YouVersion Logo
Search Icon

ന്യായാധിപന്മാർ 17

17
മീഖായാവിന്റെ വിഗ്രഹങ്ങൾ
1എഫ്രയീം മലനാട്ടിൽ മീഖായാവ് എന്നു പേരുള്ള ഒരാൾ 2തന്റെ അമ്മയോടു പറഞ്ഞു: “ആയിരത്തി ഒരുനൂറു#17:2 ഏക. 13 കി.ഗ്രാം. ശേക്കേൽ വെള്ളി നഷ്ടപ്പെട്ടതിനെപ്പറ്റി അമ്മ പറയുകയും ശപിക്കുകയും ചെയ്യുന്നത് ഞാൻ കേട്ടിരുന്നു—ഇതാ, ആ വെള്ളിനാണയങ്ങൾ; ഞാനാണ് അതെടുത്തത്.”
അദ്ദേഹത്തിന്റെ അമ്മ പറഞ്ഞു: “എന്റെ മകനേ, യഹോവ നിന്നെ അനുഗ്രഹിക്കട്ടെ!”
3അദ്ദേഹം ആ ആയിരത്തി ഒരുനൂറു ശേക്കേൽ വെള്ളി തിരികെ കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ അമ്മ, “കൊത്തുപണിയായ ഒരു രൂപവും വാർപ്പുപണിയായ ഒരു വിഗ്രഹവും ഉണ്ടാക്കാൻ ഞാൻ ഈ വെള്ളി എന്റെ മകനുവേണ്ടി യഹോവയ്ക്കു നേർന്നിരിക്കുന്നു. ഞാൻ ഇതു നിനക്കു തിരികെത്തരാം” എന്നു പറഞ്ഞു.
4അങ്ങനെ അദ്ദേഹം ആ വെള്ളി തന്റെ അമ്മയ്ക്കു മടക്കിക്കൊടുത്തപ്പോൾ, അവൾ ഇരുനൂറു ശേക്കേൽ#17:4 ഏക. 2.3 കി.ഗ്രാം. വെള്ളി എടുത്ത് ആഭരണപ്പണിക്കാരനെ ഏൽപ്പിച്ചു; അയാൾ അതുകൊണ്ട് രൂപവും വിഗ്രഹവും ഉണ്ടാക്കി അവ മീഖായാവിന്റെ വീട്ടിൽവെച്ചു.
5മീഖായാവിന് ഒരു പൂജാഗൃഹം ഉണ്ടായിരുന്നു. അദ്ദേഹം ഒരു ഏഫോദും ഗൃഹബിംബങ്ങളും ഉണ്ടാക്കി തന്റെ ഒരു പുത്രനെ പുരോഹിതനുമാക്കി. 6ആ കാലത്ത് ഇസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തരും തങ്ങൾക്കു യുക്തമെന്നു തോന്നിയതുപോലെ പ്രവർത്തിച്ചു.
7യെഹൂദയിലെ ബേത്ലഹേമിൽ വന്നുപാർത്തിരുന്ന ഒരു യുവ ലേവ്യൻ 8ആ പട്ടണംവിട്ട് നിവാസയോഗ്യമായ മറ്റൊരിടം തേടി പുറപ്പെട്ടു. അങ്ങനെ അദ്ദേഹം എഫ്രയീം മലനാട്ടിൽ മീഖായാവിന്റെ വീട്ടിലെത്തിച്ചേർന്നു.
9മീഖാവ് ചോദിച്ചു: “നീ എവിടെനിന്നു വരുന്നു?”
“ഞാൻ യെഹൂദയിലെ ബേത്ലഹേമിൽനിന്നുള്ള ഒരു ലേവ്യനാണ്, താമസിക്കാൻ ഒരു സ്ഥലം അന്വേഷിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
10മീഖാവ് അദ്ദേഹത്തോടു പറഞ്ഞു: “എന്നോടുകൂടെ താമസിക്കുക. താങ്കൾ എനിക്കു പിതാവും പുരോഹിതനും ആയിരിക്കുക. ഞാൻ താങ്കൾക്ക് ഒരുവർഷം പത്തുശേക്കേൽ#17:10 ഏക. 115 ഗ്രാം. വെള്ളിയും വസ്ത്രവും ഭക്ഷണവും തരാം.” 11അങ്ങനെ ലേവ്യൻ അദ്ദേഹത്തോടുകൂടെ പാർക്കാൻ സമ്മതിച്ചു. ആ യുവാവ് അദ്ദേഹത്തിനു സ്വന്തം പുത്രന്മാരിൽ ഒരുവനെപ്പോലെ ആയിത്തീർന്നു. 12മീഖാവ് ലേവ്യനെ പുരോഹിതനാക്കി. ആ യുവാവ് അദ്ദേഹത്തിന്റെ പുരോഹിതനായി ആ വീട്ടിൽ താമസിച്ചു. 13“ഒരു ലേവ്യൻ എന്റെ പുരോഹിതനായിരിക്കുകയാൽ ഇപ്പോൾ യഹോവ എനിക്കു നന്മചെയ്യുമെന്നു ഞാൻ അറിയുന്നു,” എന്നു മീഖാവു പറഞ്ഞു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in