YouVersion Logo
Search Icon

സദൃശവാക്യങ്ങൾ 26

26
1വേനൽക്കാലത്തു മഞ്ഞും വിളവെടുപ്പിനു മഴയുംപോലെ,
ഭോഷർക്കു ബഹുമതിയും അനുയോജ്യമല്ല.
2പാറിപ്പറക്കുന്ന കുരികിലും ശരവേഗത്തിൽ പറക്കുന്ന മീവൽപ്പക്ഷിയുംപോലെ,
കാരണംകൂടാതെയുള്ള ശാപം ലക്ഷ്യസ്ഥാനത്തെത്തുന്നില്ല.
3കുതിരയ്ക്കൊരു ചാട്ടവാർ, കഴുതയ്ക്കൊരു കടിഞ്ഞാൺ,
ഭോഷർക്കു മുതുകിലൊരു വടി!
4ഭോഷരുടെ മടയത്തരത്തിന് അനുസൃതമായി മറുപടിനൽകരുത്,
അങ്ങനെയായാൽ നീയും അവരെപ്പോലെ ഭോഷരായിത്തീരും.
5ഭോഷർക്കു തങ്ങൾ ജ്ഞാനി എന്നു സ്വയം തോന്നാതിരിക്കാൻ,
അവരുടെ ഭോഷത്തരത്തിന് അനുസൃതമായ മറുപടിനൽകുക.
6ഒരു ഭോഷന്റെ കൈവശം സന്ദേശം കൊടുത്തയയ്ക്കുന്നത്
സ്വന്തം പാദങ്ങൾ വെട്ടിക്കളയുകയോ വിഷം കുടിക്കുകയോ ചെയ്യുന്നതുപോലെയാണ്.
7മുടന്തനായ മനുഷ്യന്റെ ഉപയോഗശൂന്യമായ കാൽപോലെയാണ്
ഭോഷരുടെ വായിൽനിന്നുള്ള സുഭാഷിതങ്ങൾ.
8കവിണയിൽ കല്ലു തൊടുക്കുന്നതുപോലെയാണ്
ഭോഷനു ബഹുമതി നൽകുന്നത്.
9മദ്യപാനിയുടെ കൈയിൽത്തറച്ച മുള്ളുപോലെയാണ്
ഭോഷരുടെ വായിൽനിന്നുള്ള സുഭാഷിതങ്ങൾ.
10കണ്ണിൽക്കാണുന്നവരെയൊക്കെ മുറിവേൽപ്പിക്കുന്ന വില്ലാളിയെപ്പോലെയാണ്
ഭോഷരെയോ വഴിപോക്കരെയോ കൂലിക്കെടുക്കുന്നയാൾ.
11നായ അതിന്റെ ഛർദിയിലേക്കു തിരിയുന്നതുപോലെതന്നെ,
ഭോഷർ തങ്ങളുടെ മടയത്തരം ആവർത്തിച്ചുകൊണ്ടിരിക്കും.
12സ്വന്തം വീക്ഷണത്തിൽ ജ്ഞാനിയെന്ന് അഭിമാനിക്കുന്ന ഒരാളെ നിങ്ങൾ കാണുന്നോ?
ഭോഷർക്ക് അയാളെക്കാൾ ആശയ്ക്കുവകയുണ്ട്.
13അലസർ ഇപ്രകാരം പറയുന്നു, “വഴിയിൽ ഒരു സിംഹമുണ്ട്!
ഭീകരനായ ഒരു സിംഹം തെരുവിൽ ചുറ്റിത്തിരിയുന്നുണ്ട്!”
14ഒരു കതക് അതിന്റെ വിജാഗിരിയിൽ തിരിയുന്നതുപോലെ,
അലസർ തങ്ങളുടെ കിടക്കയിൽ തിരിഞ്ഞുമറിയുന്നു.
15അലസർ ഭക്ഷണപാത്രത്തിൽ കൈ പൂഴ്ത്തുന്നു;
അവർ അതു തിരികെ തന്റെ വായിലേക്ക് അടുപ്പിക്കുന്നതിനുപോലും മടിയാണ്.
16വിവേകപൂർവം ഉത്തരംനൽകുന്ന ഏഴുപേരെക്കാൾ,
താൻ കേമനാണെന്ന് അലസർ മിഥ്യാഭിമാനംകൊള്ളുന്നു.
17താനുമായി യാതൊരു ബന്ധവുമില്ലാത്ത കലഹത്തിലേക്കു പാഞ്ഞടുക്കുന്നവർ,
വഴിയേ പോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവരെപ്പോലെയാണ്.
18അയൽവാസിയെ ദ്രോഹിച്ചിട്ട്,
“അതു നേരമ്പോക്കിനായിരുന്നു!” എന്നു പറയുന്നവർ;
19മാരകമായ തീജ്വാല
ചുഴറ്റിയെറിയുന്ന ഭ്രാന്തനുസമം.
20വിറകില്ലായെങ്കിൽ തീ കെട്ടുപോകും;
പരദൂഷണം ഇല്ലാതെയായാൽ കലഹവും കെട്ടടങ്ങും.
21കരി ജ്വലനത്തിനും വിറക് തീക്കും എന്നതുപോലെ,
കലഹത്തെ പ്രണയിക്കുന്നവർ സംഘട്ടനത്തെ ആളിക്കത്തിക്കുന്നു.
22ഏഷണി പറയുന്നവരുടെ വാക്കുകൾ സ്വാദുഭോജനംപോലെയാകുന്നു;
അതു ശരീരത്തിന്റെ അന്തർഭാഗത്തേക്ക് ഇറങ്ങിച്ചെല്ലുന്നു.
23ദുഷ്ടമനസ്സുകളുടെ തീവ്രവികാരം മന്ത്രിക്കുന്ന ചുണ്ടുകൾ
മൺപാത്രങ്ങളുടെ പുറത്തു വെള്ളി പൂശിയിരിക്കുന്നതുപോലെയാണ്.
24ശത്രുക്കൾ അവരുടെ അധരംകൊണ്ടു കപടവേഷം ധരിക്കുന്നു,
എന്നാൽ അവരുടെ ഹൃദയത്തിൽ വക്രത നിറച്ചുവെച്ചിരിക്കുന്നു.
25അവരുടെ സംഭാഷണം അതിമനോഹരമായിരുന്നാലും അവരെ വിശ്വസിക്കരുത്,
ഏഴു ഹീനകൃത്യങ്ങൾകൊണ്ട് അവരുടെ ഹൃദയം നിറഞ്ഞിരിക്കുന്നു.
26അവരുടെ ദുഷ്ടത വഞ്ചനാപരമായി മറച്ചുവെച്ചിരുന്നാലും,
അവരുടെ നീചകൃത്യങ്ങൾ പൊതുസഭയിൽ വെളിപ്പെട്ടുവരും.
27ഒരാൾ കുഴിക്കുന്ന കുഴിയിൽ അയാൾതന്നെ വീഴും;
താൻ ഉരുട്ടിവിടുന്ന കല്ല് തന്റെ നേർക്കുതന്നെ തിരിഞ്ഞുരുണ്ടുവന്നു പതിക്കും.
28വ്യാജംപറയുന്ന നാവ് അതിനിരയായവരെ വെറുക്കുന്നു,
മുഖസ്തുതി പറയുന്ന നാവ് നാശം വിതയ്ക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in