്കി അവിടെ കുടിപാർത്തു. സർവേശ്വരൻ അവകാശമായി കൊടുത്ത ദേശത്ത് ഇസ്രായേല്യർ തദ്ദേശവാസികളോടു ചെയ്തതുപോലെയാണ് അവരും പ്രവർത്തിച്ചത്. 13“നിങ്ങൾ പുറപ്പെട്ടു സേരെദ്തോട് കടക്കുവിൻ” എന്നു കല്പിച്ചതുപോലെ നാം തോടുകടന്നു; 14നാം കാദേശ്-ബർന്നേയയിൽനിന്ന് പുറപ്പെട്ടു സേരെദ്തോടു കടക്കുന്നതുവരെ യാത്രചെയ്ത കാലം മുപ്പത്തിയെട്ടു വർഷം ആയിരുന്നു. സർവേശ്വരൻ ശപഥം ചെയ്തിരുന്നതുപോലെ ഇക്കാലത്തിനിടയിൽ പാളയത്തിലെ യോദ്ധാക്കളെയെല്ലാം നശിപ്പിച്ചു. 15അവർ പൂർണമായി നശിക്കുന്നതുവരെ സർവേശ്വരൻ അവർക്കെതിരെ പ്രവർത്തിച്ചുകൊണ്ടിരുന്നു.
16ഇങ്ങനെ യോദ്ധാക്കളെല്ലാം മരിച്ചു മണ്ണടിഞ്ഞുകഴിഞ്ഞപ്പോൾ 17സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: 18ആർദേശത്തുകൂടി നിങ്ങൾ മോവാബിന്റെ അതിർത്തി കടക്കാൻ പോകുകയാണ്. അമ്മോന്യരുടെ ദേശത്തു ചെല്ലുമ്പോൾ നിങ്ങൾ അവരെ ഉപദ്രവിക്കരുത്; അവരോടു യുദ്ധത്തിന് ഒരുങ്ങുകയുമരുത്; 19അമ്മോന്യരുടെ ദേശത്ത് ഒരു അവകാശവും ഞാൻ നിങ്ങൾക്കു നല്‌കുകയില്ല; അതു ലോത്തിന്റെ മക്കൾക്കു ഞാൻ അവകാശമായി നല്‌കിയിരിക്കുന്നു. 20‘രെഫായീമ്യരുടെ ദേശം’ എന്നാണ് അവിടവും അറിയപ്പെട്ടിരുന്നത്. രെഫായീമ്യരാണ് പണ്ട് അവിടെ പാർത്തിരുന്നത്. അമ്മോന്യർ അവരെ സംസുമ്മ്യർ എന്നു വിളിച്ചു. 21അവർ പ്രബലരും സംഖ്യാബലം ഏറിയവരും അനാക്യരെപ്പോലെ ദീർഘകായരുമായിരുന്നു എങ്കിലും സർവേശ്വരൻ അവരെ അമ്മോന്യരുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു. അങ്ങനെ അമ്മോന്യർ ആ സ്ഥലം കൈവശപ്പെടുത്തി അവിടെ വാസമുറപ്പിച്ചു. 22സേയീരിൽ പാർത്തിരുന്ന ഏശാവിന്റെ വംശജർക്കുവേണ്ടി സർവേശ്വരൻ പ്രവർത്തിച്ചതുപോലെയാണിത്. അവിടുന്നു ഹോര്യരെ അവരുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞു. അവർ ദേശം കൈവശമാക്കി; അവർ ഇന്നോളം അവിടെ പാർക്കുന്നു. 23കഫ്ത്തോരീമിൽനിന്നു വന്ന കഫ്ത്തോര്യർ ഗസ്സാവരെയുള്ള ഗ്രാമങ്ങളിൽ പാർത്തിരുന്ന അവ്യരെ നശിപ്പിച്ച് അവിടെ പാർത്തു. 24സർവേശ്വരൻ നമ്മോട് അരുളിച്ചെയ്തു: “നിങ്ങൾ പുറപ്പെട്ടു അർന്നോൻതാഴ്‌വര കടക്കുക; ഹെശ്ബോനിലെ അമോര്യരാജാവായ സീഹോനെയും അവന്റെ ദേശത്തെയും നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു. അവനോടു യുദ്ധം ചെയ്ത് അവരുടെ ദേശം കൈവശമാക്കുക. 25നിങ്ങളെക്കുറിച്ചുള്ള ഭീതിയും പരിഭ്രമവും സർവജനതകളിലും ഞാൻ ഇന്നു ജനിപ്പിക്കും. നിങ്ങളെക്കുറിച്ചു കേൾക്കുമ്പോൾതന്നെ എല്ലാവരും ഭയന്നു വിറയ്‍ക്കും.”
സീഹോനെ പരാജയപ്പെടുത്തുന്നു
(സംഖ്യാ. 21:21-30)
26“പിന്നീട് ഞാൻ കെദേമോത്തുമരുഭൂമിയിൽനിന്ന് ഹെശ്ബോനിൽ പാർത്തിരുന്ന സീഹോന്റെ അടുക്കൽ ഈ സമാധാനസന്ദേശവുമായി ദൂതന്മാരെ അയച്ചു. 27‘അങ്ങയുടെ രാജ്യത്തുകൂടി പോകാൻ ഞങ്ങളെ അനുവദിച്ചാലും. പെരുവഴിയിലൂടെ മാത്രം പൊയ്‍ക്കൊള്ളാം; വലത്തോട്ടോ ഇടത്തോട്ടോ തിരിയുകയില്ല. 28ഞങ്ങൾക്കു ഭക്ഷിക്കാൻ ആഹാരവും കുടിക്കാൻ വെള്ളവും വിലയ്‍ക്കു തന്നാൽ മതി. ഞങ്ങൾ കാൽനടയായി പോകാൻ അനുവദിച്ചാലും. 29സേയീരിൽ പാർക്കുന്ന ഏശാവിന്റെ വംശജരും ആർദേശത്തു പാർക്കുന്ന മോവാബ്യരും തങ്ങളുടെ ദേശത്തുകൂടി കടന്നുപോകാൻ ഞങ്ങളെ അനുവദിച്ചു. അതുപോലെ ഞങ്ങളുടെ ദൈവമായ സർവേശ്വരൻ ഞങ്ങൾക്കു നല്‌കുന്ന യോർദ്ദാൻനദിക്ക് അക്കരെയുള്ള ദേശത്തേക്കു പോകാൻ ഞങ്ങളെ അനുവദിക്കണം.’ 30എന്നാൽ തന്റെ ദേശത്തുകൂടി കടന്നുപോകാൻ ഹെശ്ബോനിലെ രാജാവായ സീഹോൻ നമ്മെ അനുവദിച്ചില്ല; അവനെ പരാജയപ്പെടുത്തി അവന്റെ ദേശം കൈവശപ്പെടുത്താൻ ഇടയാകുംവിധം നിങ്ങളുടെ ദൈവമായ സർവേശ്വരൻ അവന്റെ ഹൃദയവും മനസ്സും കഠിനമാക്കി. 31“സർവേശ്വരൻ എന്നോട് അരുളിച്ചെയ്തു: ‘സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; അവന്റെ ദേശം കൈവശമാക്കുക.’ 32“സീഹോനും അവന്റെ സർവജനങ്ങളും യാഹാസിൽ നമുക്കെതിരെ യുദ്ധത്തിനു വന്നു. 33നമ്മുടെ ദൈവമായ സർവേശ്വരൻ അവനെ നമ്മുടെ കൈയിൽ ഏല്പിച്ചു; നാം അവനെയും അവന്റെ പുത്രന്മാരെയും സർവജനത്തെയും സംഹരിച്ചു. 34നാം അവന്റെ പട്ടണങ്ങളും പിടിച്ചടക്കി; അവയെ ഉന്മൂലനം ചെയ്തു. പുരുഷന്മാരെയും, സ്‍ത്രീകളെയും കുഞ്ഞുങ്ങളെയും ഒന്നൊഴിയാതെ കൊന്നുകളഞ്ഞു. 35അവരുടെ കന്നുകാലികളും പട്ടണങ്ങളിൽനിന്നു കൊള്ളയടിച്ച വസ്തുക്കളും മാത്രം എടുത്തു. 36അർന്നോൻതാഴ്‌വരയുടെ അതിരിലുള്ള അരോവേർപട്ടണംമുതൽ താഴ്‌വരയിൽ ഗിലെയാദ്‍വരെ നമുക്ക് അധീനമാകാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല. അവയെല്ലാം നമ്മുടെ ദൈവമായ സർവേശ്വരൻ നമ്മുടെ കൈയിൽ ഏല്പിച്ചു. 37എന്നാൽ യബ്ബോക്കുനദിയുടെ തീരവും മലനാട്ടിലെ പട്ടണങ്ങളും ചേർന്ന അമ്മോന്യരുടെ ദേശത്തോ സർവേശ്വരൻ വിലക്കിയിരുന്ന മറ്റിടങ്ങളിലോ നാം കാലുകുത്തിയില്ല.”

Currently Selected:

DEUTERONOMY 2: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy