അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അത്യുന്നതനായ ദൈവം തന്റെ വേലയ്ക്കായി വ്യക്തികളെ തിരഞ്ഞെടുക്കുമ്പോള്‍ അവരുടെ അനേക ന്യൂനതകള്‍ ചൂണ്ടിക്കാട്ടുവാന്‍ ലോകത്തിനു കഴിയും. ബാഹ്യമായ ഭക്തിപ്രകടനങ്ങളോ, ആത്മീയ ശുശ്രൂഷകരുടെ വേഷസംവിധാനങ്ങളോ, പൂര്‍വ്വകാല പാരമ്പര്യങ്ങളോ, ശുശ്രൂഷയില്‍ പ്രാമുഖ്യമോ ഒന്നും ഇല്ലാത്തതുകൊണ്ട് ദൈവം അവര്‍ക്കു നല്‍കുന്ന കൃപാദാനങ്ങളെ അംഗീകരിക്കുവാന്‍ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി അധികാരം പേറുന്നവര്‍ക്കുപോലും പലപ്പോഴും കഴിയാറില്ല. ദമസ്‌കൊസില്‍ ഉണ്ടായിരുന്ന തന്റെ ശിഷ്യനായ അനന്യാസിനോട്, നേര്‍വീഥി എന്ന തെരുവില്‍ യൂദായുടെ വീട്ടില്‍ പാര്‍ക്കുന്ന ശൗല്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അവന്‍ കാഴ്ച പ്രാപിക്കേണ്ടതിന് അവന്റെമേല്‍ കൈ വച്ച് പ്രാര്‍ത്ഥിക്കണമെന്നും കര്‍ത്താവ് കല്പിച്ചു. കര്‍ത്താവ് ദര്‍ശനത്തില്‍ സംസാരിച്ചിട്ടും അത് അനന്യാസിന് തല്‍ക്ഷണം അംഗീകരിക്കുവാനോ അനുസരിക്കുവാനോ കഴിയാതെ ശൗല്‍ കര്‍ത്താവിന്റെ വിശുദ്ധന്മാര്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന ദോഷങ്ങളാണ് അനന്യാസ് കര്‍ത്താവിനോടു വിവരിച്ചത്. ''എന്റെ നാമം വഹിക്കുവാന്‍ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന ഒരു ഉപകരണമാണ് അവന്‍'' എന്നു കല്പിച്ച് കര്‍ത്താവ് അനന്യാസിനെ ശൗലിന്റെ അടുത്തേക്ക് അയച്ചു. ദമസ്‌കൊസിന്റെ പടിവാതില്‍ക്കല്‍വച്ച് കര്‍ത്താവിന്റെ വിളി കേട്ട നിമിഷംമുതല്‍, ശൗല്‍ തന്റെ കഴിഞ്ഞകാല ജീവിതത്തെ ഓര്‍ത്തു സങ്കടപ്പെട്ട്, കര്‍ത്താവിനായി സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച്, ഭക്ഷണപാനീയങ്ങള്‍ വെടിഞ്ഞ് പ്രാര്‍ത്ഥിക്കുകയായിരുന്നു. പ്രാര്‍ത്ഥിക്കുന്ന അനേക ശിഷ്യന്മാര്‍ കര്‍ത്താവിന് ദമസ്‌കൊസില്‍ ഉണ്ടായിരുന്നുവെങ്കിലും, തന്റെ വിളി കേട്ട്, ജീവിതത്തിന്റെ ഔന്നത്യങ്ങള്‍ ഉപേക്ഷിച്ച ശൗലിന്റെ സമ്പൂര്‍ണ്ണ സമര്‍പ്പണത്തോടെയുള്ള പ്രാര്‍ത്ഥനയ്ക്ക് കര്‍ത്താവ് ക്ഷണത്തില്‍ മറുപടി നല്‍കി.
സഹോദരാ! സഹോദരീ! നിന്റെ പ്രാര്‍ത്ഥനാജീവിതം എങ്ങനെയുള്ളതാണ്? നീ പ്രാര്‍ത്ഥിക്കുന്നുവെന്ന് കര്‍ത്താവിനു നിന്നെക്കുറിച്ച് പറയുവാന്‍ കഴിയുമോ? നിന്നെത്തന്നെ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ ശൗലിനെ ഉപയോഗിച്ച കര്‍ത്താവ് നിന്നെയും ഉപയോഗിക്കുമെന്ന് നീ മനസ്സിലാക്കുമോ? ശൗലിനെപ്പോലെ കര്‍ത്താവിന്റെ വിളി കേള്‍ക്കുവാന്‍ ഈ അവസരത്തില്‍ നിനക്കു കഴിയുമോ? അങ്ങനെയെങ്കില്‍, കര്‍ത്താവിന്റെ നാമം വഹിക്കുവാന്‍ തിരഞ്ഞെടുക്കപ്പെടുന്ന ഉപകരണങ്ങളിലൊന്നായി നീയും മാറുമെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചുകളയരുത്.
പ്രാര്‍ത്ഥിപ്പാനും സാക്ഷിപ്പാനും
സഹായിക്കണമെന്നേശുവേ
കഴുകേണമേ കര്‍ത്തനേ
തിരുരക്തത്താലെന്നെ മുഴുവന്‍ ദൈവമേ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com