YouVersion Logo
Search Icon

റോമർ 9

9
ദൈവത്തിന്റെ തെരഞ്ഞെടുപ്പ്
1ക്രിസ്തുവിന്റെ അനുഗാമിയായ ഞാൻ വ്യാജമല്ല, സത്യമാണു സംസാരിക്കുന്നത്; എന്റെ മനസ്സാക്ഷിയും പരിശുദ്ധാത്മാവും എനിക്കു സാക്ഷിയാണ്. 2എന്റെ ഹൃദയത്തിൽ വലിയ സങ്കടവും തീരാത്ത വേദനയുമുണ്ട് എന്നതു സത്യം. 3ഞാൻ സ്വയം ശാപഗ്രസ്തനായിത്തീർന്ന് ക്രിസ്തുവിനോടുള്ള ബന്ധത്തിൽനിന്ന് എന്നേക്കുമായി മാറ്റപ്പെടുന്നതിലൂടെ എന്റെ സഹോദരങ്ങളും സ്വന്തം വംശജരുമായ ഇസ്രായേൽജനത്തിനു പ്രയോജനം ഉണ്ടാകുന്നെങ്കിൽ ഞാൻ അതിനും സന്നദ്ധനാണ്. 4ഇസ്രായേല്യരായ അവർ ദൈവത്തിന്റെ പുത്രരായി ദത്തെടുക്കപ്പെട്ടവരാണ്; ദൈവികതേജസ്സ് അവർക്കു സ്വന്തം; അവരോടാണ് ദൈവം ഉടമ്പടികൾ ചെയ്തത്, അവർക്കാണ് ന്യായപ്രമാണം നൽകിത്; ദൈവാലയത്തിലെ ആരാധനയ്ക്കുള്ള പദവിയും വാഗ്ദാനങ്ങളും ദൈവം അവർക്കാണു നൽകിയത്. 5ആദരണീയരായ ഗോത്രപിതാക്കന്മാരാണ് അവരുടെ പൂർവികർ. ക്രിസ്തു മനുഷ്യനായി ജന്മമെടുത്തതും അവരിൽനിന്നുതന്നെ. അവിടന്ന് സർവാധിപതിയായ ദൈവവും എന്നേക്കും വാഴ്ത്തപ്പെട്ടവനും! ആമേൻ.
ദൈവത്തിന്റെ പരമാധികാരം
6ദൈവത്തിന്റെ വചനം പാഴായിപ്പോയെന്നല്ല. ഇസ്രായേല്യവംശത്തിൽ ജനിച്ചവരെല്ലാം യഥാർഥ ഇസ്രായേല്യർ ആകുന്നില്ല. 7അബ്രാഹാമിന്റെ കുലത്തിൽ ജനിച്ചു എന്ന കാരണത്താൽ അവരെല്ലാവരും അബ്രാഹാമിന്റെ മക്കൾ ആകുന്നുമില്ല. പിന്നെയോ, “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവൻ നിന്റെ സന്തതി എന്നു വിളിക്കപ്പെടും”#9:7 ഉൽ. 21:12 എന്നാണ് തിരുവെഴുത്തിൽ പറഞ്ഞിരിക്കുന്നത്. 8അതായത്, അബ്രാഹാമിൽനിന്ന് ശാരീരികമായി ജനിച്ച മക്കളല്ല ദൈവത്തിന്റെമക്കൾ. പിന്നെയോ, വാഗ്ദാനപ്രകാരം ജനിച്ചവരാണ് അബ്രാഹാമിന്റെ സന്തതികൾ എന്നു കണക്കാക്കപ്പെടുന്നത്. 9വാഗ്ദാനവചസ്സ് ഇപ്രകാരമാണ് നൽകപ്പെട്ടത്: “നിശ്ചിതസമയത്തു ഞാൻ മടങ്ങിവരും; അപ്പോൾ സാറയ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും.”#9:9 ഉൽ. 18:10,14
10ഈ മകനാണ് നമ്മുടെ പിതാവായ യിസ്ഹാക്ക്. അദ്ദേഹത്തിൽനിന്ന് റിബേക്ക ഗർഭവതിയായി. 11-12അവൾക്ക് ഇരട്ട ശിശുക്കൾ ജനിക്കുന്നതിനും അവർ ഗുണമോ ദോഷമോ പ്രവർത്തിക്കുന്നതിനും മുമ്പുതന്നെ, “മൂത്തവൻ ഇളയവനെ സേവിക്കും”#9:11-12 ഉൽ. 25:23 എന്നു ദൈവം റിബേക്കയോട് അരുളിച്ചെയ്തു. ഈ ആഹ്വാനം നൽകുന്ന ദൈവം അവിടത്തെ ഹിതം നിറവേറ്റാൻ തീരുമാനിക്കുന്നു. അതു പ്രവൃത്തികളുടെ അടിസ്ഥാനത്തിലല്ല എന്നു പ്രകടമാക്കേണ്ടതിനാണ് ഇങ്ങനെ ചെയ്യുന്നത്. 13“യാക്കോബിനെ ഞാൻ സ്നേഹിച്ചു. എന്നാൽ ഏശാവിനെ ഞാൻ വെറുത്തു”#9:13 മലാ. 1:2,3 എന്ന് എഴുതിയിരിക്കുന്നല്ലോ.
14അപ്പോൾ നാം എന്തുപറയും? ദൈവം അനീതിയുള്ളവൻ എന്നാണോ? ഒരിക്കലുമല്ല!
15“കൃപ ചെയ്യാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കൃപ ചെയ്യും.
കരുണകാണിക്കാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കരുണകാണിക്കും,”#9:15 പുറ. 33:19
എന്നു ദൈവം മോശയോടും അരുളിച്ചെയ്യുന്നു. 16ഇങ്ങനെ, മനുഷ്യന്റെ ആഗ്രഹമോ കഠിനാധ്വാനമോ അല്ല, ദൈവത്തിന്റെ കാരുണ്യമാണ് എല്ലാറ്റിനും അടിസ്ഥാനം. 17“എന്റെ ശക്തി നിന്നിലൂടെ പ്രദർശിപ്പിക്കുകയും എന്റെ നാമം ഭൂമിയിലെല്ലായിടത്തും ഘോഷിക്കപ്പെടുകയും വേണം എന്ന ഉദ്ദേശ്യത്തിനായിത്തന്നെ ഞാൻ നിന്നെ ഉയർത്തിയിരിക്കുന്നു,” എന്ന് ഫറവോനോട് അരുളിച്ചെയ്യുന്നതു തിരുവെഴുത്തിൽ കാണുന്നു.#9:17 പുറ. 9:16 18ഇങ്ങനെ, ദൈവം തന്റെ ഇഷ്ടപ്രകാരം ഒരുവനോടു കരുണ കാണിക്കുന്നു; മറ്റൊരുവനെ കഠിനഹൃദയനാക്കുന്നു.
19അപ്പോൾ, “നമ്മെ കുറ്റപ്പെടുത്താൻ ദൈവത്തിനെങ്ങനെ കഴിയും? കാരണം, ദൈവത്തിന്റെ തിരുഹിതത്തോട് എതിർക്കാൻ ആർക്കാണു സാധിക്കുക?” എന്നു നിങ്ങൾ എന്നോടു ചോദിച്ചേക്കാം. 20അല്ലയോ മനുഷ്യാ, “ദൈവത്തോട് എതിർവാദം പറയാൻ നീ ആരാണ്?” സ്രഷ്ടാവിനോട്, “ ‘നീ എന്നെ ഇങ്ങനെ സൃഷ്ടിച്ചത് എന്തിനാണ്?’ എന്നു സൃഷ്ടിക്കു ചോദിക്കാൻ കഴിയുമോ?”#9:20 യെശ. 29:16; 45:9 21ഒരേ കളിമണ്ണുപയോഗിച്ച് ചില പാത്രങ്ങൾ ശ്രേഷ്ഠമായ ഉപയോഗത്തിനും മറ്റുചിലതു സാധാരണ ഉപയോഗത്തിനുംവേണ്ടി ഉണ്ടാക്കാൻ കുശവന് അധികാരമില്ലേ?
22ദൈവം തന്റെ കോപം പ്രദർശിപ്പിക്കാനും ശക്തി വെളിപ്പെടുത്താനുമുള്ള ഉദ്ദേശ്യത്തോടെ, നാശത്തിനുമാത്രമായി ഒരുക്കപ്പെട്ടിരുന്ന കോപപാത്രങ്ങളായവരെ ദീർഘക്ഷമയോടെ സഹിച്ചു; 23ഇങ്ങനെ തേജസ്സു പ്രാപിക്കാനായി ദൈവം മുൻകൂട്ടി ഒരുക്കിയ കരുണാപാത്രങ്ങളാണു നാം. അവിടത്തെ മഹത്ത്വസമ്പന്നത വെളിപ്പെടുത്താൻവേണ്ടി ദൈവം നമ്മിൽ ഇപ്രകാരം പ്രവർത്തിച്ചു എന്നതിൽ നമുക്ക് എന്താണ് പറയാൻ കഴിയുക? 24യെഹൂദരിൽനിന്നുമാത്രമല്ല, യെഹൂദേതരരിൽനിന്നും വിളിക്കപ്പെട്ടവരായ നാം എല്ലാവരും ആ കരുണാപാത്രങ്ങളാണ്. 25ഹോശേയയുടെ പുസ്തകത്തിൽ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:
“എന്റെ ജനം അല്ലാത്തവരെ ‘എന്റെ ജനം,’ എന്നും
‘എന്റെ പ്രിയ’ അല്ലാത്തവളെ ‘എന്റെ പ്രിയപ്പെട്ടവൾ,’ എന്നും ഞാൻ വിളിക്കും.”#9:25 ഹോശ. 2:23
26വീണ്ടും,
“ ‘നിങ്ങൾ എന്റെ ജനമല്ല,’
എന്ന് അവരോട് അരുളിച്ചെയ്ത എല്ലായിടത്തും,
അവർ ‘ജീവനുള്ള ദൈവത്തിന്റെമക്കൾ’ എന്നു വിളിക്കപ്പെടും”#9:26 ഹോശ. 1:10
27യെശയ്യാവ് ഇസ്രായേല്യരെക്കുറിച്ചു വിളിച്ചുപറയുന്നു:
“ഇസ്രായേല്യർ കടൽപ്പുറത്തെ മണൽത്തരിപോലെ അസംഖ്യമെങ്കിലും,
അവരിൽ ഒരു ശേഷിപ്പുമാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ.
28കർത്താവ് അതിവേഗത്തിലും
കൃതകൃത്യതയോടും ഭൂമിയിൽ ന്യായവിധി നിർവഹിക്കും.”#9:28 യെശ. 10:22,23
29“സൈന്യങ്ങളുടെ കർത്താവ്
നമ്മുടെ തലമുറയിൽ ചിലരെയെങ്കിലും ശേഷിപ്പിച്ചിരുന്നില്ലെങ്കിൽ,
നാം സൊദോം നഗരംപോലെയും
ഗൊമോറാ പട്ടണംപോലെയും നശിപ്പിക്കപ്പെടുമായിരുന്നു,”#9:29 യെശ. 1:9#9:29 ഉൽ. 19:1-29 കാണുക.
എന്ന് യെശയ്യാവ് മുൻകൂട്ടിത്തന്നെ പറഞ്ഞിരുന്നല്ലോ!
ഇസ്രായേലിന്റെ അവിശ്വാസം
30ഇതെല്ലാം എന്താണ് അർഥമാക്കുന്നത്? യഥാർഥത്തിൽ ദൈവികനീതി അന്വേഷിക്കാതിരുന്നവരായ ഇസ്രായേല്യേതരർക്കാണ് ആ നീതി ലഭിച്ചത്. അതു വിശ്വാസത്താലുള്ള നീതിതന്നെ. 31എന്നാൽ, ന്യായപ്രമാണത്തിലൂടെ നീതി ലഭിക്കാൻ പരിശ്രമിച്ചവരായ ഇസ്രായേല്യർക്കാകട്ടെ, അതു ലഭിച്ചതുമില്ല. 32എന്തുകൊണ്ടാണ് അവർക്കതു ലഭിക്കാതിരുന്നത്? വിശ്വാസത്തിലൂടെയല്ല, പ്രവൃത്തികളാൽ സാധിക്കുമെന്നു വിചാരിച്ച് നീതിയെ അന്വേഷിച്ചതുകൊണ്ടാണ് അവർ ഇടർച്ചക്കല്ലിൽ തട്ടിവീണത്.
33“ഇതാ, ഞാൻ സീയോനിൽ, കാലിടറിക്കുന്ന കല്ലും
നിലംപരിചാക്കുന്ന പാറയും വെക്കുന്നു.
അദ്ദേഹത്തിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും ലജ്ജിതരാകുകയില്ല,”#9:33 യെശ. 8:14; 28:16
എന്ന് എഴുതിയിട്ടുണ്ടല്ലോ.

Currently Selected:

റോമർ 9: MCV

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in