അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 70 ദിവസം

ദൈവത്തില്‍നിന്നു സുഖവും സമ്പത്തും സന്തോഷവും സമാധാനവും ലഭിക്കുവാനാണ് ഇന്ന് അനേകര്‍ ദൈവസന്നിധിയിലേക്കു കടന്നുവരുന്നത്. ആവശ്യങ്ങളുടെ കൂമ്പാരങ്ങളുമായി കടന്നുവരുന്ന അവര്‍, തങ്ങള്‍ ദൈവത്തിനുവേണ്ടി എന്തു കൊടുത്തിട്ടുണ്ടെന്നോ എന്തു കൊടുക്കണമെന്നോ ചിന്തിക്കാറില്ല. വ്യക്തിപരമായ ലാഭേച്ഛകള്‍ക്കായും കാര്യസാദ്ധ്യതകള്‍ക്കായും ദൈവത്തിനുവേണ്ടി കൊടുക്കുന്നവര്‍ സ്വാര്‍ത്ഥതയുടെയും സാഹചര്യങ്ങളുടെയും സമ്മര്‍ദ്ദങ്ങളാല്‍ ദൈവത്തിനായി കൊടുക്കുന്നവരാണ്. ദൈവത്തോടുള്ള സ്‌നേഹമാണ് ദൈവത്തിനുവേണ്ടി കൊടുക്കുവാന്‍ നമ്മെ ഉത്സാഹിപ്പിക്കേണ്ടത്. നാം മറ്റു പലതിനും, പലര്‍ക്കും കൊടുക്കുവാന്‍ വ്യക്തമായി തീരുമാനിക്കുന്നതുപോലെ, ദൈവത്തിനുവേണ്ടി കൊടുക്കുന്നതിനെക്കുറിച്ചും വ്യക്തമായ ആലോചനയോടുകൂടിയ തീരുമാനം ഹൃദയത്തില്‍ എടുക്കണം. നമ്മുടെ പ്രഭാവത്തിനും പ്രശസ്തിക്കും പ്രശോഭയുണ്ടാകുവാന്‍ നല്‍കുന്നതിനെക്കാളുപരി, സര്‍വ്വശക്തനായ ദൈവത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ആവശ്യം മനസ്സിലാക്കി നമ്മുടെ കഴിവനുസരിച്ച് നല്‍കുമ്പോഴാണ് നാം സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങളുടെ അവകാശികളായിത്തീരുന്നത്. എന്തെന്നാല്‍ ദൈവം നമുക്കു തരുന്നതുകൊണ്ടാണ് നമുക്കു കൊടുക്കുവാന്‍ കഴിയുന്നത്. നമ്മുടെ വീട്ടാവശ്യങ്ങള്‍ക്കും സമ്പാദ്യത്തിനും കുഞ്ഞുങ്ങള്‍ക്കും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ നമ്മുടെ പ്രതിമാസ വരുമാനം വിഭജിക്കുമ്പോള്‍, ആ മാസം, ആരോഗ്യത്തോടെ നമ്മെ പരിപാലിച്ച് ഈ വരുമാനം ലഭിക്കുവാന്‍ മുഖാന്തരമൊരുക്കിയ ദൈവത്തിനു നല്‍കേണ്ട പങ്കിനെക്കുറിച്ച് അധികമാരും ഓര്‍മ്മിക്കാറില്ല. 

                      ദൈവപൈതലേ! നീ ദൈവത്തിനുവേണ്ടി എന്തു കൊടുത്തിട്ടുണ്ട്? ശമ്പളമില്ല, വരുമാനമില്ല എന്നൊക്കെയും പറഞ്ഞ് നിനക്കു രക്ഷപ്പെടുവാന്‍ കഴിഞ്ഞേക്കാം! ജോലിയില്ലാതെ അടുക്കളയില്‍ മാത്രം കഴിയുന്നു എന്നു സങ്കടപ്പെടുന്ന സഹോദരീ, അനുദിനം ഒരു പിടി അരി ദൈവത്തിനുവേണ്ടി മാറ്റിവയ്ക്കുവാന്‍ നിനക്കു കഴിയുകയില്ലേ? സാമ്പത്തികമായ പരാധീനതകള്‍കൊണ്ട് ദൈവത്തിന് ഒന്നും കൊടുക്കുവാന്‍ കഴിയുന്നില്ലെന്ന് പറയുന്ന സഹോദരാ, നിന്റെ ശരീരംകൊണ്ട് ദൈവത്തിനായി അദ്ധ്വാനിക്കുവാന്‍ കഴിയുകയില്ലേ? കര്‍ത്താവിനുവേണ്ടി നീ സന്തോഷത്തോടെ ഏതുവിധത്തില്‍ കൊടുത്താലും നീ കൊടുക്കുന്ന ഓരോ അംശത്തിനും, അവന്‍ നിനക്കു കുലുക്കി അളന്ന് നല്ല ഒരളവ്, നിന്റെ മടിയില്‍ തരും! കര്‍ത്താവ് ഒരിക്കലും നിനക്കു കടക്കാരനായിരിക്കുകയില്ല എന്നു നീ ഓര്‍ക്കുമോ? 

എന്തു ഞാന്‍ നിനക്കു നല്‍കുമെന്‍ ദൈവമേ 

സര്‍വ്വലോകം സൃഷ്ടിച്ച നിന്‍ സന്നിധേ 

സാധുവിന്‍ കാഴ്ചയും ദശാംശവും 

സുഗന്ധമായ് തീര്‍ന്നിടേണമേ.                 സര്‍വ്വശക്തനായ....

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com