YouVersion Logo
Search Icon

ലേവ്യപുസ്തകം 27

27
1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 2യിസ്രായേൽമക്കളോടു നീ പറയേണ്ടതു എന്തെന്നാൽ: ആരെങ്കിലും യഹോവെക്കു ഒരു നേർച്ച നിവർത്തിക്കുമ്പോൾ ആൾ നിന്റെ മതിപ്പുപോലെ യഹോവെക്കുള്ളവൻ ആകേണം. 3ഇരുപതു വയസ്സുമുതൽ അറുപതു വയസ്സുവരെയുള്ള ആണിന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിന്റെ മതിപ്പു അമ്പതു ശേക്കെൽ വെള്ളി ആയിരിക്കേണം. 4പെണ്ണായിരുന്നാൽ നിന്റെ മതിപ്പു മുപ്പതു ശേക്കെൽ ആയിരിക്കേണം. 5അഞ്ചു വയസ്സുമുതൽ ഇരുപതു വയസ്സുവരെ എങ്കിൽ നിന്റെ മതിപ്പു ആണിന്നു ഇരുപതു ശേക്കെലും പെണ്ണിന്നു പത്തു ശേക്കെലും ആയിരിക്കേണം. 6ഒരു മാസം മുതൽ അഞ്ചു വയസ്സുവരെയുള്ളതായാൽ നിന്റെ മതിപ്പു ആണിന്നു അഞ്ചു ശേക്കെൽ വെള്ളിയും പെണ്ണിന്നു മൂന്നു ശേക്കെൽ വെള്ളിയും ആയിരിക്കേണം. 7അറുപതു വയസ്സുമുതൽ മേലോട്ടെങ്കിൽ നിന്റെ മതിപ്പു ആണിന്നു പതിനഞ്ചു ശേക്കെലും പെണ്ണിന്നു പത്തു ശേക്കെലും ആയിരിക്കേണം. 8നിന്റെ മതിപ്പുപോലെ കൊടുപ്പാൻ കഴിയാതവണ്ണം ഒരുത്തൻ ദരിദ്രനായിരുന്നാൽ അവനെ പുരോഹിതന്റെ മുമ്പാകെ കൊണ്ടുവന്നു നിർത്തേണം; പുരോഹിതൻ അവനെ മതിക്കേണം; നേർന്നവന്റെ പ്രാപ്തിക്കു ഒത്തവണ്ണം പുരോഹിതൻ അവനെ മതിക്കേണം.
9അതു യഹോവെക്കു വഴിപാടു കഴിപ്പാൻ തക്ക മൃഗം ആകുന്നു എങ്കിൽ ആ വകയിൽ നിന്നു യഹോവെക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കേണം. 10തീയതിന്നു പകരം നല്ലതു, നല്ലതിന്നു പകരം തീയതു ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുതു; മൃഗത്തിന്നു മൃഗത്തെ വെച്ചുമാറുന്നു എങ്കിൽ അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം. 11അതു യഹോവെക്കു വഴിപാടു കഴിച്ചുകൂടാത്ത അശുദ്ധമൃഗമാകുന്നു എങ്കിൽ ആ മൃഗത്തെ പുരോഹിതന്റെ മുമ്പാകെ നിർത്തേണം. 12അതു നല്ലതോ തീയതോ ആയിരിക്കുന്നതിന്നു ഒത്തവണ്ണം പുരോഹിതൻ അതിനെ മതിക്കേണം; പുരോഹിതനായ നീ അതിനെ മതിക്കുന്നതുപോലെ തന്നേ ആയിരിക്കേണം. 13അതിനെ വീണ്ടെടുക്കുന്നു എങ്കിൽ നീ മതിച്ച തുകയോടു അഞ്ചിലൊന്നു കൂട്ടേണം.
14ഒരുത്തൻ തന്റെ വീടു യഹോവെക്കു വിശുദ്ധമായിരിക്കേണ്ടതിന്നു വിശുദ്ധീകരിച്ചാൽ അതു നല്ലതെങ്കിലും തീയതെങ്കിലും പുരോഹിതൻ അതു മതിക്കേണം; പുരോഹിതൻ മതിക്കുന്നതുപോലെ തന്നേ അതു ഇരിക്കേണം. 15തന്റെ വീടു വിശുദ്ധീകരിച്ചാൽ അതു വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്നു അതിനോടു കൂട്ടേണം; എന്നാൽ അതു അവന്നുള്ളതാകും.
16ഒരുത്തൻ തന്റെ അവകാശനിലത്തിൽ ഏതാനും യഹോവെക്കു വിശുദ്ധീകരിച്ചാൽ നിന്റെ മതിപ്പു അതിന്റെ വിത്തുപാടിന്നു ഒത്തവണ്ണം ആയിരിക്കേണം; ഒരു ഹോമെർ യവം വിതെക്കുന്ന നിലത്തിന്നു അമ്പതു ശേക്കെൽ വെള്ളി മതിക്കേണം. 17യോബേൽസംവത്സരംമുതൽ അവൻ തന്റെ നിലം വിശുദ്ധീകരിച്ചാൽ അതു നിന്റെ മതിപ്പുപോലെ ഇരിക്കേണം. 18യോബേൽസംവത്സരത്തിന്റെ ശേഷം അവൻ അതിനെ വിശുദ്ധീകരിച്ചാലോ യോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരങ്ങൾക്കു ഒത്തവണ്ണം പുരോഹിതൻ അതിന്റെ വില കണക്കാക്കേണം; അതു നിന്റെ മതിപ്പിൽനിന്നു കുറെക്കേണം. 19നിലം വിശുദ്ധീകരിച്ചവൻ അതു വീണ്ടെടുക്കുന്നെങ്കിൽ അവൻ നിന്റെ മതിപ്പുവിലയുടെ അഞ്ചിലൊന്നു അതിനോടു കൂട്ടേണം; എന്നാൽ അതു അവന്നു സ്ഥിരമായിരിക്കും. 20അവൻ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തന്നു വിറ്റാലോ പിന്നെ അതു വീണ്ടെടുത്തുകൂടാ. 21ആ നിലം യൊബേൽസംവത്സരത്തിൽ ഒഴിഞ്ഞുകൊടുക്കുമ്പോൾ ശപഥാർപ്പിതഭൂമിപോലെ യഹോവെക്കു വിശുദ്ധമായിരിക്കേണം; അതിന്റെ അനുഭവം പുരോഹിതന്നു ഇരിക്കേണം. 22തന്റെ അവകാശനിലങ്ങളിൽ ഉൾപ്പെടാതെ സ്വായർജ്ജിതമായുള്ള ഒരു നിലം ഒരുത്തൻ യഹോവെക്കു ശുദ്ധീകരിച്ചാൽ 23പുരോഹിതൻ യോബേൽസംവത്സരംവരെ മതിപ്പുവില കണക്കാക്കേണം; നിന്റെ മതിപ്പുവില അവൻ അന്നുതന്നേ യഹോവെക്കു വിശുദ്ധമായി കൊടുക്കേണം. 24ആ നിലം മുന്നുടമസ്ഥന്നു യോബേൽസംവത്സരത്തിൽ തിരികെ ചേരേണം. 25നിന്റെ മതിപ്പു ഒക്കെയും ശേക്കെലിന്നു ഇരുപതു ഗേരാവെച്ചു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കേണം.
26കടിഞ്ഞൂൽപിറവിയാൽ യഹോവെക്കുള്ളതായ മൃഗത്തെ മാത്രം ആരും വിശുദ്ധീകരിക്കരുതു; മാടായാലും ആടായാലും അതു യഹോവെക്കുള്ളതു ആകുന്നു. 27അതു അശുദ്ധമൃഗമാകുന്നു എങ്കിൽ മതിപ്പുവിലയും അതിന്റെ അഞ്ചിലൊന്നും കൂടെ കൊടുത്തു അതിനെ വീണ്ടെടുക്കേണം; വീണ്ടെടുക്കുന്നില്ലെങ്കിൽ നിന്റെ മതിപ്പുവിലെക്കു അതിനെ വിൽക്കേണം.
28 # സംഖ്യാപുസ്തകം 18:14 എന്നാൽ ഒരുത്തൻ തനിക്കുള്ള ആൾ, മൃഗം, അവകാശനിലം മുതലായി യഹോവെക്കു കൊടുക്കുന്ന യാതൊരു ശപഥാർപ്പിതവും വിൽക്കയോ വീണ്ടെടുക്കയോ ചെയ്തുകൂടാ; ശപഥാർപ്പിതം ഒക്കെയും യഹോവെക്കു അതിവിശുദ്ധം ആകുന്നു. 29മനുഷ്യവർഗ്ഗത്തിൽനിന്നു ശപഥാർപ്പിതമായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയേണം.
30 # സംഖ്യാപുസ്തകം 18:21; ആവർത്തനപുസ്തകം 14:22-29 നിലത്തിലെ വിത്തിലും വൃക്ഷത്തിന്റെ ഫലത്തിലും ദേശത്തിലെ ദശാംശം ഒക്കെയും യഹോവെക്കുള്ളതു ആകുന്നു; അതു യഹോവെക്കു വിശുദ്ധം. 31ആരെങ്കിലും തന്റെ ദശാംശത്തിൽ ഏതാനും വീണ്ടെടുക്കുന്നു എങ്കിൽ അതിനോടു അഞ്ചിലൊന്നുകൂടെ ചേർത്തുകൊടുക്കേണം. 32മാടാകട്ടെ ആടാകട്ടെ കോലിൻ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്നു യഹോവെക്കു വിശുദ്ധമായിരിക്കേണം. 33അതു നല്ലതോതീയതോ എന്നു ശോധനചെയ്യരുതു; വെച്ചുമാറുകയും അരുതു; വെച്ചുമാറുന്നു എങ്കിൽ അതും വെച്ചുമാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീണ്ടെടുത്തുകൂടാ. 34യിസ്രായേൽമക്കൾക്കുവേണ്ടി യഹോവ സീനായിപർവ്വതത്തിൽവെച്ചു മോശെയോടു കല്പിച്ച കല്പനകൾ ഇവതന്നേ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy