അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തെ മറന്ന് കഷ്ടത്തിലൂടെയും പീഡനത്തിലൂടെയും ദീര്‍ഘകാലം യാനം ചെയ്തു കഴിഞ്ഞാണ് അനേകര്‍ ദൈവത്തിന്റെ കാരുണ്യം തിരയുന്നത്. അന്യദൈവങ്ങളെ ആരാധിച്ച യിസ്രായേല്‍മക്കളെ ഏബെന്‍-ഏസെരില്‍ വച്ച് ഫെലിസ്ത്യര്‍ ഭീകരമായി തോല്പിച്ചു. തങ്ങള്‍ പിടിച്ചെടുത്ത യഹോവയുടെ നിയമപെട്ടകം ഫെലിസ്ത്യര്‍, ഏഴു മാസം കഴിഞ്ഞു തിരിച്ചയച്ചുവെങ്കിലും യിസ്രായേല്‍മക്കള്‍ ദൈവസന്നിധിയിലേക്കു മടങ്ങിവരാഞ്ഞതുകൊണ്ട് നീണ്ട ഇരുപതു സംവത്സരങ്ങള്‍കൂടി അവരെ പീഡിപ്പിക്കുവാന്‍ ദൈവം ഫെലിസ്ത്യരെ അനുവദിച്ചു. അതിന്റെ അന്ത്യത്തില്‍ അവര്‍ ദൈവത്തോടു നിലവിളിക്കുമ്പോള്‍ ശമൂവേല്‍ അവരോട് ''അന്യദൈവങ്ങളെയും അസ്‌തോരെത്ത്പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയില്‍നിന്ന് നീക്കിക്കളഞ്ഞ് നിങ്ങളുടെ ഹൃദയങ്ങള്‍ യഹോവയിങ്കലേക്കു തിരിക്കുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുവിന്‍; എന്നാല്‍ അവന്‍ നിങ്ങളെ ഫെലിസ്ത്യരുടെ കൈയില്‍നിന്നു വിടുവിക്കും'' (1 ശമൂവേല്‍ 7 : 3) എന്ന് ഉദ്‌ബോധിപ്പിക്കുന്നു. ശമൂവേല്‍പ്രവാചകന്‍ അവരോടൊപ്പം ഉണ്ടായിരുന്നിട്ടും ദൈവത്തെ മറന്നു ജീവിച്ചതു നിമിത്തം ഉണ്ടായ പീഡനങ്ങളില്‍നിന്ന് ദൈവം അവരെ വിടുവിക്കുകയോ വിമോചിപ്പിക്കുകയോ ചെയ്തില്ല. തങ്ങളുടെ കഷ്ടനഷ്ടങ്ങളുടെ താഴ്‌വരയില്‍ ശമൂവേല്‍പ്രവാചകന്റെ വാക്കനുസരിച്ച് യിസ്രായേല്‍മക്കള്‍ മിസ്പയില്‍ ഒന്നിച്ചുകൂടി ഉപവസിച്ചു. തങ്ങളുടെ പാപത്തെക്കുറിച്ച് അവര്‍ അനുതപിച്ചു. അപ്പോള്‍, യിസ്രായേല്‍മക്കള്‍ മിസ്പയില്‍ ഒന്നിച്ചുകൂടി എന്നറിഞ്ഞ് അവരെ തകര്‍ക്കുവാന്‍ പുറപ്പെട്ടു വന്ന ഫെലിസ്ത്യരെ യഹോവ വലിയ ഇടിമുഴക്കി പരിഭ്രമിപ്പിച്ചു. അവര്‍ തോറ്റോടിയപ്പോള്‍ യിസ്രായേല്‍മക്കള്‍ അവരെ സംഹരിച്ച് തങ്ങളുടെ അടിമത്തത്തിന്റെ നുകം തകര്‍ത്തുകളഞ്ഞു.
സഹോദരാ! സഹോദരീ! നീ ദൈവത്തെ മറന്നാണ് ജീവിക്കുന്നതെങ്കില്‍ നിന്റെ കഷ്ടങ്ങളില്‍നിന്നു നിന്നെ രക്ഷിക്കുവാന്‍ ഒരു പ്രവാചകനും കഴിയുകയില്ലെന്ന് നീ മനസ്സിലാക്കുമോ? യിസ്രായേല്‍മക്കളെപ്പോലെ ഉപവാസത്തോടും പ്രാര്‍ത്ഥനയോടും ദൈവത്തിന്റെ സന്നിധിയില്‍ നിന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുമ്പോള്‍ അവന്‍ നിന്റെ ശത്രുക്കളെ തകര്‍ത്ത് നിന്നെ രക്ഷിക്കുകയും യഥാസ്ഥാനപ്പെടുത്തുകയും ചെയ്യുമെന്ന് ഈ അവസരത്തില്‍ മനസ്സിലാക്കുമോ?
പാപത്തെ വിട്ടോടിടാം അനുതപിച്ചിടാം
വിശുദ്ധിയില്‍ വളര്‍ന്നിടാം
വിശ്വാസത്താല്‍ മുന്നേറിടാം എന്‍ പാറയും...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com