YouVersion Logo
Search Icon

ഇയ്യോബ് 6

6
1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ!
എന്റെ വിപത്തു സ്വരൂപിച്ചു തുലാസിൽ വെച്ചെങ്കിൽ!
3അതു കടല്പുറത്തെ മണലിനെക്കാൾ ഭാരമേറുന്നതു.
അതുകൊണ്ടു എന്റെ വാക്കു തെറ്റിപ്പോകുന്നു.
4സർവ്വശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറെച്ചിരിക്കുന്നു;
അവയുടെ വിഷം എന്റെ ആത്മാവു കുടിക്കുന്നു;
ദൈവത്തിന്റെ ഘോരത്വങ്ങൾ എന്റെ നേരെ അണിനിരന്നിരിക്കുന്നു.
5പുല്ലുള്ളേടത്തു കാട്ടുകഴുത ചിനെക്കുമോ?
തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ?
6രുചിയില്ലാത്തതു ഉപ്പുകൂടാതെ തിന്നാമോ?
മുട്ടയുടെ വെള്ളെക്കു രുചിയുണ്ടോ?
7തൊടുവാൻ എനിക്കു വെറുപ്പു തോന്നുന്നതു
എനിക്കു അറെപ്പുള്ള ഭക്ഷണമായിരിക്കുന്നു.
8അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ!
എന്റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കിൽ!
9എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ!
തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ! 10അങ്ങനെ എനിക്കു ആശ്വാസം ലഭിക്കുമായിരുന്നു;
കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു.
പരിശുദ്ധന്റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ;
11ഞാൻ കാത്തിരിക്കേണ്ടതിന്നു എന്റെ ശക്തി എന്തുള്ളു?
ദീർഘക്ഷമ കാണിക്കേണ്ടതിന്നു എന്റെ അന്തം എന്തു?
12എന്റെ ബലം കല്ലിന്റെ ബലമോ?
എന്റെ മാംസം താമ്രമാകുന്നുവോ?
13ഞാൻ കേവലം തുണയില്ലാത്തവനല്ലയോ?
രക്ഷ എന്നെ വിട്ടുപോയില്ലയോ?
14ദുഃഖിതനോടു സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു;
അല്ലാഞ്ഞാൽ അവൻ സർവ്വശക്തന്റെ ഭയം ത്യജിക്കും.
15എന്റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു;
വറ്റിപ്പോകുന്ന തോടുകളുടെ ചാൽപോലെ തന്നേ.
16നീർക്കട്ടകൊണ്ടു അവ കലങ്ങിപ്പോകുന്നു;
ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു.
17ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു;
ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്നു പൊയ്പോകുന്നു.
18സ്വാർത്ഥങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു;
അവ മരുഭൂമിയിൽ ചെന്നു നശിച്ചുപോകുന്നു.
19തേമയുടെ സ്വാർത്ഥങ്ങൾ തിരിഞ്ഞുനോക്കുന്നു;
ശെബയുടെ യാത്രാഗണം അവെക്കായി പ്രതീക്ഷിക്കുന്നു.
20പ്രതീക്ഷിച്ചതുകൊണ്ടു അവർ ലജ്ജിക്കുന്നു;
അവിടത്തോളം ചെന്നു നാണിച്ചു പോകുന്നു.
21നിങ്ങളും ഇപ്പോൾ അതുപോലെ ആയി
വിപത്തു കണ്ടിട്ടു നിങ്ങൾ പേടിക്കുന്നു.
22എനിക്കു കൊണ്ടുവന്നു തരുവിൻ;
നിങ്ങളുടെ സമ്പത്തിൽനിന്നു എനിക്കുവേണ്ടി കൈക്കൂലി കൊടുപ്പിൻ;
23വൈരിയുടെ കയ്യിൽനിന്നു എന്നെ വിടുവിപ്പിൻ;
നിഷ്ഠൂരന്മാരുടെ കയ്യിൽനിന്നു എന്നെ
വീണ്ടെടുപ്പിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ?
24എന്നെ ഉപദേശിപ്പിൻ; ഞാൻ മിണ്ടാതെയിരിക്കാം;
ഏതിൽ തെറ്റിപ്പോയെന്നു എനിക്കു ബോധം വരുത്തുവിൻ.
25നേരുള്ള വാക്കുകൾക്കു എത്ര ബലം!
നിങ്ങളുടെ ശാസനെക്കോ എന്തു ഫലം?
26വാക്കുകളെ ആക്ഷേപിപ്പാൻ വിചാരിക്കുന്നുവോ?
ആശയറ്റവന്റെ വാക്കുകൾ കാറ്റിന്നു തുല്യമത്രേ.
27അനാഥന്നു നിങ്ങൾ ചീട്ടിടുന്നു;
സ്നേഹിതനെക്കൊണ്ടു കച്ചവടം ചെയ്യുന്നു.
28ഇപ്പോൾ ദയ ചെയ്തു എന്നെ ഒന്നു നോക്കുവിൻ;
ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ?
29ഒന്നുകൂടെ നോക്കുവിൻ; നീതികേടു ഭവിക്കരുതു.
ഒന്നുകൂടെ നോക്കുവിൻ; എന്റെ കാര്യം നീതിയുള്ളതു തന്നേ.
30എന്റെ നാവിൽ അനീതിയുണ്ടോ?
എന്റെ വായി അനർത്ഥം തിരിച്ചറികയില്ലയോ?

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for ഇയ്യോബ് 6