YouVersion Logo
Search Icon

സെഖര്യാവ് 8

8
ജെറുശലേമിന്റെ അനുഗ്രഹം യഹോവ വാഗ്ദാനംചയ്യുന്നു
1അതിനുശേഷം സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി.
2സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ സീയോനെക്കുറിച്ച് അത്യധികം തീക്ഷ്ണതയുള്ളവനാണ്; അവൾക്കുവേണ്ടിയുള്ള തീക്ഷ്ണത എന്നിൽ ജ്വലിക്കുന്നു.”
3യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ സീയോനിലേക്കു മടങ്ങിവന്ന് ജെറുശലേമിൽ വസിക്കും. അപ്പോൾ ജെറുശലേം വിശ്വസ്തനഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പർവതം വിശുദ്ധപർവതം എന്നും വിളിക്കപ്പെടും.”
4സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇനി ഒരിക്കൽക്കൂടി ജെറുശലേമിന്റെ തെരുവീഥികളിൽ വൃദ്ധന്മാരും വൃദ്ധകളും ഇരിക്കും. പ്രായാധിക്യംനിമിത്തം ഓരോരുത്തൻ വടി കൈയിൽ പിടിച്ചിരിക്കും. 5പട്ടണവീഥികൾ കളിക്കുന്ന ബാലികാബാലന്മാരെക്കൊണ്ട് നിറഞ്ഞിരിക്കും.”
6സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് ഈ ജനങ്ങളുടെ അക്കാലത്തെ ശേഷിപ്പിന് അസാധ്യമെന്നു തോന്നിയാലും, എനിക്ക് അത് അസാധ്യമായിരിക്കുമോ?” എന്ന് സൈന്യങ്ങളുടെ യഹോവ പ്രസ്താവിക്കുന്നു.
7സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങളിൽനിന്നു ഞാൻ എന്റെ ജനത്തെ രക്ഷിക്കും. 8അവർ ജെറുശലേമിൽ വസിക്കേണ്ടതിന് ഞാൻ അവരെ മടക്കിക്കൊണ്ടുവരും; അവർ എന്റെ ജനമായിരിക്കും, ഞാൻ അവർക്കു നീതിയും വിശ്വസ്തതയുമുള്ള ദൈവമായിരിക്കും.”
9സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക, ‘ആലയം പണിയുന്നതിന് നിങ്ങളുടെ കരങ്ങൾ ബലമുള്ളവ ആയിരിക്കട്ടെ.’ സൈന്യങ്ങളുടെ യഹോവയുടെ ആലയം പണിയുന്നതിന് അടിസ്ഥാനമിട്ടപ്പോൾ അന്നു സന്നിഹിതരായിരുന്ന പ്രവാചകന്മാർ സംസാരിച്ച വചനങ്ങൾ ഇതുതന്നെ ആയിരുന്നു. 10ആ കാലത്തിനുമുമ്പ് മനുഷ്യനു ശമ്പളമോ മൃഗത്തിനു കൂലിയോ ഇല്ല. ഞാൻ മനുഷ്യരെ അവരുടെ അയൽവാസിക്കുനേരേ തിരിച്ചിരുന്നു. തന്റെ ശത്രുനിമിത്തം ആർക്കുംതന്നെ സുരക്ഷിതമായി അധ്വാനത്തിനു പോകാൻ കഴിഞ്ഞിരുന്നില്ല. 11എന്നാൽ ഞാൻ പണ്ടത്തെപ്പോലെ, ഈ ജനത്തിന്റെ ശേഷിപ്പിനോട് ഇപ്പോൾ ഇടപെടുകയില്ല,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
12“വിത്ത് നന്നായി വളരും, മുന്തിരിവള്ളി അതിന്റെ ഫലംതരും, നിലം ധാന്യം വിളയിക്കും, ആകാശം മഞ്ഞുപൊഴിക്കും. ഈ ജനത്തിന്റെ ശേഷിപ്പിന് ഇതെല്ലാം ഒരു അവകാശമായി നൽകും. 13നിങ്ങൾ രാഷ്ട്രങ്ങൾക്കിടയിൽ ഒരു ശാപകാരണം#8:13 യിര. 29:22 ആയിരുന്നതുപോലെ, യെഹൂദയേ, ഇസ്രായേലേ, ഞാൻ നിങ്ങളെ രക്ഷിക്കുകയും നിങ്ങൾ ഒരു അനുഗ്രഹമായിരിക്കുകയും ചെയ്യും.#8:13 ഉൽ. 48:20 ഭയപ്പെടരുത്; നിങ്ങളുടെ കൈകൾ ബലപ്പെട്ടിരിക്കട്ടെ.”
14സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ പിതാക്കന്മാർ എന്നെ പ്രകോപിപ്പിച്ചപ്പോൾ ഞാൻ നിങ്ങളുടെമേൽ അനർഥം വരുത്താൻ നിശ്ചയിക്കുകയും നിങ്ങളോട് ദയ കാണിക്കാതിരിക്കുകയും ചെയ്തതുപോലെ, 15ഞാൻ ഇക്കാലത്ത് ജെറുശലേമിനും യെഹൂദയ്ക്കും നന്മചെയ്യാൻ നിശ്ചയിച്ചിരിക്കുന്നു എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ഭയപ്പെടരുത്. 16നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്: നിങ്ങൾ പരസ്പരം സത്യം സംസാരിക്കുക, നിങ്ങളുടെ ന്യായസ്ഥാനങ്ങളിൽ സത്യമായും ന്യായമായും വിധിക്കുക; 17നിങ്ങൾ പരസ്പരം ദോഷം നിരൂപിക്കരുത്, വ്യാജശപഥംചെയ്യാൻ ഇഷ്ടപ്പെടരുത്. ഇവയൊക്കെയും ഞാൻ വെറുക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
18സൈന്യങ്ങളുടെ യഹോവയുടെ വചനം വീണ്ടും എനിക്കുണ്ടായി.
19സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നാലാമത്തെയും അഞ്ചാമത്തെയും ഏഴാമത്തെയും പത്താമത്തെയും മാസങ്ങളിലെ ഉപവാസങ്ങൾ, യെഹൂദയ്ക്കു സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും സന്ദർഭങ്ങളും ഉല്ലാസത്തിന്റെ ഉത്സവങ്ങളും ആയിരിക്കും. അതുകൊണ്ട് സത്യവും സമാധാനവും ഇഷ്ടപ്പെടുക.”
20സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അനേകം ജനതകളും പട്ടണവാസികളും ഇനിയും വരും. 21ഒരു പട്ടണത്തിൽ വസിക്കുന്നവർ അടുത്തൊരു പട്ടണത്തിൽപോയി ഇങ്ങനെ പറയും. ‘നമുക്ക് ഉടനെ പോയി യഹോവയെ പ്രസാദിപ്പിക്കാം, സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കാം. ഞാൻ പോകാൻ തീരുമാനിച്ചിരിക്കുന്നു.’ 22അങ്ങനെ അനേകം ജനതകളും ശക്തരായ രാജ്യങ്ങളും സൈന്യങ്ങളുടെ യഹോവയെ പ്രസാദിപ്പിക്കേണ്ടതിനു ജെറുശലേമിലേക്കു വരും.”
23സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ആ കാലത്ത്, സകലഭാഷക്കാരിൽനിന്നും ജനതകളിൽനിന്നും പത്തു പുരുഷന്മാർ, ഒരു യെഹൂദന്റെ വസ്ത്രത്തെ ബലമായി പിടിച്ചുകൊണ്ട്, ‘ദൈവം നിങ്ങളോടുകൂടെയുണ്ട് എന്നു ഞങ്ങൾ കേട്ടിരിക്കയാൽ, ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു,’ എന്നു പറയും.”

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in