YouVersion Logo
Search Icon

യെശയ്യാവ് 45

45
1“യഹോവ തന്റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
ജനതകളെ അദ്ദേഹത്തിന്റെ മുന്നിൽ കീഴടക്കാനും
രാജാക്കന്മാരുടെ അരക്കച്ചകളഴിക്കാനും
കവാടങ്ങൾ അടയ്ക്കപ്പെടാതിരിക്കേണ്ടതിന്
അദ്ദേഹത്തിന്റെമുമ്പിൽ വാതിലുകൾ തുറക്കാനുമായി
യഹോവയായ ഞാൻ അദ്ദേഹത്തിന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.
2ഞാൻ നിനക്കു മുമ്പേ പോകുകയും
പർവതങ്ങൾ നിരപ്പാക്കുകയും ചെയ്യും;
ഞാൻ വെങ്കലംകൊണ്ടുള്ള കവാടങ്ങൾ തകർക്കുകയും
ഇരുമ്പോടാമ്പലുകൾ മുറിച്ചുകളയുകയും ചെയ്യും.
3ഞാൻ നിനക്കും നിഗൂഢ നിക്ഷേപങ്ങൾ തരും,
രഹസ്യസ്ഥലങ്ങളിൽ ശേഖരിച്ചിരിക്കുന്ന സമ്പത്തും,
ഞാൻ ആകുന്നു നിന്നെ പേർചൊല്ലിവിളിക്കുന്ന
ഇസ്രായേലിന്റെ ദൈവമായ യഹോവ എന്നു നീ അറിയേണ്ടതിനുതന്നെ.
4എന്റെ ദാസനായ യാക്കോബിനും
ഞാൻ തെരഞ്ഞെടുത്തവനായ ഇസ്രായേലിനുംവേണ്ടി,
നീ എന്നെ അംഗീകരിക്കാതിരുന്നിട്ടുകൂടി
ഞാൻ നിന്നെ പേർചൊല്ലി വിളിച്ച്
നിനക്ക് ഒരു ആദരണീയ നാമം നൽകിയിരിക്കുന്നു.
5ഞാൻ യഹോവ ആകുന്നു, എന്നെപ്പോലെ വേറെ ആരുമില്ല;
ഞാനല്ലാതെ വേറൊരു ദൈവവുമില്ല.
നീ എന്നെ അംഗീകരിച്ചിട്ടില്ലെങ്കിലും
ഞാൻ നിന്നെ ശക്തിപ്പെടുത്തും;
6സൂര്യോദയസ്ഥാനംമുതൽ
അസ്തമയംവരെ എല്ലായിടത്തുമുള്ള
ജനം ഞാനല്ലാതെ വേറൊരു ദൈവം ഇല്ലെന്ന് അറിയേണ്ടതിനുതന്നെ.
ഞാൻ യഹോവ ആകുന്നു, എന്നെപ്പോലെ വേറെ ആരുമില്ല.
7ഞാൻ വെളിച്ചം നിർമിക്കുന്നു, അന്ധകാരം ഉളവാക്കുന്നു,
ഞാൻ അഭിവൃദ്ധി കൊണ്ടുവരുന്നു, വിനാശം സൃഷ്ടിക്കുന്നു;
യഹോവയായ ഞാൻ ഇവയെല്ലാം ചെയ്യുന്നു.
8“മീതേയുള്ള ആകാശമേ, എന്റെ നീതി താഴേക്കു വർഷിക്കുക;
മേഘങ്ങൾ അതു താഴേക്കു ചൊരിയട്ടെ,
ഭൂമി വിശാലമായി തുറന്നുവരട്ടെ,
രക്ഷ പൊട്ടിമുളയ്ക്കട്ടെ.
നീതി അതോടൊപ്പം സമൃദ്ധിയായി വളരട്ടെ;
യഹോവയായ ഞാൻ അതു സൃഷ്ടിച്ചിരിക്കുന്നു.
9“നിലത്ത് ഓട്ടക്കലക്കഷണങ്ങൾക്കിടയിൽ കിടന്ന്
തങ്ങളുടെ സ്രഷ്ടാവിനോട് തർക്കിക്കുന്ന
വെറും മൺപാത്രച്ചീളുകളായവർക്കു ഹാ കഷ്ടം!
കളിമണ്ണ് കുശവനോട്,
‘എന്താണ് നീ നിർമിക്കുന്നത്?’ എന്നു ചോദിക്കുമോ.
നിർമിക്കപ്പെട്ട വസ്തു,
‘കുശവനു കൈയില്ല,’ എന്നു പറയുമോ.
10ഒരു പിതാവിനോട്,
‘നീ എന്താണ് ജനിപ്പിച്ചത്?’ എന്നും
ഒരു മാതാവിനോട്, ‘എന്തിനെയാണ് നീ പ്രസവിച്ചത്?’ എന്നും
ചോദിക്കുന്നവർക്കു ഹാ കഷ്ടം!
11“ഇസ്രായേലിന്റെ പരിശുദ്ധനും അവരുടെ സ്രഷ്ടാവുമായ
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
‘എന്റെ മക്കൾക്ക് സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്,
എന്നെ ചോദ്യംചെയ്യുകയാണോ?
എന്റെ കൈകളുടെ പ്രവൃത്തിയെപ്പറ്റി എനിക്കു കൽപ്പനതരികയാണോ?
12ഞാനാണ് ഭൂമിയെ നിർമിച്ചത്,
അതിൽ മനുഷ്യനെ സൃഷ്ടിച്ചതും ഞാൻതന്നെ.
എന്റെ കൈകളാൽ ഞാൻ ആകാശത്തെ വിരിച്ചു;
അതിലെ സകലസൈന്യത്തെയും ഞാൻ അണിനിരത്തി.
13എന്റെ നീതി നടപ്പാക്കുന്നതിനുവേണ്ടി ഞാൻ കോരേശിനെ#45:13 മൂ.ഭാ. അവനെ ഉയർത്തും:
അവന്റെ വഴികളെല്ലാം ഞാൻ നിരപ്പാക്കും.
അവൻ എന്റെ നഗരം പണിയുകയും
വിലയോ പ്രതിഫലമോ വാങ്ങാതെ
എന്റെ ബന്ധിതരെ വിട്ടയയ്ക്കുകയും ചെയ്യും,’
എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”
14യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
“ഈജിപ്റ്റിന്റെ ഉല്പന്നങ്ങളും കൂശ്യരുടെ വ്യാപാരവസ്തുക്കളും
ദീർഘകായന്മാരായ സെബായരും
നിന്റെ അടുക്കൽവരും
അവ നിന്റെ വകയായിത്തീരും;
അവർ ചങ്ങല ധരിച്ചവരായി,
നിന്റെ പിന്നാലെ ഇഴഞ്ഞുവരും.
നിന്റെ മുമ്പിൽ വീണ്,
‘ദൈവം നിങ്ങളുടെ മധ്യേ ഉണ്ട്,
ആ ദൈവമല്ലാതെ മറ്റൊരു ദൈവവുമില്ല,’
എന്നു പറഞ്ഞുകൊണ്ട് നിന്നോട് യാചിക്കും.”
15ഇസ്രായേലിന്റെ ദൈവമായ രക്ഷകാ,
അങ്ങ് സത്യമായും മറഞ്ഞിരിക്കുന്ന ദൈവമാകുന്നു.
16വിഗ്രഹങ്ങൾ നിർമിക്കുന്ന എല്ലാവരും ലജ്ജിതരും നിന്ദിതരുമാകും;
അവർ എല്ലാവരും ഒരുമിച്ചുതന്നെ നിന്ദിതരുമായിത്തീരും.
17എന്നാൽ ഇസ്രായേൽ യഹോവയാൽ രക്ഷിതരാകും
അതു നിത്യരക്ഷയായിരിക്കും;
നിങ്ങൾ നിത്യയുഗങ്ങളോളം
ലജ്ജിതരോ നിന്ദിതരോ ആകുകയില്ല.
18“ആകാശത്തെ സൃഷ്ടിച്ച യഹോവ
ഇപ്രകാരം അരുളിച്ചെയ്യുന്നു,
അവിടന്നുതന്നെ ദൈവം;
അവിടന്നു ഭൂമിയെ നിർമിച്ചുണ്ടാക്കി,
അവിടന്ന് അതിനെ സ്ഥാപിച്ചു;
വ്യർഥമായിട്ടല്ല, അധിവാസത്തിനായി
അവിടന്ന് അതിനെ നിർമിച്ചു.
അവിടന്ന് അരുളിച്ചെയ്യുന്നു,
ഞാൻ യഹോവ ആകുന്നു,
വേറൊരു ദൈവവുമില്ല,
19ഞാൻ ഭൂമിയിൽ ഒരു ഇരുളടഞ്ഞ സ്ഥലത്തുവെച്ച്,
രഹസ്യമായിട്ടല്ല സംസാരിച്ചത്;
‘എന്നെ വ്യർഥമായി അന്വേഷിക്കുക’ എന്നല്ല
ഞാൻ യാക്കോബിന്റെ സന്തതിയോട് കൽപ്പിച്ചത്.
യഹോവ ആകുന്ന ഞാൻ സത്യം സംസാരിക്കുന്നു;
ന്യായമായ കാര്യങ്ങൾ പ്രസ്താവിക്കുന്നു.
20“നിങ്ങൾ കൂടിവരിക;
രാഷ്ട്രങ്ങളിൽനിന്നു പലായനംചെയ്തു വരുന്നവരേ, സമ്മേളിക്കുക.
രക്ഷിക്കാൻ കഴിവില്ലാത്ത ദേവതകളോട് പ്രാർഥിച്ചുകൊണ്ട്
മരത്തിൽത്തീർത്ത വിഗ്രഹങ്ങളെ ചുമന്നുകൊണ്ട് നടക്കുന്നവർ വെറും അജ്ഞരാണ്.
21എന്തു സംഭവിക്കുമെന്നു വിളംബരംചെയ്യുക, അതു പ്രസ്താവിക്കുക—
അവർ കൂടിയാലോചിക്കട്ടെ.
പുരാതനകാലത്തുതന്നെ ഇതു പ്രവചിച്ചതാര്?
ദീർഘകാലംമുമ്പേതന്നെ ഇതു പ്രഖ്യാപിച്ചതാര്?
യഹോവയായ ഞാനല്ലേ?
ഞാനല്ലാതെ ഒരു ദൈവവുമില്ല.
ഞാനല്ലാതെ നീതിമാനും രക്ഷകനുമായ
മറ്റൊരു ദൈവവുമില്ല.
22“എല്ലാ ഭൂസീമകളുമേ,
എങ്കലേക്കു നോക്കി രക്ഷപ്പെടുക;
ഞാൻ ആകുന്നു ദൈവം, വേറൊരു ദൈവവുമില്ല.
23ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു,
എന്റെ വായ് പരമാർഥതയിൽ സംസാരിച്ചിരിക്കുന്നു
അതൊരിക്കലും തിരികെയെടുക്കാൻ കഴിയുന്നതല്ല:
എന്റെമുമ്പിൽ എല്ലാ മുഴങ്കാലും വണങ്ങും;
എന്റെ നാമത്തിൽ#45:23 അഥവാ, എന്നാൽ എല്ലാ നാവും ശപഥംചെയ്യും.
24‘യഹോവയിൽമാത്രമാണ് എനിക്കു നീതിയും ബലവും,’ ”
എന്ന് അവർ എന്നെക്കുറിച്ച് പറയും.
അവിടത്തോടു കോപിക്കുന്ന എല്ലാവരും
അവിടത്തെ അടുക്കൽ വരികയും ലജ്ജിതരാകുകയും ചെയ്യും.
25എന്നാൽ യഹോവയിൽ
ഇസ്രായേലിന്റെ സകലസന്തതികളും
നീതീകരിക്കപ്പെട്ടവരായി യഹോവയെ സ്തുതിക്കും.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in