YouVersion Logo
Search Icon

സങ്കീർത്തനങ്ങൾ 92

92
ശബത്ത് നാൾക്കുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം.
1യഹോവെക്കു സ്തോത്രം ചെയ്യുന്നതും
അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും
2പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും
ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും
3രാവിലെ നിന്റെ ദയയേയും
രാത്രിതോറും നിന്റെ വിശ്വസ്തതയേയും വർണ്ണിക്കുന്നതും നല്ലതു.
4യഹോവേ, നിന്റെ പ്രവൃത്തികൊണ്ടു നീ എന്നെ സന്തോഷിപ്പിക്കുന്നു;
ഞാൻ നിന്റെ കൈകളുടെ പ്രവൃത്തികളെ കുറിച്ചു ഘോഷിച്ചുല്ലസിക്കുന്നു.
5യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര വലിയവയാകുന്നു;
നിന്റെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നേ.
6മൃഗപ്രായനായ മനുഷ്യൻ അതു അറിയുന്നില്ല;
മൂഢൻ അതു ഗ്രഹിക്കുന്നതുമില്ല.
7ദുഷ്ടന്മാർ പുല്ലുപോലെ മുളെക്കുന്നതും
നീതികേടു പ്രവർത്തിക്കുന്നവരൊക്കെയും തഴെക്കുന്നതും
എന്നേക്കും നശിച്ചുപോകേണ്ടതിന്നാകുന്നു.
8നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.
9യഹോവേ, ഇതാ, നിന്റെ ശത്രുക്കൾ, ഇതാ, നിന്റെ ശത്രുക്കൾ നശിച്ചുപോകുന്നു;
നീതികേടു പ്രവർത്തിക്കുന്ന ഏവരും ചിതറിപ്പോകും.
10എങ്കിലും എന്റെ കൊമ്പു നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയർത്തും;
പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.
11എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടും
എന്റെ ചെവി എന്നോടു എതിർക്കുന്ന ദുഷ്കർമ്മികളെക്കുറിച്ചു കേട്ടും രസിക്കും.
12നീതിമാൻ പനപോലെ തഴെക്കും;
ലെബാനോനിലെ ദേവദാരുപോലെ വളരും.
13യഹോവയുടെ ആലയത്തിൽ നടുതലയായവർ
നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴെക്കും.
14വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും;
അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.
15യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിന്നു തന്നേ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for സങ്കീർത്തനങ്ങൾ 92