YouVersion Logo
Search Icon

2 പത്രോസ് 2

2
വ്യാജപ്രവാചകരുടെ നാശം
1എന്നാൽ വ്യാജപ്രവാചകരും ജനമധ്യത്തിൽ ഉണ്ടായിരുന്നു. അതുപോലെതന്നെ നിങ്ങളുടെ മധ്യത്തിലും വ്യാജഗുരുക്കൾ ഉണ്ടാകും. അവർ രഹസ്യമായി നാശകരമായ ദുരുപദേശങ്ങൾ അവതരിപ്പിക്കും; അവരെ വിലയ്ക്കു വാങ്ങിയ പരമനാഥനെ നിഷേധിക്കുകപോലും ചെയ്തുകൊണ്ട് അവർ തങ്ങളുടെമേൽ അതിവേഗം നാശം വരുത്തിവെക്കും. 2അവരുടെ ഈ ദുഷ്‌പ്രവണതയെ പലരും പിൻതുടരും; അവർ സത്യമാർഗത്തിന് അപമാനം വരുത്തും. 3അവർ അതിമോഹത്തോടെ സ്വയംമെനഞ്ഞെടുത്ത ഉപദേശങ്ങളാൽ നിങ്ങളെ ചൂഷണം ചെയ്യും. മുമ്പേതന്നെ നിശ്ചയിക്കപ്പെട്ട ശിക്ഷാവിധി അവരുടെമേൽ നിപതിക്കും, അതിന് കാലതാമസവും ഉണ്ടാകുകയില്ല.
4പാപംചെയ്തപ്പോൾ ദൂതന്മാരെപ്പോലും ദൈവം ഒഴിവാക്കാതെ അവരെ അന്ധകാരത്തിന്റെ ചങ്ങലയാൽ ബന്ധിച്ച്, ന്യായവിധിക്കായി തടവറയിൽ#2:4 മൂ.ഭാ. ടാർട്ടറസ് അതായത്, വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരുടെ സൂക്ഷിപ്പുസ്ഥാനം. നരകം എന്നും പരിഭാഷപ്പെടുത്താം. സൂക്ഷിച്ചിരിക്കുന്നു. 5അവിടന്ന് പൗരാണിക ലോകത്തെയും ഒഴിവാക്കിയില്ല. അഭക്തരുടെ ലോകത്തെ പ്രളയത്തിലാഴ്ത്തിയപ്പോൾ ദൈവനീതിയുടെ പ്രഭാഷകനായ നോഹയടക്കം എട്ടുപേരെമാത്രമാണ് സംരക്ഷിച്ചത്. 6ദൈവം സൊദോം, ഗൊമോറാ എന്നീ നഗരങ്ങളെ ശിക്ഷിച്ച് ഭസ്മീകരിച്ച് ഉന്മൂലനാശംവരുത്തി;#2:6 ഉൽ. 19 കാണുക. ഇവർ അഭക്തർക്കു ഭവിക്കാനിരിക്കുന്നവെക്ക് ഒരു നിദർശനമാണ്. 7എന്നാൽ, നിയമനിഷേധികളുടെ അതിരുവിട്ട അധാർമികതകൾമൂലം ഹൃദയവ്യഥ അനുഭവിച്ച നീതിനിഷ്ഠനായ ലോത്തിനെ ദൈവം സംരക്ഷിച്ചു. 8നീതിനിഷ്ഠനായ അദ്ദേഹം അവരുടെ ഇടയിൽ വസിച്ചപ്പോൾ അവരുടെ അധാർമികപ്രവൃത്തികൾ അനുദിനം കാണുകയും കേൾക്കുകയും ചെയ്തു. അത് അദ്ദേഹത്തിന്റെ നീതിനിഷ്ഠമായ മനസ്സിനെ അതിവ്യഥയാൽ തകർത്തു. 9പരിശോധനകളിൽനിന്ന് ദൈവഭക്തരെ എങ്ങനെ പരിരക്ഷിക്കണമെന്നും ശിക്ഷാവിധേയരായ അഭക്തരെ വിധിദിനംവരെ എങ്ങനെ കാത്തുസൂക്ഷിക്കണമെന്നും കർത്താവിനറിയാം; 10പ്രത്യേകിച്ച്, കാമാസക്തിയാൽ വശീകരിക്കപ്പെട്ട് ശരീരത്തെ മലീമസമാക്കുന്നവരെയും ദൈവിക അധികാരത്തെ തിരസ്കരിക്കുന്നവരെയും.
തന്റേടികളും തന്നിഷ്ടക്കാരുമായ ഇവർ സ്വർഗീയജീവികളെപ്പോലും അധിക്ഷേപിക്കുന്നതിനു ഭയം ലവലേശമില്ലാത്തവരുമാണ്. 11എന്നാൽ അവരെക്കാൾ ശക്തിയിലും ബലത്തിലും ഉന്നതരായ ദൂതന്മാർപോലും കർത്തൃസന്നിധിയിൽ ആ സ്വർഗീയജീവികൾക്കെതിരേ യാതൊരുവിധ ദൂഷണവും ആരോപിക്കുന്നില്ല. 12എന്നാൽ, ഈ വ്യാജ ഉപദേഷ്ടാക്കളാകട്ടെ, തങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്തതിനെ ദുഷിക്കുന്നു. ജന്മവാസനകളാൽമാത്രം നയിക്കപ്പെടുകയും പിടിച്ചു കശാപ്പു ചെയ്യപ്പെടുന്നതിനുമാത്രമായി പിറക്കുകയുംചെയ്ത യുക്തിഹീനമൃഗങ്ങളെപ്പോലെയാണ് ഇവർ. ഈ മൃഗങ്ങളെപ്പോലെ അവരും സ്വന്തം വഷളത്തത്താൽ നശിക്കുന്നു.
13അവർക്ക് ഭവിക്കുന്ന നാശം അവർ ചെയ്തുകൂട്ടിയ ദുഷ്കർമങ്ങളുടെ പ്രതിഫലമാണ്. പട്ടാപ്പകൽ ആഭാസലീലകളിൽ അഭിരമിക്കുന്നത് അഭിമാനകരമായി അവർ കരുതുന്നു. നിങ്ങളുടെ സ്നേഹസൽക്കാരങ്ങളിൽ പങ്കെടുത്ത് ആനന്ദപൂർവം ആർത്തുല്ലസിക്കുന്ന അവർ കളങ്കവും അപമാനവുമാണ്. 14വ്യഭിചാരം നിറഞ്ഞ കണ്ണുകളുള്ളവരും പാപംചെയ്തു മതിവരാത്തവരും ചഞ്ചലമാനസരെ വശീകരിക്കുന്നവരും അത്യാഗ്രഹത്തിൽ വൈദഗ്ദ്ധ്യം നേടിയ ഹൃദയമുള്ളവരുമായ ശപിക്കപ്പെട്ട മക്കളാണിവർ! 15നേർപാത ഉപേക്ഷിച്ച് വഴിതെറ്റിപ്പോയ ഇവർ അനീതിയുടെ വേതനം മോഹിച്ച ബെയോരിന്റെ#2:15 ചി.കൈ.പ്ര. ബോസോർ മകൻ ബിലെയാമിന്റെ മാർഗം പിൻതുടരുന്നു. 16തന്റെ മാർഗഭ്രംശത്തിനു തക്ക ശകാരം അയാൾക്കു കിട്ടി; ഉരിയാടാക്കഴുത മനുഷ്യഭാഷയിൽ സംസാരിച്ച്#2:16 സംഖ്യ. 22:21-35 കാണുക. പ്രവാചകന്റെ മതിഭ്രമം അവസാനിപ്പിച്ചു.
17ഈ മനുഷ്യർ ഉണങ്ങിവരണ്ട അരുവികളും കൊടുങ്കാറ്റു പറപ്പിക്കുന്ന മൂടൽമഞ്ഞും ആണ്. കൊടുംതമസ്സ് അവർക്കായി കരുതിവെച്ചിരിക്കുന്നു. 18കാരണം, തെറ്റായ മാർഗത്തിൽ സഞ്ചരിച്ചവരിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരെ അവർ നിരർഥകങ്ങളായ പൊങ്ങച്ചവാക്കുകളാൽ അധാർമിക ജഡികാസക്തിയിലേക്കു വശീകരിക്കുന്നു. 19അവർ സ്വയം അധാർമികതയുടെ അടിമകളായിരിക്കെ, മറ്റുള്ളവർക്ക് സ്വാതന്ത്ര്യം വാഗ്ദാനംചെയ്യുന്നു—കാരണം “തങ്ങളെ അടിച്ചമർത്തുന്നവക്ക് മനുഷ്യർ അടിമകളാണ്.” 20നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്താൽ ലോകമാലിന്യങ്ങളിൽനിന്നു രക്ഷപ്പെട്ടവർ വീണ്ടും അതിൽത്തന്നെ കുടുങ്ങി പരാജയപ്പെട്ടുപോയാൽ, അവരുടെ അവസാനത്തെ അവസ്ഥ ആദ്യത്തേതിനെക്കാൾ ശോചനീയമായിരിക്കും. 21നീതിമാർഗം തിരിച്ചറിഞ്ഞശേഷം തങ്ങൾക്കു ലഭിച്ച വിശുദ്ധകൽപ്പനയിൽനിന്നു പിൻവാങ്ങുന്നതിനെക്കാൾ, അവർ അത് അറിയാതിരിക്കുകയായിരുന്നു നല്ലത്. 22“നായ അതിന്റെ ഛർദിയിലേക്കു തിരിയുന്നു”#2:22 സദൃ. 26:11 എന്നും “കുളിപ്പിച്ചാലും പന്നി പിന്നെയും ചെളിയിൽ ഉരുളുന്നു” എന്നും ഉള്ള പഴഞ്ചൊല്ലുകൾ അവരെ സംബന്ധിച്ച് സത്യമായിത്തീർന്നിരിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in