അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അത്യുന്നതനായ ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ കൈമുതലാക്കിക്കൊണ്ട്, ദൈവത്തില്‍ സമ്പൂര്‍ണ്ണമായി വിശ്വസിച്ച്, ദൈവത്തിന്റെ വാക്കനുസരിച്ച്, ജീവിതയാത്രയില്‍ മുമ്പോട്ടിറങ്ങുമ്പോള്‍ കടന്നുവരുന്ന അപ്രതീക്ഷിതമായ ആപല്‍സന്ധികള്‍, വിളിച്ചിറക്കിയ ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് അനേകരില്‍ സംശയം ജനിപ്പിക്കാറുണ്ട്. യഹോവയാം ദൈവം തന്റെ ജനത്തെ മിസ്രയീമില്‍നിന്നു വിടുവിച്ച് ചെങ്കടലിനരികെ പാളയമടിക്കുവാന്‍ കല്പിച്ചപ്പോള്‍ അതിന്റെ പൊരുളെന്തെന്ന് മോശെയ്‌ക്കോ യിസ്രായേല്‍മക്കള്‍ക്കോ മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല. അവരെ വീണ്ടും അടിമകളായി പിടിക്കുവാന്‍ ഫറവോന്‍ വിശേഷപ്പെട്ട അറുനൂറു രഥങ്ങളുള്‍പ്പടെ സകല രഥങ്ങളും കുതിരകളും കുതിരപ്പടയും സര്‍വ്വസൈന്യവുമായി പിന്തുടര്‍ന്നപ്പോള്‍ യിസ്രായേല്‍മക്കള്‍ മോശെയോട് ''മിസ്രയീമില്‍ ശവക്കുഴിയില്ലാതിരുന്നിട്ടാണോ നീ ഞങ്ങളെ മരുഭൂമിയില്‍ മരിക്കുവാനായി കൂട്ടിക്കൊണ്ടുവന്നത്?'' എന്നു നിലവിളിച്ചു. എന്തെന്നാല്‍ മുമ്പോട്ടു പോകുവാന്‍ കഴിയാത്തവിധം ആര്‍ക്കും കടക്കുവാന്‍ കഴിയാത്ത ചെങ്കടല്‍ ആയിരുന്നു അവരുടെ മുമ്പിലുണ്ടായിരുന്നത്. പിന്നില്‍ വിജയഭേരി മുഴക്കിക്കൊണ്ട് അനുനിമിഷം അടുത്തുകൊണ്ടിരിക്കുന്ന ഫറവോന്യസൈന്യം.... ആ നിമിഷങ്ങളുടെ ദുര്‍ബ്ബലതയില്‍ ദൈവത്തെ അവര്‍ മറന്നുപോയി. ഹൃദയാഗാധങ്ങളില്‍നിന്നുമുയര്‍ന്ന മോശെയുടെ നിലവിളിക്കു മുമ്പില്‍ ''മുമ്പോട്ടുപോകുവാന്‍'' കല്പിച്ച യഹോവയാം ദൈവം മോശെയുടെ വടി എടുത്ത് കടലിന്മേല്‍ നീട്ടി അതിനെ വിഭാഗിക്കുവാന്‍ കല്പിച്ചു. ചെങ്കടലിനെ രണ്ടായി പിളര്‍ന്ന്, തന്റെ ജനത്തെ അടിമവേല ചെയ്യിച്ച നിത്യശത്രുവായ ഫറവോനെയും അവന്റെ സകല സൈന്യത്തെയും എന്നെന്നേക്കുമായി നശിപ്പിക്കുവാന്‍ യിസ്രായേല്‍മക്കളെ ചെങ്കടലിന്റെ തീരത്തേക്ക് കൊണ്ടുവരേണ്ടത് യഹോവയാം ദൈവത്തിന്റെ ആവശ്യമായിരുന്നു.
സഹോദരാ! സഹോദരീ! വേദനയുടെയും യാതനയുടെയും ചെങ്കടല്‍ തീര്‍ത്ത് മുമ്പോട്ടുപോകുവാനാകാതെ നീ നില്‍ക്കുകയാണോ? എങ്ങോട്ടും ഓടി രക്ഷപ്പെടുവാനാവാത്ത കഷ്ടനഷ്ട വ്യൂഹങ്ങളാല്‍ നീ വലയം ചെയ്യപ്പെട്ടിരിക്കുന്നുവോ? നിന്റെ ശത്രുക്കള്‍ ജയഭേരി മുഴക്കിക്കൊണ്ടു നിന്നെ പിന്തുടരുന്നുവോ? എങ്കില്‍ ഭയപ്പെടേണ്ട; ഇപ്പോള്‍ നീ യഹോവയോട് നിലവിളിക്കൂ! നിന്റെ മുമ്പിലുള്ള ചെങ്കടലിനെ പിളര്‍ക്കുവാന്‍ അവന്‍ മതിയായവനാണെന്നു നീ മനസ്സിലാക്കുമോ?
ചെങ്കടല്‍ പിളര്‍ന്നതില്‍ ഫറവോനെ താഴ്ത്തി
മരുഭൂയാത്രയില്‍ നടത്തുന്ന നാമം
ജയിക്കും ജയിപ്പിക്കും ജയത്താല്‍ നയിക്കുന്ന
ജയവീരനേശുവിന്‍ ജയിക്കുന്ന നാമം. യേശുവിന്‍ നാമം...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com