YouVersion Logo
Search Icon

1 യോഹന്നാൻ 1

1
ജീവന്റെ വചനം
1ആരംഭംമുതലേ ഉണ്ടായിരുന്നതും ഞങ്ങൾ കേട്ടതും ഞങ്ങളുടെ കണ്ണുകൾ കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈകൾ സ്പർശിച്ചതുമായ ജീവന്റെ വചനത്തെക്കുറിച്ചാണ് ഞങ്ങൾ ഘോഷിക്കുന്നത്. 2ഈ ജീവൻ പ്രത്യക്ഷപ്പെട്ടു; അത് ഞങ്ങൾ ദർശിച്ചു; ഞങ്ങൾ അതിന് സാക്ഷികളാകുകയും ചെയ്യുന്നു. പിതാവിനോടുകൂടെ ഇരുന്നതും ഞങ്ങൾക്കു വെളിപ്പെട്ടതുമായ നിത്യജീവൻ ഞങ്ങൾ നിങ്ങളോട് ഘോഷിക്കുന്നു. 3നിങ്ങൾക്ക് ഞങ്ങളുമായി കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ് ഞങ്ങൾ കാണുകയും കേൾക്കുകയുംചെയ്തത് നിങ്ങളെ അറിയിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവിടത്തെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു. 4ഞങ്ങളുടെ ആനന്ദം സമ്പൂർണമാകാനാണ് ഞങ്ങൾ ഇത് എഴുതുന്നത്.
ഇരുളും പ്രകാശവും; പാപവും വിമോചനവും
5ഞങ്ങൾ തിരുമൊഴി ശ്രവിച്ച് നിങ്ങളോട് അറിയിക്കുന്ന സന്ദേശം ഇതാണ്: ദൈവം പ്രകാശം ആകുന്നു; ദൈവത്തിൽ അന്ധകാരം അൽപ്പംപോലും ഇല്ല. 6നമുക്ക് അവിടത്തോട് കൂട്ടായ്മ ഉണ്ടെന്നു പറയുകയും അന്ധകാരത്തിൽ ജീവിക്കുകയുംചെയ്യുന്നെങ്കിൽ നാം വ്യാജംപറയുകയാണ്; സത്യം അനുസരിച്ചു ജീവിക്കുന്നതുമില്ല. 7അവിടന്നു പ്രകാശത്തിൽ ആയിരിക്കുന്നതുപോലെ നാമും പ്രകാശത്തിൽ ജീവിക്കുന്നെങ്കിൽ നമുക്ക് പരസ്പരം കൂട്ടായ്മയുണ്ട്; അവിടത്തെ പുത്രനായ യേശുവിന്റെ രക്തം സകലപാപത്തിൽനിന്നും നമ്മെ ശുദ്ധീകരിക്കുന്നു.
8നമുക്കു പാപമില്ലെന്ന് നാം അവകാശപ്പെട്ടാൽ നമ്മെത്തന്നെ വഞ്ചിക്കുകയാണ്; സത്യം നമ്മിൽ വസിക്കുന്നതുമില്ല. 9നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുന്നു എങ്കിൽ അവിടന്ന് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് എല്ലാ അനീതിയിൽനിന്നും നമ്മെ ശുദ്ധീകരിക്കും; അവിടന്ന് വിശ്വസ്തനും നീതിമാനും ആണല്ലോ. 10നാം പാപംചെയ്തിട്ടില്ലെന്ന് അവകാശപ്പെടുന്നു എങ്കിൽ നാം ദൈവത്തെ അസത്യവാദി ആക്കുന്നു, അവിടത്തെ വചനം നമ്മിൽ നിവസിക്കുന്നുമില്ല.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in