YouVersion Logo
Search Icon

1 SAMUELA 31

31
ശൗലിന്റെയും പുത്രന്മാരുടെയും അന്ത്യം
(1 ദിന. 10:1-12)
1ഫെലിസ്ത്യർ ഇസ്രായേലിനോടു യുദ്ധം ചെയ്തു. ഫെലിസ്ത്യരുടെ മുമ്പിൽനിന്നു തോറ്റോടിയ ഇസ്രായേല്യർ ഗിൽബോവപർവതത്തിൽ മരിച്ചുവീണു. 2ഓടിപ്പോയ ശൗലിനെയും പുത്രന്മാരെയും അവർ പിന്തുടർന്നു; പുത്രന്മാരായ യോനാഥാനെയും അബീനാദാബിനെയും മൽക്കീശൂവയെയും അവർ വധിച്ചു. 3ശൗലിനെതിരെ അവർ ഉഗ്രമായി പോരാടി; വില്ലാളികൾ ശൗലിനെ കണ്ടെത്തി മാരകമായി മുറിവേല്പിച്ചു. 4അപ്പോൾ ശൗൽ തന്റെ ആയുധവാഹകനായ യുവാവിനോടു പറഞ്ഞു: “പരിച്ഛേദനം ഏല്‌ക്കാത്ത ഇവർ വന്ന് എന്നെ അപമാനിക്കുകയോ കൊല്ലുകയോ ചെയ്യുന്നതിനുമുമ്പ് നിന്റെ വാൾ ഊരി എന്നെ കൊല്ലുക.” ആ യുവാവ് വല്ലാതെ ഭയപ്പെട്ടതുകൊണ്ട് അങ്ങനെ ചെയ്തില്ല. അതിനാൽ ശൗൽ സ്വന്തം വാളൂരി അതിന്മേൽ വീണു. 5ശൗൽ മരിച്ചു എന്നു കണ്ടപ്പോൾ യുവാവും സ്വന്തം വാളിന്മേൽ വീണ് അദ്ദേഹത്തോടൊപ്പം മരിച്ചു. 6അങ്ങനെ അന്നുതന്നെ ശൗലും മൂന്നു പുത്രന്മാരും ആയുധവാഹകനായ യുവാവും ശൗലിന്റെ കൂടെ ഉണ്ടായിരുന്നവരും ഒന്നിച്ചു മരിച്ചു; 7ശൗലും പുത്രന്മാരും മരിക്കുകയും കൂടെ ഉണ്ടായിരുന്നവർ ഓടിപ്പോകുകയും ചെയ്ത വിവരം ജെസ്രീൽതാഴ്‌വരയുടെ മറുവശത്തും യോർദ്ദാൻനദിയുടെ അക്കരയും ഉണ്ടായിരുന്ന ഇസ്രായേല്യർ കേട്ടപ്പോൾ അവരും തങ്ങളുടെ പട്ടണങ്ങൾ വിട്ട് ഓടിപ്പോയി. ഫെലിസ്ത്യർ അവിടെ ചെന്നു പാർക്കുകയും ചെയ്തു.
8കൊല്ലപ്പെട്ടവരുടെ വസ്തുവകകൾ കൊള്ളയടിക്കാൻ ഫെലിസ്ത്യർ പിറ്റേ ദിവസം വന്നപ്പോൾ ശൗലും പുത്രന്മാരും ഗിൽബോവ പർവതത്തിൽ മരിച്ചുകിടക്കുന്നതു കണ്ടു. 9അവർ ശൗലിന്റെ തല വെട്ടിയെടുത്തു; അദ്ദേഹത്തിന്റെ ആയുധങ്ങളും അഴിച്ചെടുത്തു. തങ്ങളുടെ ക്ഷേത്രങ്ങളിലും ജനങ്ങളുടെ ഇടയിലും ഈ സദ്‍വാർത്ത അറിയിക്കാൻ ഫെലിസ്ത്യർ ദേശത്തെല്ലാം ദൂതന്മാരെ അയച്ചു. 10ശൗലിന്റെ ആയുധങ്ങൾ അസ്താരോത്തിന്റെ ക്ഷേത്രത്തിൽ വച്ചു. അദ്ദേഹത്തിന്റെ ശരീരം ബേത്ത്-ശാൻ പട്ടണത്തിന്റെ മതിലിന്മേൽ തൂക്കി. 11ഫെലിസ്ത്യർ ശൗലിനോടു ചെയ്തത് എന്തെന്നു ഗിലെയാദിലെ യാബേശ്നിവാസികൾ കേട്ടപ്പോൾ 12അവരിൽ യുദ്ധവീരന്മാരായ ആളുകൾ രാത്രി മുഴുവനും സഞ്ചരിച്ച് ബേത്ത്-ശാന്റെ മതിലിൽനിന്നും ശൗലിന്റെയും പുത്രന്മാരുടെയും മൃതശരീരങ്ങൾ എടുത്തു യാബേശിൽ കൊണ്ടുവന്നു ദഹിപ്പിച്ചു. 13അവരുടെ അസ്ഥികൾ ശേഖരിച്ച് യാബേശ് പട്ടണത്തിലെ പിചുലവൃക്ഷത്തിന്റെ ചുവട്ടിൽ സംസ്കരിച്ചു. അവർ ഏഴു ദിവസം ഉപവസിക്കുകയും ചെയ്തു.

Currently Selected:

1 SAMUELA 31: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy