YouVersion Logo
Search Icon

1 TIMOTHEA 5

5
സഹവിശ്വാസികളോടുള്ള ഉത്തരവാദിത്വം
1പ്രായം ചെന്നവരെ ശകാരിക്കരുത്; നിന്റെ പിതാവിനെ എന്നവണ്ണം അവരെ ഉദ്ബോധിപ്പിക്കുക. 2ചെറുപ്പക്കാരെ സഹോദരന്മാരെപ്പോലെയും പ്രായം ചെന്ന സ്‍ത്രീകളെ മാതാക്കളെപ്പോലെയും യുവതികളെ തികച്ചും നിർമ്മലഹൃദയത്തോടുകൂടി സഹോദരിമാരെപ്പോലെയും കരുതി ഉപദേശിക്കുക.
3യഥാർഥ വിധവമാരെ ആദരിക്കണം. ഒരു വിധവയ്‍ക്ക് മക്കളോ മക്കളുടെ മക്കളോ ഉണ്ടെങ്കിൽ 4അവർ ഒന്നാമത് സ്വന്തം കുടുംബത്തോടുള്ള ധർമം അനുസരിച്ച് തങ്ങളുടെ മാതാപിതാക്കളെ യഥോചിതം ശുശ്രൂഷിക്കുവാൻ പഠിക്കട്ടെ; അതു ദൈവത്തിനു പ്രസാദകരമായിരിക്കും. 5യഥാർഥത്തിൽ വൈധവ്യം പ്രാപിച്ച്, ഏകാകിനിയായിത്തീർന്നിരിക്കുന്നവൾ ദൈവത്തിൽ പ്രത്യാശ ഉറപ്പിച്ച്, രാവും പകലും ദൈവത്തോടു വിനീതമായി അപേക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. 6എന്നാൽ അവൾ സുഖഭോഗങ്ങളിൽ മുഴുകിയിരിക്കുന്നെങ്കിൽ ജീവിച്ചിരിക്കുമ്പോൾത്തന്നെ മരിച്ചവളായിരിക്കും. 7വിധവമാർ അപവാദങ്ങൾക്ക് അതീതരായിരിക്കണമെന്ന കാര്യം കർശനമായി ഉദ്ബോധിപ്പിക്കുക. 8ഒരുവൻ ബന്ധുജനങ്ങളുടെയും പ്രത്യേകിച്ച് സ്വന്തം കുടുംബത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റുന്നില്ലെങ്കിൽ, അയാൾ വിശ്വാസം പരിത്യജിച്ചവനും, അവിശ്വാസിയെക്കാൾ അധമനും ആകുന്നു.
9വിധവകളുടെ ഗണത്തിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവൾക്ക് അറുപതു വയസ്സെങ്കിലും പ്രായമുണ്ടായിരിക്കണം; അവൾ ഏകപുരുഷന്റെ ഭാര്യയും ആയിരുന്നിരിക്കണം. 10അവൾ സൽപ്രവൃത്തി ചെയ്ത് സൽകീർത്തി സമ്പാദിച്ചവളും മക്കളെ നന്നായി വളർത്തുക, അതിഥികളെ സൽക്കരിക്കുക, ഭക്തജനങ്ങളുടെ പാദങ്ങൾ കഴുകുക, പീഡിതരുടെ ക്ലേശങ്ങൾ പരിഹരിക്കുക ഇങ്ങനെയുള്ള എല്ലാ നല്ല കാര്യങ്ങളും ചെയ്യുന്നതിനുവേണ്ടി സ്വയം അർപ്പിച്ചവളുമായിരിക്കണം.
11എന്നാൽ പ്രായം കുറഞ്ഞ വിധവമാരെ ഈ ഗണത്തിലുൾപ്പെടുത്തരുത്. അവർ ക്രിസ്തുവിൽനിന്നു വ്യതിചലിച്ച് വിഷയാസക്തി മൂലം വിവാഹം ചെയ്യുവാൻ ആഗ്രഹിച്ചെന്നു വരാം. 12മാത്രമല്ല തങ്ങളുടെ ആദ്യത്തെ പ്രതിജ്ഞ ലംഘിക്കുന്നതുകൊണ്ട് അവർ കുറ്റക്കാരായി വിധിക്കപ്പെടുന്നതിന് അർഹരായിത്തീരുകയും ചെയ്യുന്നു. 13അതിനു പുറമേ, അവർ അലസരായി വീടുകൾതോറും ചുറ്റി നടക്കുകയും അപവാദവ്യവസായത്തിലേർപ്പെടുകയും പരകാര്യങ്ങളിൽ തലയിട്ട് പറയരുതാത്തതു പറയുകയും ചെയ്യും. 14അതുകൊണ്ട് പ്രായം കുറഞ്ഞ വിധവമാർ വിവാഹിതരായി മക്കളെ പ്രസവിക്കുകയും വീട്ടമ്മമാരായി ഗൃഹഭരണം നടത്തുകയും അങ്ങനെ ശത്രുവിന്റെ ആക്ഷേപത്തിന് അവസരം കൊടുക്കാതിരിക്കുകയും ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. 15ഇപ്പോൾതന്നെ ചിലർ സാത്താന്റെ പിറകേ വഴിതെറ്റിപ്പോയിക്കഴിഞ്ഞിരിക്കുന്നു. 16ഒരു വിശ്വാസിനിക്കു വിധവമാരായ ബന്ധുക്കളുണ്ടെങ്കിൽ അവരുടെ ബുദ്ധിമുട്ടിൽ അവൾ അവരെ സഹായിക്കട്ടെ. അവർ സഭയ്‍ക്ക് ഒരു ഭാരമായിത്തീരരുത്. സാക്ഷാൽ വിധവമാരെ സഹായിക്കേണ്ട ചുമതല സഭയ്‍ക്കുണ്ടല്ലോ.
17നന്നായി ഭരിക്കുന്ന സഭാമുഖ്യന്മാരെ, വിശിഷ്യ പ്രസംഗിച്ചും പ്രബോധിപ്പിച്ചും അധ്വാനിക്കുന്നവരെ ഇരട്ടി പ്രതിഫലത്തിനു യോഗ്യരായി പരിഗണിച്ചുകൊള്ളുക. 18‘മെതിക്കുന്ന കാളയുടെ വായ് മൂടിക്കെട്ടരുത്’ എന്നു വേദഗ്രന്ഥത്തിൽ പറയുന്നു. ‘വേലക്കാരൻ തന്റെ കൂലിക്കു യോഗ്യൻ’ എന്നും എഴുതപ്പെട്ടിട്ടുണ്ട്. 19രണ്ടോ മൂന്നോ സാക്ഷികളുടെ തെളിവുകൂടാതെ സഭാമുഖ്യന്മാരുടെ പേരിലുള്ള ഒരു കുറ്റാരോപണവും സ്വീകരിക്കരുത്. 20പാപം ചെയ്തുകൊണ്ടിരിക്കുന്നവരെ പരസ്യമായി ശാസിക്കുക. അങ്ങനെ ചെയ്താൽ മറ്റുള്ളവർക്കും ഭയമുണ്ടാകുമല്ലോ.
21ആരുടെയും മുഖം നോക്കാതെയും പക്ഷപാതപരമായി ഒന്നും ചെയ്യാതെയും ഈ നിയമങ്ങൾ പാലിക്കണമെന്ന് ദൈവത്തെയും ക്രിസ്തുയേശുവിനെയും തിരഞ്ഞെടുക്കപ്പെട്ട മാലാഖമാരെയും സാക്ഷി നിറുത്തി ഞാൻ ആജ്ഞാപിക്കുന്നു. 22കൈവയ്പു നല്‌കി ആരെയെങ്കിലും സഭാമുഖ്യനായി നിയോഗിക്കുന്നതിൽ തിടുക്കം കൂട്ടരുത്; മറ്റൊരുവന്റെ പാപത്തിൽ പങ്കുചേരുകയുമരുത്. നീ നിന്നെത്തന്നെ നിർമ്മലനായി സൂക്ഷിച്ചുകൊള്ളുക.
23വെള്ളം മാത്രമേ കുടിക്കൂ എന്നു വയ്‍ക്കാതെ കൂടെക്കൂടെയുണ്ടാകാറുള്ള നിന്റെ അസുഖങ്ങളും ഉദരരോഗങ്ങളും നിമിത്തം അല്പം വീഞ്ഞു കുടിച്ചുകൊള്ളുക.
24ചിലരുടെ പാപങ്ങൾ വളരെ വ്യക്തമാണ്. അവരെക്കുറിച്ചുള്ള വിധി കല്പിക്കുന്നതിന് അവ ഇടയാക്കുന്നു. മറ്റുചിലരുടെ പാപങ്ങളാകട്ടെ, പിന്നീടു മാത്രമേ വെളിച്ചത്തു വരികയുള്ളൂ. 25അതുപോലെതന്നെ, സൽപ്രവൃത്തികളും വ്യക്തമാണ്. അല്ലെങ്കിൽത്തന്നെയും അവയെ മറച്ചുവയ്‍ക്കുവാൻ സാധ്യമല്ല.

Currently Selected:

1 TIMOTHEA 5: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy