YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 28

28
സങ്കീർത്തനം 28
ദാവീദിന്റെ ഒരു സങ്കീർത്തനം.
1യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;
എന്റെ പാറയായ അങ്ങ്,
അവിടത്തെ കാതുകൾ എന്റെമുമ്പിൽ കൊട്ടിയടയ്ക്കരുതേ.
അവിടന്ന് മൗനം അവലംബിച്ചാൽ,
കുഴിയിൽ വെക്കപ്പെടുന്നവരെപ്പോലെ ഞാൻ ആയിത്തീരും.
2അവിടത്തെ അതിവിശുദ്ധ സ്ഥലത്തേക്ക്
ഞാൻ എന്റെ കരങ്ങൾ ഉയർത്തുമ്പോൾ,
സഹായത്തിനായി ഞാൻ വിളിക്കുമ്പോൾത്തന്നെ
കരുണയ്ക്കായുള്ള എന്റെ വിലാപം കേൾക്കണമേ.
3അധർമം പ്രവർത്തിക്കുന്നവരോടും
ദുഷ്ടരോടുമൊപ്പം എന്നെ വലിച്ചിഴയ്ക്കരുതേ,
അവർ അയൽവാസികളോട് സൗഹൃദത്തോടെ സംസാരിക്കുന്നു
എന്നാൽ, ഹൃദയത്തിലവർ ദോഷം ആസൂത്രണംചെയ്യുന്നു.
4അവരുടെ പ്രവൃത്തികൾക്കും ദ്രോഹകർമങ്ങൾക്കും
യോഗ്യമായത് അവർക്കു നൽകണമേ;
അവരുടെ കൈകളുടെ പ്രവൃത്തികൾക്ക്
അവരർഹിക്കുന്ന പ്രതിഫലംതന്നെ നൽകണമേ.
5കാരണം അവർ യഹോവയുടെ പ്രവൃത്തികൾ ആദരിക്കുന്നില്ല
അവിടത്തെ കരവേലയോടും അങ്ങനെതന്നെ,
അവിടന്ന് അവരെ ഇടിച്ചുനിരത്തും,
പിന്നീടൊരിക്കലും പുനർനിർമിക്കുകയില്ല.
6യഹോവ വാഴ്ത്തപ്പെടട്ടെ,
കരുണയ്ക്കായുള്ള എന്റെ യാചന അവിടന്ന് കേട്ടിരിക്കുന്നല്ലോ.
7യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു;
എന്റെ ഹൃദയം അങ്ങയിൽ ആശ്രയിക്കുകയും അവിടന്നെന്നെ സഹായിക്കുകയുംചെയ്യുന്നു.
എന്റെ ഹൃദയം ആനന്ദാതിരേകത്താൽ തുള്ളിച്ചാടുന്നു,
എന്നിൽനിന്നുയരുന്ന സംഗീതത്തോടെ ഞാൻ അവിടത്തെ സ്തുതിക്കും.
8യഹോവ തന്റെ ജനത്തിന്റെ ശക്തിയാകുന്നു,
തന്റെ അഭിഷിക്തന് രക്ഷനൽകുന്ന ഉറപ്പുള്ള കോട്ടയും ആകുന്നു.
9അങ്ങയുടെ ജനത്തെ രക്ഷിക്കുകയും അവിടത്തെ അവകാശത്തെ അനുഗ്രഹിക്കുകയും ചെയ്യണമേ;
അവർക്ക് ഇടയനായിരുന്ന് എപ്പോഴും അവരെ കരങ്ങളിൽ വഹിക്കണമേ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in