YouVersion Logo
Search Icon

എഫേസ്യർ 2

2
മരണത്തിൽനിന്ന് ജീവനിലേക്ക്
1നിങ്ങൾ സ്വന്തം നിയമലംഘനങ്ങളിലും പാപങ്ങളിലും മരിച്ചവരായിരുന്നു: 2അവയിൽ നിങ്ങൾ മുമ്പ് ഈ ലോകത്തിന്റെ വഴികൾ പിൻതുടർന്ന്, ആകാശത്തിലെ അന്ധകാരശക്തിയുടെ പ്രഭുവിനെ, അനുസരണക്കേടിന്റെ പുത്രന്മാരിൽ ഇപ്പോൾ പ്രവർത്തനനിരതമായിരിക്കുന്ന ആത്മാവിനെത്തന്നെ, അനുസരിച്ച് ജീവിച്ചുവന്നു. 3ഇപ്രകാരം നാം എല്ലാവരും ഒരിക്കൽ നമ്മുടെ ജഡികാഭിലാഷങ്ങളിൽ അഭിരമിച്ച് അതിന്റെ ആഗ്രഹങ്ങൾക്കും ചിന്തകൾക്കും അധീനരായി ജീവിച്ചു. മറ്റുള്ളവരെപ്പോലെതന്നെ നാമും പ്രകൃതിയാൽ ക്രോധപാത്രങ്ങൾ ആയിരുന്നു. 4എന്നിട്ടും കരുണയിൽ അതിസമ്പന്നനായ ദൈവം, നമ്മോടുള്ള അവിടത്തെ അതിരില്ലാത്ത സ്നേഹംനിമിത്തം, നാം നിയമലംഘനങ്ങളിൽ മൃതരായിരുന്നപ്പോൾത്തന്നെ 5ക്രിസ്തുവിനോടുകൂടെ നമ്മെ ജീവനുള്ളവരാക്കി; ദൈവകൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്. 6ക്രിസ്തുയേശുവിനോടുകൂടി ദൈവം നമ്മെ ഉയിർപ്പിച്ച് സ്വർഗത്തിൽ അവിടത്തോടൊപ്പം നമ്മെ ഇരുത്തുകയും ചെയ്തു. 7അവിടന്ന് ഇപ്രകാരം ചെയ്തത്, നമ്മോടുള്ള ദയയാൽ, ക്രിസ്തുയേശുവിലൂടെ നമുക്ക് കൃപയുടെ അതുല്യമായ സമൃദ്ധി വരുംകാലങ്ങളിൽ പ്രദർശിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു. 8കൃപയാൽ നിങ്ങൾ രക്ഷിക്കപ്പെട്ടു; അതു വിശ്വാസത്തിലൂടെയാണ്. നിങ്ങളിൽനിന്ന് ഉത്ഭവിച്ചതല്ല ആ രക്ഷ; ദൈവത്തിന്റെ ദാനമാണ്. 9ഈ രക്ഷ എന്നത് നാം ചെയ്ത സൽപ്രവൃത്തികളുടെ പ്രതിഫലമായിട്ടല്ല ലഭിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ നമുക്ക് ആത്മപ്രശംസ ചെയ്യാൻ വകയുണ്ടാകുമായിരുന്നു. 10നാം ദൈവകരങ്ങളുടെ സൃഷ്ടിവൈദഗ്ദ്ധ്യമാണ്. സൽപ്രവൃത്തികൾ ചെയ്യുന്നതിനായിട്ടാണ് ക്രിസ്തുയേശുവിൽ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അപ്രകാരം ചെയ്യുന്നതിന് ദൈവം മുൻകൂട്ടി തീരുമാനിച്ചതുമാണ്.
ക്രിസ്തുയേശുവിലുള്ള ഐക്യം
11ആകയാൽ, ജന്മനാ നിങ്ങൾ “യെഹൂദേതരർ” ആയിരുന്നെന്ന് ഓർക്കുക. അന്ന്, കൈകൊണ്ടുള്ള പരിച്ഛേദനം ശരീരത്തിൽ സ്വീകരിച്ചിരുന്ന യെഹൂദന്മാർ നിങ്ങളെ “പരിച്ഛേദനം ഇല്ലാത്ത അശുദ്ധർ” എന്നു വിളിച്ചിരുന്നു. 12ആ കാലത്തു നിങ്ങൾ ക്രിസ്തുവിനെ അറിയാത്തവരും ഇസ്രായേൽ പൗരത്വത്തിന് അന്യരും വാഗ്ദാനസമേതമുള്ള ദൈവികഉടമ്പടികളിൽ ഓഹരിയില്ലാത്തവരും ഈ ലോകത്തിൽ ദൈവവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രത്യാശാരഹിതരും ആയിരുന്നു. 13നിങ്ങൾ ഒരിക്കൽ ദൂരത്തായിരുന്നു; എന്നാൽ ഇപ്പോഴാകട്ടെ, ക്രിസ്തുയേശുവിനോട് ഏകീഭവിച്ചിരിക്കുകയാൽ ക്രിസ്തുവിന്റെ രക്തത്താൽ#2:13 ക്രിസ്തുവിന്റെ രക്തത്താൽ, വിവക്ഷിക്കുന്നത് ക്രൂശുമരണത്താൽ സമീപത്തു കൊണ്ടുവരപ്പെട്ടിരിക്കുന്നു.
14-15ക്രിസ്തുതന്നെ നമ്മുടെ സമാധാനം; അവിടന്ന് ക്രൂശിൽ സ്വന്തം ശരീരം അർപ്പിച്ചുകൊണ്ട് ആജ്ഞകളും അനുഷ്ഠാനങ്ങളും ആകുന്ന ന്യായപ്രമാണം റദ്ദാക്കി യെഹൂദരെയും യെഹൂദേതരരെയും അകറ്റിനിർത്തിയിരുന്ന ശത്രുതയുടെ വന്മതിലിനെ തകർത്ത് അവരെ ഒന്നാക്കിമാറ്റി; ഇങ്ങനെ ക്രിസ്തുവിൽ ഒരു പുതിയ ജനതയാക്കി അവരെ സൃഷ്ടിച്ച് സമാധാനം വരുത്തി. 16ക്രൂശിലെ മരണത്താൽ ഇരുകൂട്ടരെയും ഒരു ശരീരമാക്കി ദൈവത്തോട് അനുരഞ്ജിപ്പിച്ച് അവരുടെ ശത്രുത ഇല്ലായ്മചെയ്തു. 17അവിടന്ന് വന്നു ദൂരസ്ഥരായ നിങ്ങളോടും സമീപസ്ഥരായ ഞങ്ങളോടും സമാധാനം പ്രഘോഷിച്ചു. 18ക്രിസ്തു മുഖാന്തരം നമുക്ക് ഇരുകൂട്ടർക്കും ഒരേ ആത്മാവിൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട്.
19അതിനാൽ, നിങ്ങൾ ഇനിമേൽ അപരിചിതരും വിദേശികളുമല്ല; വിശുദ്ധരോടൊത്ത് സഹപൗരത്വം പങ്കിടുന്നവരും ദൈവത്തിന്റെ കുടുംബവുമാണ്. 20ക്രിസ്തുയേശു എന്ന ആധാരശിലയോടു ചേർത്ത് അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിയപ്പെട്ടിരിക്കുന്ന ഭവനം. 21ക്രിസ്തുവിൽ കെട്ടിടം ഒന്നാകെ നന്നായി ഇണങ്ങിച്ചേർന്ന് കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. 22നിങ്ങളും ക്രിസ്തുവിൽ, ദൈവത്തിന്റെ ആത്മികനിവാസസ്ഥാനമാകേണ്ടതിന് ഒരുമിച്ചു ചേർത്ത് പണിയപ്പെടുന്നു.

Currently Selected:

എഫേസ്യർ 2: MCV

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in