YouVersion Logo
Search Icon

ഹോശേയ 12

12
1എഫ്രയീം കാറ്റുകൊണ്ട് ഉപജീവിക്കുന്നു.
കിഴക്കൻകാറ്റിനെ ദിവസംമുഴുവനും പിൻതുടരുകയും
വ്യാജവും അക്രമവും വർധിപ്പിക്കുകയും ചെയ്യുന്നു.
അവൻ അശ്ശൂരുമായി ഉടമ്പടിചെയ്യുന്നു;
ഈജിപ്റ്റിലേക്ക് ഒലിവെണ്ണ അയയ്ക്കുന്നു.
2യഹോവയ്ക്ക്, യെഹൂദയ്ക്കെതിരേ ഒരു വ്യവഹാരമുണ്ട്;
അവിടന്ന് യാക്കോബിനെ അവന്റെ വഴികൾ അനുസരിച്ചു ശിക്ഷിക്കുകയും
അവന്റെ പ്രവൃത്തികൾക്കനുസരിച്ചു പകരം നൽകുകയും ചെയ്യും.
3അവൻ ഗർഭപാത്രത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു;
പുരുഷപ്രായത്തിൽ അവൻ ദൈവത്തോടു മല്ലുപിടിച്ചു.
4അവൻ ദൂതനോടു മല്ലുപിടിച്ചു, ദൂതനെ ജയിച്ചു;
അവൻ കരഞ്ഞു, കൃപയ്ക്കായി യാചിച്ചു.
അവിടന്ന് അവനെ ബേഥേലിൽവെച്ചു കണ്ടു,
അവിടെവെച്ച് അവനോടു സംസാരിച്ചു.
5യഹോവ സൈന്യങ്ങളുടെ ദൈവംതന്നെ;
യഹോവ എന്നത്രേ അവിടത്തെ നാമം!
6എന്നാൽ, നിങ്ങളുടെ ദൈവത്തിങ്കലേക്കു മടങ്ങിപ്പോകുക;
സ്നേഹവും നീതിയും നിലനിർത്തുവിൻ,
എപ്പോഴും നിങ്ങളുടെ ദൈവത്തിനായി കാത്തിരിപ്പിൻ.
7വ്യാപാരി കള്ളത്തുലാസ് ഉപയോഗിക്കുന്നു
അവൻ വഞ്ചിക്കാൻ ഇഷ്ടപ്പെടുന്നു.
8എഫ്രയീം അഹങ്കരിക്കുന്നു:
“ഞാൻ വളരെ ധനവാൻ; ഞാൻ സമ്പന്നനായിരിക്കുന്നു.
എന്റെ സമ്പത്തുനിമിത്തം എന്നിൽ അവർ
അകൃത്യമോ പാപമോ കണ്ടെത്തുകയില്ല.”
9“ഞാൻ നിന്നെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന
യഹോവയായ ദൈവം ആകുന്നു.
നിങ്ങളുടെ പെരുന്നാളുകളിലെന്നപോലെ
ഞാൻ നിങ്ങളെ വീണ്ടും കൂടാരങ്ങളിൽ വസിക്കുമാറാക്കും.
10ഞാൻ പ്രവാചകന്മാരോടു സംസാരിച്ച്,
അവർക്ക് അനേകം ദർശനങ്ങൾ നൽകി,
അവർ മുഖാന്തരം സാദൃശ്യകഥകൾ സംസാരിച്ചു.”
11ഗിലെയാദ് ഒരു ദുഷ്ടജനമോ?
എങ്കിൽ അവരുടെ ജനങ്ങൾ വ്യർഥരായിത്തീരും!
അവർ ഗിൽഗാലിൽ കാളകളെ ബലികഴിക്കുന്നോ?
എങ്കിൽ അവരുടെ ബലിപീഠങ്ങൾ
ഉഴുതിട്ട നിലത്തിലെ കൽക്കൂമ്പാരംപോലെ ആയിത്തീരും.
12യാക്കോബ് അരാം#12:12 അതായത്, മെസൊപ്പൊത്താമിയയുടെ വടക്കുപടിഞ്ഞാറുഭാഗം. ദേശത്തേക്ക് ഓടിപ്പോയി;
ഇസ്രായേൽ ഒരു ഭാര്യയെ നേടുന്നതിനായി സേവചെയ്തു.
അവളുടെ വില കൊടുക്കാൻ ആടുകളെ മേയിച്ചു.
13ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവരാൻ യഹോവ ഒരു പ്രവാചകനെ ഉപയോഗിച്ചു,
ഒരു പ്രവാചകൻ മുഖാന്തരം അവിടന്ന് അവർക്കുവേണ്ടി കരുതി.
14എന്നാൽ, എഫ്രയീം യഹോവയെ കോപിപ്പിച്ചു.
അവന്റെ കർത്താവ് അവന്റെമേൽ രക്തപാതകം ചുമത്തും;
അവന്റെ നിന്ദയ്ക്കു തക്കവണ്ണം അവനു പകരം കൊടുക്കും.

Currently Selected:

ഹോശേയ 12: MCV

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in