മർക്കോസ് 8:22, 23, 24, 25, 26, 27, 28, 29, 30, 31, 32, 33, 34, 35, 36, 37, 38
മർക്കോസ് 8:22 MCV
അവർ ബേത്ത്സയിദയിൽ എത്തി. അന്ധനായ ഒരാളെ ചിലർ കൊണ്ടുവന്ന് അയാളെ തൊടണമെന്ന് യേശുവിനോട് അപേക്ഷിച്ചു.
മർക്കോസ് 8:23 MCV
യേശു അന്ധന്റെ കൈക്കുപിടിച്ചു, ഗ്രാമത്തിനു പുറത്തുകൊണ്ടുപോയി. അദ്ദേഹം അയാളുടെ കണ്ണുകളിൽ തുപ്പി, തന്റെ കൈകൾ അയാളുടെമേൽ വെച്ചുകൊണ്ട് അയാളോട്, “നീ എന്തെങ്കിലും കാണുന്നുണ്ടോ?” എന്നു ചോദിച്ചു.
മർക്കോസ് 8:24 MCV
അയാൾ ചുറ്റും നോക്കിയിട്ട്, “ഞാൻ മനുഷ്യരെ കാണുന്നുണ്ട്. പക്ഷേ, വ്യക്തമായിട്ടല്ല, അവർ നടക്കുന്ന മരങ്ങളെപ്പോലെയാണ് കാണപ്പെടുന്നത്” എന്നു പറഞ്ഞു.
മർക്കോസ് 8:25 MCV
യേശു വീണ്ടും അയാളുടെ കണ്ണുകളിൽ കൈകൾ വെച്ചു. അപ്പോൾ അയാളുടെ കണ്ണുകൾ തുറന്നു. അയാൾക്കു കാഴ്ച തിരിച്ചു കിട്ടി. അയാൾ സകലതും വ്യക്തമായി കണ്ടു.
മർക്കോസ് 8:26 MCV
“ഗ്രാമത്തിനുള്ളിൽ പോകരുത്” എന്നു പറഞ്ഞ് യേശു അയാളെ നേരേ വീട്ടിലേക്കയച്ചു.
മർക്കോസ് 8:27 MCV
യേശുവും ശിഷ്യന്മാരും കൈസര്യ ഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു യാത്രയായി. പോകുന്ന വഴിയിൽ അദ്ദേഹം അവരോട്, “ഞാൻ ആര് ആകുന്നു എന്നാണ് ജനങ്ങൾ പറയുന്നത്?” എന്നു ചോദിച്ചു.
മർക്കോസ് 8:28 MCV
അതിനു ശിഷ്യന്മാർ, “യോഹന്നാൻസ്നാപകൻ എന്നു ചിലരും ഏലിയാവ് എന്നു മറ്റുചിലരും പ്രവാചകന്മാരിൽ ഒരാൾ എന്നു വേറെ ചിലരും പറയുന്നു” എന്നുത്തരം പറഞ്ഞു.
മർക്കോസ് 8:29 MCV
“എന്നാൽ നിങ്ങളോ?” യേശു ആരാഞ്ഞു, “ഞാൻ ആരാകുന്നു എന്നാണ് നിങ്ങൾ പറയുന്നത്?” “അങ്ങ് ക്രിസ്തു ആകുന്നു,” എന്ന് പത്രോസ് പ്രതിവചിച്ചു.
മർക്കോസ് 8:30 MCV
തന്നെപ്പറ്റി ആരോടും പറയരുത് എന്ന കർശനനിർദേശവും യേശു അവർക്കു നൽകി.
മർക്കോസ് 8:31 MCV
മനുഷ്യപുത്രൻ വളരെ കഷ്ടം സഹിക്കുകയും സമുദായനേതാക്കന്മാർ, പുരോഹിതമുഖ്യന്മാർ, വേദജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്ന് അദ്ദേഹം അവരെ ഉപദേശിച്ചുതുടങ്ങി.
മർക്കോസ് 8:32 MCV
അദ്ദേഹം ഈ കാര്യം തുറന്നുപറഞ്ഞപ്പോൾ പത്രോസ് അദ്ദേഹത്തെ മാറ്റിനിർത്തി ശാസിച്ചുതുടങ്ങി.
മർക്കോസ് 8:33 MCV
യേശുവോ തിരിഞ്ഞു തന്റെ ശിഷ്യന്മാരെ നോക്കിയിട്ട്, പത്രോസിനെ ശാസിച്ചു. “സാത്താനേ, എന്റെ മുമ്പിൽനിന്ന് പോ; നീ ദൈവത്തിന്റെ കാര്യങ്ങളല്ല, മനുഷ്യരുടെ കാര്യങ്ങളാണ് ചിന്തിക്കുന്നത്” എന്നു പറഞ്ഞു.
മർക്കോസ് 8:34 MCV
പിന്നെ അദ്ദേഹം ശിഷ്യന്മാരെയും ജനക്കൂട്ടത്തെയും അടുക്കൽ വിളിച്ച് ഇങ്ങനെ പറഞ്ഞു: “ഒരാൾ എന്റെ അനുയായി ആകാൻ ഇച്ഛിക്കുന്നെങ്കിൽ അയാൾ സ്വയം ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ.
മർക്കോസ് 8:35 MCV
സ്വന്തം ജീവനെ രക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു നഷ്ടമാകും; എന്നാൽ എന്റെ അനുയായി ആയതു നിമിത്തവും സുവിശേഷം നിമിത്തവും സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതിനെ രക്ഷിക്കും.
മർക്കോസ് 8:36 MCV
ഒരാൾ ലോകം മുഴുവൻ തന്റെ സ്വന്തമാക്കിയാലും സ്വന്തം ജീവൻ കൈമോശംവരുത്തിയാൽ അയാൾക്ക് എന്തു പ്രയോജനം?
മർക്കോസ് 8:37 MCV
അഥവാ, ഒരാൾക്ക് തന്റെ ജീവന്റെ വിലയായി എന്തു പകരം കൊടുക്കാൻ കഴിയും?
മർക്കോസ് 8:38 MCV
വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയുംകുറിച്ചു ലജ്ജിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും (ഞാനും) തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധദൂതരോടുകൂടെ വരുമ്പോൾ ലജ്ജിക്കും.”