YouVersion Logo
Search Icon

TIRHKOHTE 21

21
യെരൂശലേമിലേക്കുള്ള യാത്ര
1ഞങ്ങൾ അവരെ ഒരു വിധത്തിൽ വിട്ടു പിരിഞ്ഞ് കപ്പൽ നീക്കി. ഞങ്ങൾ നേരേ യാത്ര ചെയ്തു കോസിലും, പിറ്റേദിവസം രോദോസിലും പിന്നീട് പത്തരയിലുമെത്തി. 2അവിടെനിന്ന് ഫൊയ്നിക്യയിലേക്ക് പോകുന്ന ഒരു കപ്പൽ കണ്ട് ഞങ്ങൾ അതിൽ കയറി യാത്ര തുടർന്നു. 3സൈപ്രസ്ദ്വീപു കണ്ടപ്പോൾ കപ്പൽ അതിന്റെ തെക്കുഭാഗത്തുകൂടി വിട്ട് സിറിയയിലേക്ക് ഓടിച്ചുപോയി. അങ്ങനെ സോരിൽ ചെന്നിറങ്ങി. അവിടെ കപ്പലിൽനിന്നു ചരക്കിറക്കാനുണ്ടായിരുന്നു. അവിടത്തെ ശിഷ്യന്മാരെ ഞങ്ങൾ അന്വേഷിച്ചു കണ്ടുപിടിച്ചു. ഏഴുദിവസം ഞങ്ങൾ അവരോടുകൂടി പാർത്തു. 4യെരൂശലേമിലേക്കു പോകരുതെന്ന് അവർ പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ പൗലൊസിനോടു പറഞ്ഞു. 5അവിടത്തെ താമസം കഴിഞ്ഞിട്ട് ഞങ്ങൾ അവരെ വിട്ടുപിരിഞ്ഞു പോന്നപ്പോൾ, സ്‍ത്രീകളും കുട്ടികളുമടക്കം അവരെല്ലാവരുംകൂടി പട്ടണത്തിനു പുറത്തുവരെ അനുയാത്ര ചെയ്തു. ഞങ്ങൾ കടൽപ്പുറത്തു മുട്ടുകുത്തി പ്രാർഥിച്ച്, അന്യോന്യം വിടവാങ്ങി. 6പിന്നീട് ഞങ്ങൾ കപ്പലിൽ കയറുകയും അവർ സ്വഭവനങ്ങളിലേക്കു തിരിച്ചുപോകുകയും ചെയ്തു.
7സോരിൽ നിന്നു യാത്രചെയ്ത് ഞങ്ങൾ പ്തൊലെമായിസിൽ എത്തിച്ചേർന്നു; സഹോദരന്മാരെ ഞങ്ങൾ അഭിവാദനം ചെയ്തു; ഒരു ദിവസം അവരോടുകൂടി പാർത്തു. 8പിറ്റേദിവസം ഞങ്ങൾ അവിടെനിന്നു പുറപ്പെട്ടു കൈസര്യയിലെത്തി. ഫീലിപ്പോസ് എന്ന സുവിശേഷകന്റെ വീട്ടിൽ ചെന്ന് അദ്ദേഹത്തിന്റെ കൂടെ പാർത്തു. യെരൂശലേമിൽവച്ചു ദിവ്യശുശ്രൂഷയ്‍ക്കായി തിരഞ്ഞെടുക്കപ്പെട്ട ഏഴുപേരിൽ ഒരാളായിരുന്നു അദ്ദേഹം. 9അദ്ദേഹത്തിനു പ്രവചിക്കുന്നവരും കന്യകമാരുമായ നാലു പുത്രിമാരുണ്ടായിരുന്നു. ഞങ്ങൾ ഏതാനും ദിവസം അവിടെ താമസിച്ചു; 10അതിനിടയ്‍ക്ക് അഗബൊസ് എന്നൊരു പ്രവാചകൻ യെഹൂദ്യയിൽനിന്നു വന്നു. 11അയാൾ ഞങ്ങളുടെ അടുക്കൽ വന്ന്, പൗലൊസിന്റെ അരക്കച്ച എടുത്ത് സ്വന്തം കൈകാലുകൾ കെട്ടി; “ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെരൂശലേമിലെ യെഹൂദന്മാർ ഇതുപോലെ ബന്ധിച്ചു വിജാതീയരെ ഏല്പിക്കുമെന്നു പരിശുദ്ധാത്മാവു പറയുന്നു” എന്നു പറഞ്ഞു.
12ഇതുകേട്ടപ്പോൾ യെരൂശലേമിലേക്കു പോകരുതെന്നു ഞങ്ങളും അവിടെയുള്ളവരും പൗലൊസിനോടപേക്ഷിച്ചു. 13അപ്പോൾ അദ്ദേഹം ഇപ്രകാരം പ്രതിവചിച്ചു: “നിങ്ങൾ എന്താണീ ചെയ്യുന്നത്? നിങ്ങൾ വിങ്ങിക്കരഞ്ഞ് എന്റെ ഹൃദയം തകർക്കുകയാണോ? കർത്താവായ യേശുവിനുവേണ്ടി യെരൂശലേമിൽവച്ചു ബന്ധനസ്ഥനാകുവാൻ മാത്രമല്ല, മരിക്കുവാൻപോലും ഞാൻ തയ്യാറാണ്.”
14അദ്ദേഹം വഴങ്ങുകയില്ലെന്നു കണ്ടപ്പോൾ, ഞങ്ങൾ ആ ഉദ്യമം ഉപേക്ഷിച്ചിട്ട് ദൈവഹിതം പൂർത്തിയാകട്ടെ എന്നു പറഞ്ഞു.
15ഏതാനും ദിവസങ്ങൾക്കുശേഷം വേണ്ട ഒരുക്കങ്ങൾചെയ്ത് ഞങ്ങൾ യെരൂശലേമിലേക്കു പോയി. 16കൈസര്യയിലെ ചില ശിഷ്യന്മാരും ഞങ്ങളുടെകൂടെ പോന്നു. അവർ ഞങ്ങളെ ആദ്യകാല ശിഷ്യന്മാരിൽ ഒരാളായ സൈപ്രസുകാരൻ മ്നാസോന്റെ അടുക്കലേക്കു കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ വീട്ടിലാണ് ഞങ്ങൾക്കു പാർക്കേണ്ടിയിരുന്നത്.
പൗലൊസ് യെരൂശലേമിൽ
17ഞങ്ങൾ യെരൂശലേമിലെത്തിയപ്പോൾ അവിടത്തെ സഹോദരന്മാർ ഞങ്ങളെ സസന്തോഷം സ്വീകരിച്ചു. 18പിറ്റേദിവസം പൗലൊസും ഞങ്ങളുംകൂടി യാക്കോബിന്റെ അടുക്കലേക്കു പോയി; സഭയിലെ എല്ലാ മുഖ്യന്മാരും അവിടെ കൂടിയിരുന്നു. 19അവരെ അഭിവാദനം ചെയ്തശേഷം, തന്റെ ശുശ്രൂഷയിൽകൂടി വിജാതീയരുടെ ഇടയിൽ ദൈവം ചെയ്ത കാര്യങ്ങൾ പൗലൊസ് ഓരോന്നായി വിവരിച്ചു. 20അതുകേട്ടപ്പോൾ അവർ ദൈവത്തെ സ്തുതിച്ചു; അവർ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “നോക്കൂ, സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വാസികളായിത്തീർന്നിട്ടുള്ള എത്ര ആയിരം ജനങ്ങളുണ്ട്! യെഹൂദധർമശാസ്ത്രത്തിന്റെ അനുഷ്ഠാനത്തിൽ വ്യഗ്രതയുള്ളവരാണ് അവരെല്ലാവരും. 21കുട്ടികളെ പരിച്ഛേദനകർമത്തിനു വിധേയരാക്കുകയോ, പരമ്പരാഗതമായ ആചാരങ്ങൾ അനുഷ്ഠിക്കുകയോ ചെയ്യരുതെന്ന്, വിജാതീയരുടെ ഇടയിലുള്ള യെഹൂദന്മാരോടു പറഞ്ഞുകൊണ്ട്, മോശയുടെ നിയമസംഹിത പരിത്യജിക്കണമെന്ന്, 22അവരെ താങ്കൾ ഉപദേശിക്കുന്നതായി ഇവിടെയുള്ളവർ കേട്ടിരിക്കുന്നു. ഇക്കാര്യത്തിൽ എന്താണു ചെയ്യുക? താങ്കൾ വന്നിരിക്കുന്ന വിവരം അവർ നിശ്ചയമായും അറിയും; 23അതുകൊണ്ട് ഞങ്ങളുടെ നിർദേശം ഇതാണ്; വ്രതമെടുത്തിട്ടുള്ള നാലു പുരുഷന്മാർ ഇവിടെയുണ്ട്. 24അവരെ കൂട്ടിക്കൊണ്ടുപോയി അവരോടൊപ്പം താങ്കളും ശുദ്ധീകരണകർമത്തിനു വിധേയനാകുക; അവരുടെ തല മുണ്ഡനം ചെയ്യുന്നതിനുള്ള ചെലവും കൊടുക്കുക; അങ്ങനെ ചെയ്താൽ താങ്കളെപ്പറ്റി അവർ കേട്ടതിൽ കഥയൊന്നുമില്ലെന്നും, താങ്കൾ യെഹൂദനിയമസംഹിത അനുസരിക്കുന്ന ആളാണെന്നും എല്ലാവർക്കും ബോധ്യമാകും. 25വിശ്വാസികളായിത്തീർന്ന വിജാതീയരാകട്ടെ, വിഗ്രഹങ്ങൾക്ക് അർപ്പിച്ചിട്ടുള്ളവയും, രക്തവും, ശ്വാസംമുട്ടിച്ചത്തവയും, ദുർമാർഗവും വർജിച്ചാൽ മതിയെന്നു നാം തീരുമാനിച്ച് എഴുതി അറിയിച്ചിട്ടുണ്ടല്ലോ.
26അങ്ങനെ പിറ്റേദിവസം പൗലൊസ് ആ നാലുപേരെ കൂട്ടിക്കൊണ്ടുപോയി അവരോടുകൂടി ശുദ്ധീകരണകർമത്തിനു വിധേയനായി. അവർക്ക് ഓരോരുത്തർക്കുംവേണ്ട വഴിപാട് അർപ്പിക്കുന്നതിലേക്കു ശുദ്ധീകരണദിവസങ്ങൾ എന്നു പൂർത്തിയാകുമെന്ന് അറിയിക്കുന്നതിനായി പൗലൊസ് ദേവാലയത്തിലേക്കു പോകുകയും ചെയ്തു.
പൗലൊസ് ബന്ധനസ്ഥനാകുന്നു
27ആ ഏഴു ദിവസം പൂർത്തിയാകാറായപ്പോൾ, ഏഷ്യാസംസ്ഥാനത്തുനിന്നു വന്ന യെഹൂദന്മാർ ദേവാലയത്തിൽവച്ച് അദ്ദേഹത്തെ കണ്ടു. 28“ഇസ്രായേൽപുരുഷന്മാരേ, സഹായത്തിനെത്തിയാലും! ഈ മനുഷ്യനാണ് നമ്മുടെ ജനതയ്‍ക്കും ധർമശാസ്ത്രത്തിനും ഈ ദേവാലയത്തിനും എതിരെ എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നത്! ഇയാൾ ഗ്രീക്കുകാരെ ദേവാലയത്തിൽ പ്രവേശിപ്പിച്ച് ഈ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയും ചെയ്തിരിക്കുന്നു” എന്നിങ്ങനെ ആക്രോശിച്ചുകൊണ്ട് അവർ ജനങ്ങളെ ഇളക്കിവിട്ടു. അവർ അദ്ദേഹത്തെ പിടിച്ചു. 29എഫെസൊസുകാരനായ ത്രോഫിമോസിനെ അവർ പൗലൊസിനോടുകൂടി നേരത്തെ നഗരത്തിൽവച്ചു കണ്ടിരുന്നു. അതുകൊണ്ട് അയാളെ ദേവാലയത്തിൽ പ്രവേശിപ്പിച്ചുകാണുമെന്ന് അവർ ഊഹിച്ചു.
30നഗരം ആകമാനം ഇളകി, ജനങ്ങൾ ഓടിക്കൂടി. അവർ പൗലൊസിനെ പിടിച്ചു ദേവാലയത്തിനു പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. ഉടനെതന്നെ വാതിലുകളെല്ലാം അടയ്‍ക്കപ്പെട്ടു. അവർ അദ്ദേഹത്തെ കൊല്ലാൻ ശ്രമിച്ചു. 31ഈ സമയത്ത് യെരൂശലേമിലെങ്ങും കലാപമുണ്ടായിരിക്കുന്നുവെന്ന് സൈന്യത്തിന്റെ സഹസ്രാധിപന് അറിവു കിട്ടി. 32ഉടനെ അദ്ദേഹം പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ട് അവരുടെ അടുക്കൽ പാഞ്ഞെത്തി. സൈന്യാധിപനെയും പടയാളികളെയും കണ്ടപ്പോൾ അവർ പൗലൊസിനെ മർദിക്കുന്നതു നിറുത്തി. 33സഹസ്രാധിപൻ വന്നു പൗലൊസിനെ പിടിച്ച്, രണ്ടു ചങ്ങലകൊണ്ടു ബന്ധിക്കുവാൻ ഉത്തരവിട്ടു. ഇയാൾ ആരാണെന്നും എന്താണു ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. 34ജനങ്ങളിൽ ഒരു കൂട്ടർ ഒരു വിധത്തിലും മറ്റൊരു കൂട്ടർ മറ്റൊരു വിധത്തിലും വിളിച്ചുകൂവി. ബഹളംമൂലം കലാപത്തിന്റെ യഥാർഥ കാരണം മനസ്സിലാക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അതുകൊണ്ട് പൗലൊസിനെ പാളയത്തിലേക്കു കൊണ്ടുപോകുവാൻ അദ്ദേഹം ആജ്ഞാപിച്ചു. 35പാളയത്തിന്റെ നടയ്‍ക്കരികിലെത്തിയപ്പോൾ പ്രക്ഷുബ്‍ധമായ ജനസഞ്ചയത്തിന്റെ ബലാല്‌ക്കാരംമൂലം, പടയാളികൾക്കു പൗലൊസിനെ എടുത്തുകൊണ്ടുപോകേണ്ടിവന്നു. 36“അവനെ കൊന്നുകളയുക” എന്ന് ആൾക്കൂട്ടം ആക്രോശിച്ചുകൊണ്ടു പിറകേ ചെന്നു.
പൗലൊസിന്റെ പ്രതിവാദം
37പാളയത്തിൽ പ്രവേശിക്കാറായപ്പോൾ പൗലൊസ് സഹസ്രാധിപനോട്, “ചില കാര്യങ്ങൾ അങ്ങയോടു പറയുവാൻ എന്നെ അനുവദിക്കുമോ?” എന്നു ചോദിച്ചു.
38അപ്പോൾ സൈന്യാധിപൻ, “നിങ്ങൾക്കു ഗ്രീക്കറിയാം അല്ലേ? കുറേനാൾമുമ്പ് ഒരു വിപ്ലവമുണ്ടാക്കി നാലായിരം ഭീകരപ്രവർത്തകരെ മരുഭൂമിയിലേക്കു നയിച്ച ഈജിപ്തുകാരനല്ലേ നിങ്ങൾ? എന്നു ചോദിച്ചു.
39പൗലൊസ് പ്രതിവചിച്ചു: “ഞാൻ ഒരു യെഹൂദനാണ്; കിലിക്യയിലെ പ്രസിദ്ധനഗരമായ തർസൊസിൽ ജനിച്ച ഒരു പൗരനുമാണ്; ഈ ജനത്തോട് ഒന്നു സംസാരിക്കുവാൻ അങ്ങ് അനുവദിച്ചാലും.”
40സഹസ്രാധിപൻ അനുവദിച്ചപ്പോൾ, പൗലൊസ് നടയിൽ നിന്നുകൊണ്ട് ജനത്തോടു നിശ്ശബ്ദത പാലിക്കാൻ ആംഗ്യം കാട്ടി; ജനം നിശ്ശബ്ദരായപ്പോൾ, അദ്ദേഹം എബ്രായഭാഷയിൽ ഇപ്രകാരം പ്രസ്താവിച്ചു:

Currently Selected:

TIRHKOHTE 21: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy