അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 66 ദിവസം

നാമൊക്കെയും കര്‍ത്താവിനെ സ്‌നേഹിക്കുന്നുവെന്നും, ഒരുപക്ഷേ അത്യധികമായി സ്‌നേഹിക്കുന്നുവെന്നും അവകാശപ്പെടുന്നവരാണ്. നമ്മുടെ വാചാലമധുരമായ സ്‌നേഹം നമുക്കു ജീവിതയാത്രയില്‍ എത്ര മാത്രം പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുന്നുവെന്ന് സ്വയം പരിശോധിക്കുമ്പോള്‍ യേശുവിനെക്കാള്‍ ഉപരിയായി നാം മറ്റു പലതിനെയും സ്‌നേഹിക്കുന്നുവെന്ന് ബോദ്ധ്യമാകും. കര്‍ത്താവ് ജീവിച്ചിരുന്നപ്പോള്‍, അവനെ പിന്തുടര്‍ന്നിരുന്ന അനേകരില്‍ ഒരുവളായിരുന്നു മഗ്ദലക്കാരി മറിയ. കര്‍ത്താവ് തിരഞ്ഞെടുത്ത ശിഷ്യന്മാരിലോ പിന്നീട് തിരഞ്ഞെടുത്ത എഴുപതുപേരിലോ അവളില്ലായിരുന്നു. പക്ഷേ ആഴ്ചവട്ടത്തിന്റെ ഒന്നാം നാളില്‍ അതിരാവിലെ ഇരുട്ടുള്ളപ്പോള്‍ കര്‍ത്താവിന്റെ മൃതദേഹത്തില്‍ പൂശുവാന്‍ സുഗന്ധവര്‍ഗ്ഗവുമായി സെമിത്തേരിയില്‍ എത്തിയത് കര്‍ത്താവിനുവേണ്ടി മരിക്കുവാനും തടവിലാകുവാനും സന്നദ്ധരാണെന്നു പറഞ്ഞ ശിഷ്യന്മാര്‍ അല്ലായിരുന്നു. പിന്നെയോ കര്‍ത്താവ് ഏഴു ഭൂതങ്ങളെ പുറത്താക്കി രക്ഷിച്ച മഗ്ദലക്കാരി മറിയ മാത്രമായിരുന്നു. ഇരുട്ടുള്ളപ്പോള്‍ ഏകയായി സഞ്ചരിച്ചാല്‍ നേരിടേണ്ടിവരുന്ന ഭവിഷ്യത്തുകള്‍ തൃണവല്‍ഗണിച്ച്, തന്റെ ജീവന്‍തന്നെ പണയപ്പെടുത്തിക്കൊണ്ടാണ് അവള്‍ അതിരാവിലെ കര്‍ത്താവിന്റെ കല്ലറയുടെ സമീപത്തേക്ക് കടന്നുചെന്നത്. കര്‍ത്താവിന്റെ ശരീരം കാണാത്തതിനാല്‍ ശിഷ്യന്മാര്‍ വീട്ടിലേക്കു മടങ്ങിപ്പോയിട്ടും തന്റെ ചുമതല പൂര്‍ത്തിയാക്കി എന്നുള്ള ന്യായീകരണത്തോടെ പിന്തിരിയാതെ ആ കല്ലറയുടെ പുറത്തുനിന്ന് മറിയ കണ്ണുനീരോടെ കര്‍ത്താവിന്റെ ശരീരം തിരഞ്ഞു. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന് മറിയയുടെ ആഴമേറിയ സ്‌നേഹത്തെ മറികടന്നുപോകുവാന്‍ കഴിഞ്ഞില്ല. ഇരുളടഞ്ഞ ആ പ്രഭാതത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ ശബ്ദം ''മറിയയേ'' എന്നുള്ള വിളിയിലൂടെ ലോകം ആദ്യമായി കേട്ടു. 

                   സഹോദരങ്ങളേ! യേശുവിനെ സ്‌നേഹിക്കുന്നുവെന്ന് അഭിമാനിക്കുന്ന നിങ്ങള്‍ക്ക് സമൂഹത്തില്‍നിന്നോ സഭയില്‍നിന്നോ ഉണ്ടാകുവാന്‍ സാദ്ധ്യതയുള്ള ഭീഷണികളെയും അപകീര്‍ത്തികളെയും ഭയപ്പെടാതെ, മഗ്ദലക്കാരി മറിയയെപ്പോലെ, നിങ്ങളെ രക്ഷിച്ച കര്‍ത്താവിന്റെ സാക്ഷികളായിത്തീരുവാന്‍ നിങ്ങള്‍ക്കു കഴിയുമോ? കഴിയുമെങ്കില്‍ മറിയയെ പേരു ചൊല്ലി വിളിച്ച കര്‍ത്താവിന്റെ ഇമ്പമാര്‍ന്ന ശബ്ദം നിങ്ങള്‍ക്കും കേള്‍ക്കുവാന്‍ കഴിയുമെന്ന് മനസ്സിലാക്കുമോ? 

സ്‌നേഹമാം ദൈവത്തിന്‍ ഏകജാതനാം 

യേശുവിന്‍ സ്‌നേഹത്തെ നീ മറന്നുവോ 

യേശുവിന്‍.... യേശുവിന്‍.... 

രക്തം നിന്നെ വീണ്ടെടുത്തതോര്‍ക്കുമോ?                  കാല്‍വറിയില്‍....

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com