YouVersion Logo
Search Icon

സംഖ്യാപുസ്തകം 35

35
1 # യോശുവ 21:1-42 യഹോവ പിന്നെയും യെരീഹോവിന്നെതിരെ യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു: 2യിസ്രായേൽമക്കൾ തങ്ങളുടെ അവകാശത്തിൽനിന്നു ലേവ്യർക്കു വസിപ്പാൻ പട്ടണങ്ങൾ കൊടുക്കേണമെന്നു അവരോടു കല്പിക്ക; പട്ടണങ്ങളോടുകൂടെ അവയുടെ പുല്പുറവും നിങ്ങൾ ലേവ്യർക്കു കൊടുക്കേണം. 3പട്ടണങ്ങൾ അവർക്കു പാർപ്പിടമായിരിക്കേണം; അവയുടെ പുല്പുറം ആടുമാടുകൾ മുതലായ സകലമൃഗസമ്പത്തിന്നുംവേണ്ടി ആയിരിക്കേണം. 4നിങ്ങൾ ലേവ്യർക്കു കൊടുക്കേണ്ടുന്ന പുല്പുറം. പട്ടണത്തിന്റെ മതിലിങ്കൽതുടങ്ങി പുറത്തോട്ടു ചുറ്റും ആയിരം മുഴം വിസ്താരം ആയിരിക്കേണം. 5പട്ടണം നടുവാക്കി അതിന്നു പുറമെ കിഴക്കോട്ടു രണ്ടായിരം മുഴവും തെക്കോട്ടു രണ്ടായിരം മുഴവും പടിഞ്ഞാറോട്ടു രണ്ടായിരം മുഴവും വടക്കോട്ടു രണ്ടായിരം മുഴവും അളക്കേണം; ഇതു അവർക്കു പട്ടണങ്ങളുടെ പുല്പുറം ആയിരിക്കേണം. 6നിങ്ങൾ ലേവ്യർക്കു കൊടുക്കുന്ന പട്ടണങ്ങളിൽ ആറു സങ്കേതനഗരങ്ങളായിരിക്കേണം; കൊലചെയ്തവൻ അവിടേക്കു ഓടിപ്പോകേണ്ടതിന്നു നിങ്ങൾ അവയെ അവന്നുവേണ്ടി വേറുതിരിക്കേണം; ഇവ കൂടാതെ നിങ്ങൾ വേറെയും നാല്പത്തുരണ്ടു പട്ടണങ്ങളെ കൊടുക്കേണം. 7അങ്ങനെ നിങ്ങൾ ലേവ്യർക്കു കൊടുക്കുന്ന പട്ടണങ്ങൾ എല്ലാംകൂടെ നാല്പത്തെട്ടു ആയിരിക്കേണം; അവയും അവയുടെ പുല്പുറങ്ങളും കൊടുക്കേണം. 8യിസ്രായേൽമക്കളുടെ അവകാശത്തിൽനിന്നു ജനമേറിയവർ ഏറെയും ജനം കുറഞ്ഞവർ കുറെയും പട്ടണങ്ങൾ കൊടുക്കേണം; ഓരോ ഗോത്രം തനിക്കു ലഭിക്കുന്ന അവകാശത്തിന്നു ഒത്തവണ്ണം ലേവ്യർക്കു പട്ടണങ്ങളെ കൊടുക്കേണം.
9 # ആവർത്തനപുസ്തകം 19:2-4; യോശുവ 20:1-9 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 10നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: നിങ്ങൾ യോർദ്ദാൻ കടന്നു കനാൻദേശത്തു എത്തിയശേഷം 11ചില പട്ടണങ്ങൾ സങ്കേതനഗരങ്ങളായി വേറുതിരിക്കേണം; അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവൻ അവിടേക്കു ഓടിപ്പോകേണം. 12കൊലചെയ്തവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നില്ക്കുംവരെ അവൻ പ്രതികാരകന്റെ കയ്യാൽ മരിക്കാതിരിക്കേണ്ടതിന്നു അവ സങ്കേതനഗരങ്ങൾ ആയിരിക്കേണം. 13നിങ്ങൾ കൊടുക്കുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരം ആയിരിക്കേണം. 14യോർദ്ദാന്നക്കരെ മൂന്നു പട്ടണവും കനാൻദേശത്തു മൂന്നു പട്ടണവും കൊടുക്കേണം; അവ സങ്കേതനഗരങ്ങൾ ആയിരിക്കേണം. 15അബദ്ധവശാൽ ഒരുത്തനെ കൊല്ലുന്നവൻ ഏവനും അവിടേക്കു ഓടിപ്പോകേണ്ടതിന്നു ഈ ആറുപട്ടണം യിസ്രായേൽമക്കൾക്കും പരദേശിക്കും വന്നുപാർക്കുന്നവന്നും സങ്കേതം ആയിരിക്കേണം. 16എന്നാൽ ആരെങ്കിലും ഇരുമ്പായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കേണം. 17മരിപ്പാൻ തക്കവണ്ണം ആരെങ്കിലും ഒരുത്തനെ കല്ലെറിഞ്ഞിട്ടു അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണ ശിക്ഷ അനുഭവിക്കേണം. 18അല്ലെങ്കിൽ മരിപ്പാൻ തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കേണം. 19രക്തപ്രതികാരകൻ തന്നേ കൊലപാതകനെ കൊല്ലേണം; അവനെ കണ്ടുകൂടുമ്പോൾ അവനെ കൊല്ലേണം. 20ആരെങ്കിലും ദ്വേഷംനിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേൽ വല്ലതും എറികയോ ചെയ്തിട്ടു അവൻ മരിച്ചുപോയാൽ, 21അല്ലെങ്കിൽ ശത്രുതയാൽ കൈകൊണ്ടു അവനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവനെ കൊന്നവൻ മരണശിക്ഷ അനുഭവിക്കേണം. അവൻ കൊലപാതകൻ; രക്തപ്രതികാരകൻ കൊലപാതകനെ കണ്ടുകൂടുമ്പോൾ കൊന്നുകളയേണം. 22എന്നാൽ ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്നു ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെമേൽ എറിഞ്ഞുപോകയോ, 23അവന്നു ശത്രുവായിരിക്കാതെയും അവന്നു ദോഷം വിചാരിക്കാതെയും അവൻ മരിപ്പാൻ തക്കവണ്ണം അവനെ കാണാതെ കല്ലു എറികയോ ചെയ്തിട്ടു അവൻ മരിച്ചു പോയാൽ 24കൊലചെയ്തവന്നും രക്തപ്രതികാരകന്നും മദ്ധ്യേ ഈ ന്യായങ്ങളെ അനുസരിച്ചു സഭ വിധിക്കേണം. 25കൊലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കയ്യിൽനിന്നു രക്ഷിക്കേണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്കു അവനെ മടക്കി അയക്കേണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാർക്കേണം. 26എന്നാൽ കൊലചെയ്തവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിന്റെ അതിർ വിട്ടു പുറത്തു വരികയും 27അവനെ അവന്റെ സങ്കേതനഗരത്തിന്റെ അതിരിന്നു പുറത്തുവെച്ചു കണ്ടു രക്തപ്രതികാരകൻ കൊലചെയ്തവനെ കൊല്ലുകയും ചെയ്താൽ അവന്നു രക്തപാതകം ഇല്ല. 28അവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടിയിരുന്നു; എന്നാൽ കൊലചെയ്തവന്നു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം. 29ഇതു നിങ്ങൾക്കു തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ന്യായവിധിക്കുള്ള പ്രമാണം ആയിരിക്കേണം. 30#ആവർത്തനപുസ്തകം 17:6; 19:15ആരെങ്കിലും ഒരുത്തനെ കൊന്നാൽ കൊലപാതകൻ സാക്ഷികളുടെ വാമൊഴിപ്രകാരം മരണശിക്ഷ അനുഭവിക്കേണം; എന്നാൽ ഒരു മനുഷ്യന്റെ നേരെ മരണശിക്ഷെക്കു ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല. 31മരണയോഗ്യനായ കൊലപാതകന്റെ ജീവന്നുവേണ്ടി നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുതു; അവൻ മരണശിക്ഷ തന്നേ അനുഭവിക്കേണം. 32സങ്കേതനഗരത്തിലേക്കു ഓടിപ്പോയവൻ പുരോഹിതന്റെ മരണത്തിന്നു മുമ്പെ നാട്ടിൽ മടങ്ങിവന്നു പാർക്കേണ്ടതിന്നും നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുതു. 33നിങ്ങൾ പാർക്കുന്ന ദേശം അങ്ങനെ അശുദ്ധമാക്കരുതു; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്തിൽ ചൊരിഞ്ഞ രക്തത്തിന്നുവേണ്ടി രക്തം ചൊരിയിച്ചവന്റെ രക്തത്താൽ അല്ലാതെ ദേശത്തിന്നു പ്രായശ്ചിത്തം സാദ്ധ്യമല്ല. 34അതുകൊണ്ടു ഞാൻ അധിവസിക്കുന്ന നിങ്ങളുടെ പാർപ്പിടമായ ദേശം അശുദ്ധമാക്കരുതു; യിസ്രായേൽമക്കളുടെ മദ്ധ്യേ യഹോവയായ ഞാൻ അധിവസിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy