YouVersion Logo
Search Icon

ലേവ്യപുസ്തകം 25

25
1 # പുറപ്പാടു 23:10,11 യഹോവ സീനായിപർവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്തതതു: 2നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം ദേശം യഹോവെക്കു ശബ്ബത്തു ആചരിക്കേണം. 3ആറു സംവത്സരം നിന്റെ നിലം വിതെക്കേണം; അവ്വണ്ണം ആറു സംവത്സരം നിന്റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ചു അനുഭവം എടുക്കേണം. 4ഏഴാം സംവത്സരത്തിലോ ദേശത്തിന്നു സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്റെ നിലം വിതെക്കയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കയും ചെയ്യരുതു. 5നിന്റെ കൊയ്ത്തിന്റെ പടുവിളവു കൊയ്യുകയും വള്ളിത്തല മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കയും അരുതു; അതു ദേശത്തിന്നു ശബ്ബത്താണ്ടു ആകുന്നു. 6ദേശത്തിന്റെ ശബ്ബത്തിൽ താനേ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കേണം; നിനക്കും നിന്റെ ദാസന്നും ദാസിക്കും കൂലിക്കാരന്നും നിന്നോടുകൂടെ പാർക്കുന്ന പരദേശിക്കും 7നിന്റെ കന്നുകാലിക്കും കാട്ടുമൃഗത്തിന്നും അതിന്റെ അനുഭവം ഒക്കെയും ആഹാരമായിരിക്കേണം.
8പിന്നെ ഏഴു ശബ്ബത്താണ്ടായ ഏഴേഴുസംവത്സരം എണ്ണേണം; അങ്ങനെ ഏഴു ശബ്ബത്താണ്ടായ നാല്പത്തൊമ്പതു സംവത്സരം കഴിയേണം. 9അപ്പോൾ ഏഴാം മാസം പത്താം തിയ്യതി മഹാധ്വനികാഹളം ധ്വനിപ്പിക്കേണം; പാപപരിഹാരദിവസത്തിൽ നിങ്ങൾ നിങ്ങളുടെ ദേശത്തു എല്ലാടവും കാഹളം ധ്വനിപ്പിക്കേണം. 10അമ്പതാം സംവത്സരത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലാടവും സകലനിവാസികൾക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കേണം; അതു നിങ്ങൾക്കു യോബേൽസംവത്സരമായിരിക്കേണം: നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം; ഓരോരുത്തൻ താന്താന്റെ കുടുംബത്തിലേക്കും മടങ്ങിപ്പോകേണം. 11അമ്പതാം സംവത്സരം നിങ്ങൾക്കു യോബേൽ സംവത്സരമായിരിക്കേണം; അതിൽ നിങ്ങൾ വിതെക്കയോ പടുവിളവു കൊയ്കയോ വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കയോ ചെയ്യരുതു. 12അതു യോബേൽസംവത്സരം ആകുന്നു; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കേണം; ആയാണ്ടത്തെ അനുഭവം നിങ്ങൾ വയലിൽ നിന്നുതന്നേ എടുത്തു തിന്നേണം. 13ഇങ്ങനെയുള്ള യോബേൽ സംവത്സരത്തിൽ നിങ്ങൾ താന്താന്റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം. 14കൂട്ടുകാരന്നു എന്തെങ്കിലും വിൽക്കയോ കൂട്ടുകാരനോടു എന്തെങ്കിലും വാങ്ങുകയോ ചെയ്താൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുതു. 15യോബേൽസംവത്സരത്തിന്റെ പിമ്പുള്ള സംവത്സരങ്ങളുടെ സംഖ്യക്കു ഒത്തവണ്ണം നിന്റെ കൂട്ടുകാരനോടു വാങ്ങേണം; അനുഭവമുള്ള സംവത്സരങ്ങളുടെ സംഖ്യെക്കു ഒത്തവണ്ണം അവൻ നിനക്കു വിൽക്കേണം. 16സംവത്സരങ്ങൾ ഏറിയിരുന്നാൽ വില ഉയർത്തേണം; സംവത്സരങ്ങൾ കുറഞ്ഞിരുന്നാൽ വില താഴ്ത്തേണം; അനുഭവത്തിന്റെ കാലസംഖ്യെക്കു ഒത്തവണ്ണം അവൻ നിനക്കു വില്ക്കുന്നു. 17ആകയാൽ നിങ്ങൾ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം: ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. 18അതു കൊണ്ടു നിങ്ങൾ എന്റെ കല്പനകൾ അനുസരിച്ചു എന്റെ വിധികൾ പ്രമാണിച്ചു ആചരിക്കേണം; എന്നാൽ നിങ്ങൾ ദേശത്തു നിർഭയം വസിക്കും. 19ഭൂമി അതിന്റെ ഫലം തരും; നിങ്ങൾ തൃപ്തിയായി ഭക്ഷിച്ചു അതിൽ നിർഭയം വസിക്കും. 20എന്നാൽ ഏഴാം സംവത്സരത്തിൽ ഞങ്ങൾ എന്തു ഭക്ഷിക്കും? ഞങ്ങൾ വിതെക്കയും ഞങ്ങളുടെ അനുഭവമെടുക്കയും ചെയ്യരുതല്ലോ എന്നു നിങ്ങൾ പറയുന്നുവെങ്കിൽ 21ഞാൻ ആറാം സംവത്സരത്തിൽ നിങ്ങൾക്കു എന്റെ അനുഗ്രഹം അരുളുകയും അതു മൂന്നു സംവത്സരത്തേക്കുള്ള അനുഭവം തരികയും ചെയ്യും. 22എട്ടാം സംവത്സരത്തിൽ നിങ്ങൾ വിതെക്കയും ഒമ്പതാം സംവത്സരംവരെ പഴയ അനുഭവംകൊണ്ടു ഉപജീവിക്കയും വേണം; അതിന്റെ അനുഭവം വരുംവരെ പഴയതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം. 23നിലം ജന്മം വിൽക്കരുതു; ദേശം എനിക്കുള്ളതു ആകുന്നു; നിങ്ങൾ എന്റെ അടുക്കൽ പരദേശികളും വന്നു പാർക്കുന്നവരും അത്രേ. 24നിങ്ങളുടെ അവകാശമായ ദേശത്തൊക്കെയും നിലത്തിന്നു വീണ്ടെടുപ്പു സമ്മതിക്കേണം.
25നിന്റെ സഹോദരൻ ദിരദ്രനായ്തീർന്നു തന്റെ അവകാശത്തിൽ ഏതാനും വിറ്റാൽ അവന്റെ അടുത്ത ചാർച്ചക്കാരൻ വന്നു സഹോദരൻ വിറ്റതു വീണ്ടുകൊള്ളേണം. 26എന്നാൽ വീണ്ടുകൊള്ളുവാൻ അവന്നു ആരും ഇല്ലാതിരിക്കയും താൻ തന്നേ വകയുള്ളവനായി വീണ്ടുകൊള്ളുവാൻ പ്രാപ്തനാകയും ചെയ്താൽ 27അവൻ അതു വിറ്റശേഷമുള്ള സംവത്സരം കണക്കുകൂട്ടി മിച്ചമുള്ളതു അതു വാങ്ങിയിരുന്ന ആൾക്കു മടക്കിക്കൊടുത്തു തന്റെ അവകാശത്തിലേക്കു മടങ്ങിവരേണം. 28എന്നാൽ മടക്കിക്കൊടുപ്പാൻ അവന്നു പ്രാപ്തിയില്ല എങ്കിൽ വിറ്റുപോയ യോബേൽ സംവത്സരംവരെ വാങ്ങിയവന്റെ കയ്യിൽ ഇരിക്കേണം; യോബേൽസംവത്സരത്തിൽ അതു ഒഴിഞ്ഞുകൊടുക്കയും അവൻ തന്റെ അവകാശത്തിലേക്കു മടങ്ങിവരികയും വേണം.
29ഒരുത്തൻ മതിലുള്ള പട്ടണത്തിൽ ഒരു വീടു വിറ്റാൽ വിറ്റശേഷം ഒരു സംവത്സരത്തിന്നകം അവന്നു അതു വീണ്ടുകൊള്ളാം; വീണ്ടുകൊള്ളുവാൻ ഒരു സംവത്സരത്തെ അവധി ഉണ്ടു. 30ഒരു സംവത്സരം മുഴുവനും തികയുവോളം വീണ്ടുകൊണ്ടില്ലെങ്കിൽ മതിലുള്ള പട്ടണത്തിലെ വീടു, വാങ്ങിയവന്നു തലമുറതലമുറയായി എന്നും സ്ഥിരമായിരിക്കേണം; യോബേൽസംവത്സരത്തിൽ അതു ഒഴിഞ്ഞുകൊടുക്കേണ്ടാ. 31മതിലില്ലാത്ത ഗ്രാമങ്ങളിലെ വീടുകളോ ദേശത്തുള്ള നിലത്തിന്നു സമമായി വിചാരിക്കേണം; അവെക്കു വീണ്ടെടുപ്പു ഉണ്ടു; യോബേൽസംവത്സരത്തിൽ അവയെ ഒഴിഞ്ഞുകൊടുക്കേണം. 32എന്നാൽ ലേവ്യരുടെ പട്ടണങ്ങളും അവരുടെ അവകാശമായ പട്ടണങ്ങളിലെ വീടുകളും ലേവ്യർക്കു എപ്പോഴെങ്കിലും വീണ്ടുകൊള്ളാം. 33ലേവ്യരിൽ ഒരുത്തൻ വീണ്ടുകൊള്ളുന്നു എങ്കിൽ വിറ്റുപോയ വീടും അവന്റെ അവകാശമായ പട്ടണവും യോബേൽസംവത്സരത്തിൽ ഒഴിഞ്ഞുകൊടുക്കേണം; ലേവ്യരുടെ പട്ടണങ്ങളിലെ വീടുകൾ യിസ്രായേൽ മക്കളുടെ ഇടയിൽ അവർക്കുള്ള അവകാശമല്ലോ. 34എന്നാൽ അവരുടെ പട്ടണങ്ങളോടു ചേർന്നിരിക്കുന്ന പുല്പുറമായ ഭൂമി വിൽക്കരുതു; അതു അവർക്കു ശാശ്വതാവകാശം ആകുന്നു.
35 # ആവർത്തനപുസ്തകം 15:7,8 നിന്റെ സഹോദരൻ ദരിദ്രനായ്തീർന്നു നിന്റെ അടുക്കൽവെച്ചു ക്ഷയിച്ചുപോയാൽ നീ അവനെ താങ്ങേണം; അന്യനും പരദേശിയും എന്നപോലെ അവൻ നിന്റെ അടുക്കൽ പാർക്കേണം. 36അവനോടു പലിശയും ലാഭവും വാങ്ങരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം; നിന്റെ സഹോദരൻ നിന്റെ അടുക്കൽ പാർക്കേണം. 37#പുറപ്പാടു 22:25; ആവർത്തനപുസ്തകം 23:19,20നിന്റെ പണം പലിശെക്കു കൊടുക്കരുതു; നിന്റെ ആഹാരം അവന്നു ലാഭത്തിന്നായി കൊടുക്കയും അരുതു. 38ഞാൻ നിങ്ങൾക്കു കനാൻദേശം തരുവാനും നിങ്ങളുടെ ദൈവമായിരിപ്പാനും നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
39 # പുറപ്പാടു 21:2-6; ആവർത്തനപുസ്തകം 15:12-18 നിന്റെ സഹോദരൻ ദരിദ്രനായ്തീർന്നു തന്നെത്താൻ നിനക്കു വിറ്റാൽ അവനെകൊണ്ടു അടിമവേല ചെയ്യിക്കരുതു. 40കൂലിക്കാരൻ എന്നപോലെയും വന്നുപാർക്കുന്നവൻ എന്നപോലെയും അവൻ നിന്റെ അടുക്കൽ ഇരുന്നു യോബേൽസംവത്സരംവരെ നിന്നെ സേവിക്കേണം. 41പിന്നെ അവൻ തന്റെ മക്കളുമായി നിന്നെ വിട്ടു തന്റെ കുടുംബത്തിലേക്കു മടങ്ങിപ്പോകേണം; തന്റെ പിതാക്കന്മാരുടെ അവകാശത്തിലേക്കു അവൻ മടങ്ങിപ്പോകേണം. 42അവർ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ ആകകൊണ്ടു അവരെ അടിമകളായി വിൽക്കരുതു. 43അവനോടു കാഠിന്യം പ്രവർത്തിക്കരുതു; നിന്റെ ദൈവത്തെ ഭയപ്പെടേണം. 44നിന്റെ അടിയാരും അടിയാട്ടികളും നിങ്ങൾക്കു ചുറ്റുമുള്ള ജാതികളിൽനിന്നു ആയിരിക്കേണം; അവരിൽനിന്നു അടിയാരെയും അടിയാട്ടികളെയും കൊള്ളേണം. 45അവ്വണ്ണം നിങ്ങളുടെ ഇടയിൽ വന്നു പാർക്കുന്ന അന്യജാതിക്കാരുടെ മക്കളിൽനിന്നും അവർ നിങ്ങളുടെ ദേശത്തു ജനിപ്പിച്ചവരും നിങ്ങളോടുകൂടെ ഇരിക്കുന്നവരുമായ അവരുടെ കുടുംബങ്ങളില് നിന്നും നിങ്ങൾ വാങ്ങേണം; അവർ നിങ്ങൾക്കു അവകാശമായിരിക്കേണം; 46നിങ്ങളുടെ ശേഷം നിങ്ങളുടെ മക്കൾക്കും അവകാശമായിരിക്കേണ്ടതിന്നു നിങ്ങൾ അവരെ അവകാശമാക്കിക്കൊള്ളേണം; അവർ എന്നും നിങ്ങൾക്കു അടിമകളായിരിക്കേണം; യിസ്രായേൽമക്കളായ നിങ്ങളുടെ സഹോദരന്മാരോടോ നിങ്ങൾ കാഠിന്യം പ്രവർത്തിക്കരുതു.
47നിന്നോടുകൂടെയുള്ള പരദേശിയോ അന്യനോ സമ്പന്നനാകയും അവന്റെ അടുക്കലുള്ള നിന്റെ സഹോദരൻ ദരിദ്രനായ്തീർന്നു തന്നെത്താൻ അന്യന്നോ പരദേശിക്കോ അന്യന്റെ സന്തതിക്കോ വിൽക്കയും ചെയ്താൽ 48അവൻ തന്നെത്താൻ വിറ്റശേഷം അവനെ വീണ്ടെടുക്കാം; അവന്റെ സഹോദരന്മാരിൽ ഒരുത്തന്നു അവനെ വീണ്ടെടുക്കാം. 49അവന്റെ പിതൃവ്യന്നോ പിതൃവ്യന്റെ പുത്രന്നോ അവനെ വീണ്ടെടുക്കാം; അല്ലെങ്കിൽ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരിൽ ഒരുത്തന്നു അവനെ വീണ്ടെടുക്കാം; അവന്നു പ്രാപ്തിയുണ്ടെങ്കിൽ തന്നെത്താൻ വീണ്ടെടുക്കാം. 50അവൻ തന്നെ വിറ്റ സംവത്സരംമുതൽ യോബേൽസംവത്സരംവരെയുള്ള കാലക്കണക്കു തന്നെ വാങ്ങിയവനുമായി കൂട്ടിനോക്കേണം; അവന്റെ വില സംവത്സരസംഖ്യക്കു ഒത്തവണ്ണം ആയിരിക്കേണം; അവൻ ഒരു കൂലിക്കാരന്റെ കാലത്തിന്നു ഒത്തവണ്ണം അവന്റെ അടുക്കൽ പാർക്കേണം. 51സംവത്സരം ഏറെയുണ്ടെങ്കിൽ അതിന്നു തക്കവണ്ണം അവൻ തന്റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തിൽനിന്നു മടക്കിക്കൊടുക്കേണം. 52യോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരം കുറെ മാത്രം എങ്കിൽ അവനുമായി കണക്കുകൂട്ടി സംവത്സരങ്ങൾക്കു ഒത്തവണ്ണം തന്റെ വീണ്ടെടുപ്പുവില മടക്കിക്കൊടുക്കേണം. 53അവൻ ആണ്ടോടാണ്ടു കൂലിക്കാരൻ എന്നപോലെ അവന്റെ അടുക്കൽ ഇരിക്കേണം; നീ കാൺകെ അവൻ അവനോടു കാഠിന്യം പ്രവർത്തിക്കരുതു. 54ഇങ്ങനെ അവൻ വീണ്ടെടുക്കപ്പെടാതെയിരുന്നാൽ അവനും അവനോടുകൂടെ അവന്റെ മക്കളും യോബേൽ സംവത്സരത്തിൽ പുറപ്പെട്ടുപോകേണം. 55യിസ്രായേൽമക്കൾ എനിക്കു ദാസന്മാർ ആകുന്നു; അവർ മിസ്രയീംദേശത്തുനിന്നു ഞാൻ കൊണ്ടുവന്ന എന്റെ ദാസന്മാർ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy