YouVersion Logo
Search Icon

ലേവ്യപുസ്തകം 22

22
1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: 2യിസ്രായേൽമക്കൾ എനിക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളെ സംബന്ധിച്ചു അഹരോനും അവന്റെ പുത്രന്മാരും സൂക്ഷിച്ചുനിൽക്കേണമെന്നും എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുതെന്നും അവരോടു പറയേണം. ഞാൻ യഹോവ ആകുന്നു. 3നീ അവരോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ തലമുറകളിൽ നിങ്ങളുടെ സകലസന്തതിയിലും ആരെങ്കിലും അശുദ്ധനായിരിക്കുമ്പോൾ യിസ്രായേൽമക്കൾ യഹോവെക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളോടു അടുത്താൽ അവനെ എന്റെ മുമ്പിൽനിന്നു ഛേദിച്ചുകളയേണം; ഞാൻ യഹോവ ആകുന്നു. 4അഹരോന്റെ സന്തതിയിൽ ആരെങ്കിലും കുഷ്ഠരോഗിയോ ശുക്ലസ്രവക്കാരനോ ആയാൽ അവൻ ശുദ്ധനായിത്തീരുംവരെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കരുതു; ശവത്താൽ അശുദ്ധമായ യാതൊന്നെങ്കിലും തൊടുന്നവനും ബീജസ്ഖലനം ഉണ്ടായവനും 5അശുദ്ധിവരുത്തുന്ന യാതൊരു ഇഴജാതിയെ എങ്കിലും വല്ല അശുദ്ധിയുമുണ്ടായിട്ടു അശുദ്ധിവരുത്തുന്ന മനുഷ്യനെ എങ്കിലും തൊടുന്നവനും 6ഇങ്ങനെ തൊട്ടുതീണ്ടിയവൻ സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവൻ ദേഹം വെള്ളത്തിൽ കഴുകിയല്ലാതെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കരുതു. 7സൂര്യൻ അസ്തമിച്ചശേഷം അവൻ ശുദ്ധനാകും; പിന്നെ അവന്നു വിശുദ്ധസാധനങ്ങൾ ഭക്ഷിക്കാം; അതു അവന്റെ ആഹാരമല്ലോ. 8താനേ ചത്തതിനെയും പറിച്ചുകീറിപ്പോയതിനെയും തിന്നിട്ടു തന്നെത്താൽ അശുദ്ധമാക്കരുതു; ഞാൻ യഹോവ ആകുന്നു. 9ആകയാൽ അവർ എന്റെ പ്രമാണങ്ങളെ നിസ്സാരമാക്കി തങ്ങളുടെ മേൽ പാപം വരുത്തുകയും അതിനാൽ മരിക്കയും ചെയ്യാതിരിപ്പാൻ അവ പ്രമാണിക്കേണം; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു. 10യാതൊരു അന്യനും വിശുദ്ധസാധനം ഭക്ഷിക്കരുതു; പുരോഹിതന്റെ അടുക്കൽ വന്നു പാർക്കുന്നവനും കൂലിക്കാരനും വിശുദ്ധസാധനം ഭക്ഷിക്കരുതു. 11എന്നാൽ പുരോഹിതൻ ഒരുത്തനെ വിലെക്കു വാങ്ങിയാൽ അവന്നും വീട്ടിൽ പിറന്നുണ്ടായവന്നും ഭക്ഷിക്കാം; ഇവർക്കു അവന്റെ ആഹാരം ഭക്ഷിക്കാം. 12പുരോഹിതന്റെ മകൾ അന്യകുടുംബക്കാരന്നു ഭാര്യയായാൽ അവൾ വിശുദ്ധസാധനങ്ങളായ വഴിപാടു ഒന്നും ഭക്ഷിക്കരുതു. 13പുരോഹിതന്റെ മകൾ വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ആയി സന്തതിയില്ലാതെ അപ്പന്റെ വീട്ടിലേക്കു തന്റെ ബാല്യത്തിൽ എന്നപോലെ മടങ്ങിവന്നാൽ അവൾക്കു അപ്പന്റെ ആഹാരം ഭക്ഷിക്കാം; എന്നാൽ യാതൊരു അന്യനും അതു ഭക്ഷിക്കരുതു. 14ഒരുത്തൻ അബദ്ധവശാൽ വിശുദ്ധസാധനം ഭക്ഷിച്ചുപോയാൽ അവൻ വിശുദ്ധസാധനം അഞ്ചിൽ ഒരംശവും കൂട്ടി പുരോഹിതന്നു കൊടുക്കേണം. 15യിസ്രായേൽമക്കൾ യഹോവെക്കു അർപ്പിക്കുന്ന വിശുദ്ധസാധനങ്ങൾ അശുദ്ധമാക്കരുതു. 16അവരുടെ വിശുദ്ധസാധനങ്ങൾ ഭക്ഷിക്കുന്നതിൽ അവരുടെ മേൽ അകൃത്യത്തിന്റെ കുറ്റം വരുത്തരുതു; ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
17യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 18നീ അഹരോനോടും പുത്രന്മാരോടും എല്ലായിസ്രായേൽമക്കളോടും പറയേണ്ടതു എന്തെന്നാൽ: യിസ്രായേൽഗൃഹത്തിലോ യിസ്രായേലിൽ ഉള്ള പരദേശികളിലോ ആരെങ്കിലും യഹോവെക്കു ഹോമയാഗമായിട്ടു അർപ്പിക്കുന്ന വല്ല നേർച്ചകളാകട്ടെ സ്വമേധാദാനങ്ങളാകട്ടെ ഇവയിൽ ഏതെങ്കിലും ഒരു വഴിപാടു കഴിക്കുന്നു എങ്കിൽ 19നിങ്ങൾക്കു പ്രസാദം ലഭിപ്പാന്തക്കവണ്ണം അതു മാടുകളിൽ നിന്നോ ചെമ്മരിയാടുകളിൽനിന്നോ കോലാടുകളിൽനിന്നോ ഊനമില്ലാത്ത ഒരു ആണായിരിക്കേണം. 20#ആവർത്തനപുസ്തകം 17:1ഊനമുള്ള യാതൊന്നിനെയും നിങ്ങൾ അർപ്പിക്കരുതു; അതിനാൽ നിങ്ങൾക്കു പ്രസാദം ലഭിക്കയില്ല. 21ഒരുത്തൻ നേർച്ചനിവർത്തിക്കായിട്ടോ സ്വമേധാദാനമായിട്ടോ യഹോവെക്കു മാടുകളിൽനിന്നാകട്ടെ ആടുകളിൽനിന്നാകട്ടെ ഒന്നിനെ സമാധാനയാഗമായിട്ടു അർപ്പിക്കുമ്പോൾ അതു പ്രസാദമാകുവാന്തക്കവണ്ണം ഊനമില്ലത്തതായിരിക്കേണം; അതിന്നു ഒരു കുറവും ഉണ്ടായിരിക്കരുതു. 22കുരുടു, ചതവു, മുറിവു, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊന്നിനെയും യഹോവെക്കു അർപ്പിക്കരുതു; ഇവയിൽ ഒന്നിനെയും യഹോവെക്കു യാഗപീഠത്തിന്മേൽ ദഹനയാഗമായി അർപ്പിക്കരുതു; 23അവയവങ്ങളിൽ ഏതെങ്കിലും നീളം കൂടിയോ കുറഞ്ഞോ ഇരിക്കുന്ന കാളയെയും കുഞ്ഞാടിനെയും സ്വമേധാദാനമായിട്ടു അർപ്പിക്കാം; എന്നാൽ നേർച്ചയായിട്ടു അതു പ്രസാദമാകയില്ല. 24വരിചതെച്ചതോ എടുത്തുകളഞ്ഞതോ ഉടെച്ചതോ മുറിച്ചുകളഞ്ഞതോ ആയുള്ളതിനെ നിങ്ങൾ യഹോവെക്കു അർപ്പിക്കരുതു; ഇങ്ങനെ നിങ്ങളുടെ ദേശത്തു ചെയ്യരുതു. 25അന്യന്റെ കയ്യിൽനിന്നു ഇങ്ങനെയുള്ള ഒന്നിനെയും വാങ്ങി നിങ്ങളുടെ ദൈവത്തിന്റെ ഭോജനമായിട്ടു അർപ്പിക്കരുതു; അവെക്കു കേടും കുറവും ഉള്ളതുകൊണ്ടു അവയാൽ നിങ്ങൾക്കു പ്രസാദം ലഭിക്കയില്ല.
26യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: 27ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാൽ ഏഴു ദിവസം തള്ളയുടെ അടുക്കൽ ഇരിക്കേണം; എട്ടാം ദിവസംമുതൽ അതു യഹോവെക്കു ദഹനയാഗമായി പ്രസാദമാകും. 28പശുവിനെയോ പെണ്ണാടിനെയോ അതിനെയും കുട്ടിയെയും ഒരു ദിവസത്തിൽ അറുക്കരുതു. 29യഹോവെക്കു സ്തോത്രയാഗം അർപ്പിക്കുമ്പോൾ അതു പ്രസാദമാകത്തക്കവണ്ണം അർപ്പിക്കേണം. 30അന്നു തന്നേ അതിനെ തിന്നേണം; രാവിലെവരെ അതിൽ ഒട്ടും ശേഷിപ്പിക്കരുതു; ഞാൻ യഹോവ ആകുന്നു. 31ആകയാൽ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചു ആചരിക്കേണം; ഞാൻ യഹോവ ആകുന്നു. 32എന്റെ വിശുദ്ധനാമത്തെ നിങ്ങൾ അശുദ്ധമാക്കരുതു; യിസ്രായേൽമക്കളുടെ ഇടയിൽ ഞാൻ ശുദ്ധീകരിക്കപ്പെടേണം; ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു. 33നിങ്ങൾക്കു ദൈവമായിരിക്കേണ്ടതിന്നു മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാൻ യഹോവ ആകുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy