YouVersion Logo
Search Icon

TIRHKOHTE 22

22
1“സഹോദരന്മാരേ, പിതാക്കന്മാരേ, എനിക്കു പറയാനുള്ള സമാധാനം കേട്ടാലും.”
2എബ്രായഭാഷയിൽ അദ്ദേഹം സംസാരിക്കുന്നതു കേട്ടപ്പോൾ അവർ പൂർവോപരി ശാന്തരായി. അദ്ദേഹം തുടർന്നു:
3“ഞാൻ ഒരു യെഹൂദനാണ്. കിലിക്യയിലെ തർസൊസിലാണു ഞാൻ ജനിച്ചത്. എന്നാൽ വളർന്നത് ഈ നഗരത്തിലാണ്. ഗമാലീയേലിന്റെ ശിക്ഷണത്തിൽ നമ്മുടെ പിതാക്കന്മാരുടെ ധർമശാസ്ത്രം ഞാൻ അവധാനപൂർവം അഭ്യസിച്ചു. നിങ്ങളെല്ലാവരും ഇന്ന് ആയിരിക്കുന്നതുപോലെ ദൈവത്തെ സേവിക്കുന്നതിൽ ഞാനും ഏറ്റവും ശുഷ്കാന്തിയുള്ളവനായിരുന്നു. 4പുരുഷന്മാരെയും സ്‍ത്രീകളെയും പിടിച്ചുകെട്ടി കാരാഗൃഹത്തിലേല്പിച്ചും കൊലയ്‍ക്കു കൊടുത്തും, ഈ മാർഗത്തെ ഞാൻ ദ്രോഹിച്ചുവന്നു. മഹാപുരോഹിതനും ജനപ്രമുഖന്മാരുടെ സംഘം മുഴുവനും അതിനു സാക്ഷികളാണ്. 5അവരിൽനിന്നു ദമാസ്കസിലുള്ള സഹോദരന്മാർക്കു കത്തുകൾ വാങ്ങിക്കൊണ്ട്, അവിടെ പാർക്കുന്നവരെ പിടിച്ചുകെട്ടി യെരൂശലേമിൽ കൊണ്ടുവന്നു ദണ്ഡിപ്പിക്കുന്നതിനായി ഞാൻ പുറപ്പെട്ടു.
പൗലൊസ് തന്റെ മാനസാന്തരത്തെപ്പറ്റി
(അപ്പോ. പ്ര. 9:1-19; 26:12-18)
6“അങ്ങനെ ഞാൻ യാത്രചെയ്ത് ദമാസ്കസിനോടടുത്തപ്പോൾ മധ്യാഹ്നസമയത്ത് ആകാശത്തുനിന്നുള്ള ഒരു ഉജ്ജ്വല പ്രകാശം പെട്ടെന്ന് എന്റെ ചുറ്റും ദൃശ്യമായി. 7ഞാൻ നിലത്തുവീണു. ‘ശൗലേ, ശൗലേ, എന്തിനാണ് നീ എന്നെ ദ്രോഹിക്കുന്നത്?’ എന്ന് എന്നോടു ചോദിക്കുന്ന ഒരശരീരി ഞാൻ കേട്ടു. 8‘കർത്താവേ, അങ്ങ് ആരാകുന്നു?’ എന്നു ഞാൻ ചോദിച്ചു. ‘നീ ദ്രോഹിക്കുന്ന നസ്രായനായ യേശുവാണ് ഞാൻ’ എന്നായിരുന്നു മറുപടി. 9എന്റെകൂടെയുണ്ടായിരുന്നവർ ആ പ്രകാശം കണ്ടെങ്കിലും, എന്നോടു സംസാരിച്ച ആളിന്റെ ശബ്ദം കേട്ടില്ല, 10ഞാൻ ചോദിച്ചു: ‘കർത്താവേ, ഞാൻ എന്താണു ചെയ്യേണ്ടത്?’ അപ്പോൾ കർത്താവ് എന്നോട് അരുൾചെയ്തു: ‘നീ എഴുന്നേറ്റു ദമാസ്കസിലേക്കു പോകുക; നീ ചെയ്യണമെന്നു നിശ്ചയിക്കപ്പെട്ടിട്ടുള്ളതെല്ലാം അവിടെവച്ചു നിന്നോടു പറയും.’ 11ആ പ്രകാശത്തിന്റെ ഉജ്ജ്വലതേജസ്സുമൂലം എനിക്കു കണ്ണുകാണാൻ പാടില്ലാതെയായി. അതുകൊണ്ട് എന്റെകൂടെ ഉണ്ടായിരുന്നവർ കൈക്കു പിടിച്ച് എന്നെ നടത്തി. അങ്ങനെ ഞാൻ ദമാസ്കസിലെത്തി.
12“തദ്ദേശവാസികളായ സകല യെഹൂദന്മാരാലും സമാദരിക്കപ്പെട്ടിരുന്നവനും, യെഹൂദധർമശാസ്ത്രമനുസരിച്ചു ജീവിച്ചിരുന്നവനുമായ അനന്യാസ് എന്നൊരാൾ അവിടെയുണ്ടായിരുന്നു. 13അദ്ദേഹം എന്റെ അടുക്കൽ വന്നു നിന്നുകൊണ്ട് ‘ശൗലേ, സഹോദരാ, കാഴ്ച പ്രാപിക്കുക’ എന്നു പറഞ്ഞു: തൽക്ഷണം ഞാൻ കാഴ്ച പ്രാപിച്ചു; അദ്ദേഹത്തെ കാണുകയും ചെയ്തു. 14അദ്ദേഹം എന്നോട് ഇപ്രകാരം പറഞ്ഞു: ‘നമ്മുടെ പിതാക്കന്മാരുടെ ദൈവത്തിന്റെ തിരുവിഷ്ടം മനസ്സിലാക്കുവാനും, തിരുമുഖത്തുനിന്നുള്ള ശബ്ദം കേൾക്കുവാനും, അവിടുന്നു താങ്കളെ മുൻകൂട്ടി തിരഞ്ഞെടുത്തിരിക്കുന്നു; 15താങ്കൾ കണ്ടതും കേട്ടതുമായ കാര്യങ്ങൾക്ക് സകലരുടെയും മുമ്പിൽ താങ്കൾ അവിടുത്തെ സാക്ഷിയായിരിക്കും. 16ഇനി എന്തിനു താമസിക്കുന്നു? അവിടുത്തെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട് സ്നാപനം സ്വീകരിക്കുകയും താങ്കളുടെ പാപം കഴുകിക്കളകയും ചെയ്യുക.’
വിജാതീയരുടെ അടുക്കലേക്ക്
17“ഞാൻ യെരൂശലേമിലേക്കു മടങ്ങിപ്പോയി അവിടെ ദേവാലയത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ എനിക്ക് ഒരു ദിവ്യാനുഭൂതിയുണ്ടായി. 18കർത്താവിനെ ഞാൻ ദർശിച്ചു. ‘അതിശീഘ്രം യെരൂശലേം വിട്ടുപോകുക; നീ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം അവർ സ്വീകരിക്കുകയില്ല’ എന്ന് അവിടുന്ന് എന്നോട് അരുൾചെയ്തു. 19അപ്പോൾ ഞാൻ പറഞ്ഞു: ‘കർത്താവേ, ഓരോ സുനഗോഗിലും അങ്ങയിൽ വിശ്വസിക്കുന്നവരെ ഞാൻ തടവിലാക്കുകയും പ്രഹരം ഏല്പിക്കുകയും ചെയ്തു എന്ന് അവർക്ക് അറിയാം. 20അവിടുത്തെ സാക്ഷിയായ സ്തേഫാനോസിന്റെ രക്തം ചൊരിഞ്ഞപ്പോൾ ഞാനും അതിനു സമ്മതം മൂളുകയും, അദ്ദേഹത്തെ വധിച്ചവരുടെ വസ്ത്രങ്ങൾ കാത്തുകൊണ്ടു സമീപത്തു നില്‌ക്കുകയും ചെയ്തുവല്ലോ.’ 21എന്നാൽ കർത്താവ് എന്നോട്, ‘പോകുക, ഞാൻ നിന്നെ വിദൂരസ്ഥരായ വിജാതീയരുടെ അടുക്കലേക്ക് അയയ്‍ക്കും’ എന്ന് കല്പിച്ചു.”
പൗലൊസ് സൈന്യാധിപന്റെ മുമ്പിൽ
22-23ഇത്രയും പറയുന്നതുവരെ അവർ ശ്രദ്ധിച്ചുകൊണ്ടിരുന്നു; എന്നാൽ ഇതുകേട്ടപ്പോൾ “ഇങ്ങനെയുള്ളവനെ ഭൂമിയിൽ വച്ചേക്കരുത്; ഇവൻ ജീവിച്ചിരുന്നുകൂടാ” എന്ന് ഉച്ചത്തിൽ അലറിക്കൊണ്ട് അവർ വസ്ത്രങ്ങൾ അന്തരീക്ഷത്തിൽ വീശുകയും പൂഴിവാരി മേലോട്ട് എറിയുകയും ചെയ്തു. 24അപ്പോൾ “ഇയാളെ പാളയത്തിലേക്കു കൊണ്ടുപോകുക” എന്നു സഹസ്രാധിപൻ ആജ്ഞാപിച്ചു. അവർ അദ്ദേഹത്തിനെതിരെ ഇപ്രകാരം മുറവിളി കൂട്ടാനുള്ള കാരണം എന്തെന്നറിയുവാൻ ചാട്ടവാറുകൊണ്ട് അടിച്ച് പൗലൊസിനെ ചോദ്യം ചെയ്യുവാനും ഉത്തരവിട്ടു. 25അവർ തന്നെ കയറുകൊണ്ടു വരിഞ്ഞുകെട്ടിയപ്പോൾ സമീപത്തു നിന്നിരുന്ന ശതാധിപനോട് അദ്ദേഹം ചോദിച്ചു: വിസ്താരം നടത്തി കുറ്റക്കാരനെന്നു വിധിക്കാതെ, ഒരു റോമാപൗരനെ ചാട്ടവാറുകൊണ്ട് അടിക്കുന്നതു ന്യായമാണോ?”
26ഇതുകേട്ടപ്പോൾ ശതാധിപൻ സഹസ്രാധിപന്റെ അടുക്കൽ ചെന്ന്, “അങ്ങ് എന്താണു ചെയ്യുവാൻ പോകുന്നത്? ഇയാൾ ഒരു റോമാപൗരനാണല്ലോ എന്നറിയിച്ചു.
27ഉടനെ സഹസ്രാധിപൻ ചെന്ന്, അദ്ദേഹത്തോടു ചോദിച്ചു: ‘താങ്കൾ റോമാപൗരനാണോ? എന്നോടു പറയൂ.”
“അതേ, എന്ന് അദ്ദേഹം ഉത്തരം നല്‌കി.
28അപ്പോൾ സഹസ്രാധിപൻ പറഞ്ഞു: “വളരെയധികം പണം കൊടുത്തിട്ടാണ് ഞാൻ റോമാപൗരത്വം നേടിയത്!”
“എന്നാൽ ഞാൻ ജന്മനാതന്നെ റോമാപൗരനാണ്” എന്നു പൗലൊസ് പറഞ്ഞു.
29അതുകൊണ്ട് അദ്ദേഹത്തെ ചോദ്യം ചെയ്യുവാൻ ഭാവിച്ചവർ പെട്ടെന്നു പിന്മാറി. റോമാപൗരനാണെന്നറിഞ്ഞപ്പോൾ അദ്ദേഹത്തെ ബന്ധിച്ചല്ലോ എന്നോർത്ത് സഹസ്രാധിപൻ ഭയപ്പെട്ടു.
സന്നദ്രിംസംഘത്തിന്റെ മുമ്പിൽ
30പിറ്റേദിവസം, യെഹൂദന്മാർ പൗലൊസിന്റെമേൽ ആരോപിക്കുന്ന കുറ്റം എന്താണെന്നറിയുവാൻ സഹസ്രാധിപൻ ആഗ്രഹിച്ചു. മുഖ്യപുരോഹിതന്മാരും സന്നദ്രിംസംഘം മുഴുവനും ഒരുമിച്ചുകൂടാൻ അദ്ദേഹം ആജ്ഞാപിച്ചു. പൗലൊസിനെ ബന്ധനവിമുക്തനാക്കി താഴെ കൊണ്ടുചെന്ന് അവരുടെ മുമ്പിൽ നിറുത്തി.

Currently Selected:

TIRHKOHTE 22: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy