YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 5

5
വ്യഭിചാരത്തിനെതിരേ മുന്നറിയിപ്പ്
1എന്റെ കുഞ്ഞേ, എന്റെ ജ്ഞാനം ശ്രദ്ധിക്കുക,
ഉൾക്കാഴ്ചനിറഞ്ഞ എന്റെ സൂക്തങ്ങൾക്കു ചെവിചായ്‌ക്കുക,
2അങ്ങനെ നീ വിവേചനശക്തി നിലനിർത്തുകയും
നിന്റെ അധരങ്ങൾ പരിജ്ഞാനം പ്രസ്താവിക്കുകയും ചെയ്യട്ടെ.
3വ്യഭിചാരിണിയുടെ അധരങ്ങൾ തേൻ പൊഴിക്കുന്നു,
അവളുടെ ഭാഷണം എണ്ണയെക്കാൾ മൃദുവാകുന്നു;
4എന്നാൽ ഒടുവിൽ അവൾ കാഞ്ഞിരംപോലെ കയ്‌പുള്ളവളും
ഇരുവായ്ത്തലയുള്ള വാളുപോലെ മൂർച്ചയുള്ളവളും ആയിത്തീരുന്നു.
5അവളുടെ കാലടികൾ പാതാളത്തിലേക്ക് ഇറങ്ങിപ്പോകുന്നു;
അവളുടെ ചുവടുകൾ നേരേ പാതാളത്തിലേക്കു നയിക്കുന്നു.
6ജീവന്റെ വഴി അവൾ ചിന്തിക്കുന്നതേയില്ല;
അവളുടെ പാത ലക്ഷ്യമില്ലാതെ അലയുന്നത്, അവൾ അത് അറിയുന്നതുമില്ല.
7അതുകൊണ്ട് എന്റെ കുഞ്ഞുങ്ങളേ, എന്നെ ശ്രദ്ധിക്കുക;
എന്റെ മൊഴികളിൽനിന്ന് ഒരിക്കലും വ്യതിചലിക്കരുത്.
8നീ അവളിൽനിന്നും അകന്നിരിക്കുക,
അവളുടെ വീട്ടുവാതിലിനോടു നീ സമീപിക്കരുത്,
9നിന്റെ ഊർജസ്വലത മറ്റുള്ളവർക്കായി നഷ്ടപ്പെടുത്താതിരിക്കുക#5:9 അഥവാ, അങ്ങനെചെയ്താൽ നിനക്ക് നിന്റെ മാന്യത നഷ്ടമാകും.
നിന്റെ കുലീനത#5:9 മൂ.ഭാ. സംവത്സരങ്ങൾ ക്രൂരരായവർക്ക് അടിയറവുവെക്കരുത്,
10അന്യർ നിന്റെ സമ്പത്തുകൊണ്ട് ആഘോഷിക്കുകയും
നിന്റെ കഠിനാധ്വാനം അന്യഭവനത്തെ സമ്പന്നമാക്കുകയും ചെയ്യാതിരിക്കട്ടെ.
11നിന്റെ ജീവിതാന്ത്യത്തിൽ നീ ഞരങ്ങും,
നിന്റെ മാംസവും ശരീരവും ക്ഷയിക്കുമ്പോൾത്തന്നെ.
12അപ്പോൾ നീ പറയും, “ശിക്ഷണത്തെ ഞാൻ എത്രമാത്രം വെറുത്തു!
എന്റെ ഹൃദയം ശാസനയെ എങ്ങനെയെല്ലാം തിരസ്കരിച്ചു!
13ഞാൻ എന്റെ ഗുരുക്കന്മാരെ അനുസരിച്ചില്ല
എന്റെ പ്രബോധകരെ ശ്രദ്ധിച്ചതുമില്ല.
14ദൈവജനത്തിന്റെ സഭാമധ്യേ
ഞാൻ സമ്പൂർണ നാശത്തിന്റെ വക്കിൽ എത്തിയിരിക്കുന്നു.”
15നിന്റെ സ്വന്തം ജലസംഭരണിയിൽനിന്ന് പാനംചെയ്യുക,
നിന്റെ കിണറ്റിൽനിന്നുള്ള വെള്ളംമാത്രം കുടിക്കുക.#5:15 അതായത്, നിന്റെ പ്രിയപത്നിയുടെ സ്നേഹംമാത്രം പങ്കിടുക.
16നിന്റെ നീരുറവകൾ തെരുവോരങ്ങളിലേക്കു കവിഞ്ഞൊഴുകണമോ,
നിന്റെ അരുവികൾ ചത്വരങ്ങളിലേക്ക് ഒഴുക്കണമോ?#5:16 അതായത്, ആരുമായും ലൈംഗികബന്ധത്തിലേർപ്പെടാമോ?
17അതു നിന്റേതുമാത്രമായിരിക്കട്ടെ,
ഒരിക്കലും അത് അന്യരുമായി പങ്കിടാനുള്ളതല്ല.
18നിന്റെ ജലധാര അനുഗൃഹീതമാകട്ടെ,
നിന്റെ യൗവനത്തിലെ ധർമപത്നിയുമൊത്ത് ആനന്ദിക്കുക.
19അവൾ അനുരാഗിയായ മാൻപേട, അതേ അഴകാർന്ന മാനിനും തുല്യം—
അവളുടെ മാറിടം എപ്പോഴും നിന്നെ തൃപ്തനാക്കട്ടെ,
അവളുടെ പ്രേമത്താൽ നീ എപ്പോഴും ലഹരിപിടിച്ചവനായിരിക്കട്ടെ.
20എന്റെ കുഞ്ഞേ, അന്യപുരുഷന്റെ ഭാര്യയെക്കണ്ടു നീ ഉന്മത്തനായിത്തീരുന്നത് എന്തിന്?
ലൈംഗികധാർമികതയില്ലാത്തവളുടെ മാറിടം പുണരുന്നതും എന്തിന്?
21ഒരു മനുഷ്യന്റെ പ്രവൃത്തികളെല്ലാം യഹോവയുടെ സൂക്ഷ്മനിരീക്ഷണത്തിലാണ്,
അവരുടെ വഴികളെല്ലാം അവിടന്നു പരിശോധിക്കുന്നു.
22ദുഷ്ടരുടെ അപരാധങ്ങളെല്ലാം അവരെ കെണിയിൽപ്പെടുത്തുന്നു;
അവരുടെ പാപച്ചരടുകൾതന്നെ അവരെ ബന്ധനസ്ഥരാക്കുന്നു.
23സ്വയനിയന്ത്രണമില്ലായ്കയാൽ അവർ മൃതിയടയുന്നു,
മഹാഭോഷത്തത്താൽ അവർ വഴിപിഴച്ചുപോകുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in