YouVersion Logo
Search Icon

ഇയ്യോബ് 28

28
1വെള്ളിക്കു ഒരു ഉത്ഭവസ്ഥാനവും
പൊന്നു ഊതിക്കഴിപ്പാൻ ഒരു സ്ഥലവും ഉണ്ടു.
2ഇരിമ്പു മണ്ണിൽനിന്നെടുക്കുന്നു;
കല്ലുരുക്കി ചെമ്പെടുക്കുന്നു.
3മനുഷ്യൻ അന്ധകാരത്തിന്നു ഒരതിർ വെക്കുന്നു;
കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ
അങ്ങേയറ്റംവരെ ശോധന ചെയ്യുന്നു.
4പാർപ്പുള്ളേടത്തുനിന്നു ദൂരെ അവർ കുഴികുത്തുന്നു;
കടന്നുപോകുന്ന കാലിന്നു അവർ മറന്നു പോയവർ തന്നേ;
മനുഷ്യർക്കു അകലെ അവർ തൂങ്ങി ആടുന്നു. 5ഭൂമിയിൽനിന്നു ആഹാരം ഉണ്ടാകുന്നു;
അതിന്റെ അധോഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു.
6അതിലെ പാറകൾ നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനം;
കനകപ്പൊടിയും അതിൽ ഉണ്ടു.
7അതിന്റെ പാത കഴുകൻ അറിയുന്നില്ല;
പരുന്തിന്റെ കണ്ണു അതിനെ കണ്ടിട്ടില്ല.
8പുളെച്ച കാട്ടുമൃഗങ്ങൾ അതിൽ ചവിട്ടീട്ടില്ല;
ഘോരസിംഹം അതിലെ നടന്നിട്ടുമില്ല.
9അവർ തീക്കൽപാറയിലേക്കു കൈനീട്ടുന്നു;
പർവ്വതങ്ങളെ അവർ വേരോടെ മറിച്ചുകളയുന്നു.
10അവർ പാറകളുടെ ഇടയിൽകൂടി നടകളെ വെട്ടുന്നു;
അവരുടെ കണ്ണു വിലയേറിയ വസ്തുക്കളെയൊക്കെയും കാണുന്നു.
11അവർ നീരൊഴുക്കുകളെ ചോരാതവണ്ണം അടെച്ചു നിർത്തുന്നു;
ഗുപ്തമായിരിക്കുന്നതു അവർ വെളിച്ചത്തു കൊണ്ടുവരുന്നു.
12എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും?
വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?
13അതിന്റെ വില മനുഷ്യൻ അറിയുന്നില്ല;
ജീവനുള്ളവരുടെ ദേശത്തു അതിനെ കണ്ടെത്തുന്നില്ല.
14അതു എന്നിൽ ഇല്ല എന്നു ആഴി പറയുന്നു;
അതു എന്റെ പക്കൽ ഇല്ല എന്നു സമുദ്രവും പറയുന്നു.
15തങ്കം കൊടുത്താൽ അതു കിട്ടുന്നതല്ല;
അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല.
16ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ
നീലരത്നമോ ഒന്നും അതിന്നു ഈടാകുന്നതല്ല;
17സ്വർണ്ണവും സ്ഫടികവും അതിനോടു ഒക്കുന്നില്ല;
തങ്കം കൊണ്ടുള്ള പണ്ടങ്ങൾക്കു അതിനെ മാറിക്കൊടുപ്പാറില്ല.
18പവിഴത്തിന്റെയും പളുങ്കിന്റെയും പേർ മിണ്ടുകേ വേണ്ടാ;
ജ്ഞാനത്തിന്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ.
19കൂശിലെ പുഷ്പരാഗം അതിനോടു ഒക്കുന്നില്ല;
തങ്കംകൊണ്ടു അതിന്റെ വില മതിക്കാകുന്നതുമല്ല.
20പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു?
വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ?
21അതു സകലജീവികളുടെയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നു;
ആകാശത്തിലെ പക്ഷികൾക്കു അതു ഗുപ്തമായിരിക്കുന്നു.
22ഞങ്ങളുടെ ചെവികൊണ്ടു അതിന്റെ കേൾവി കേട്ടിട്ടുണ്ടു
എന്നു നരകവും മരണവും പറയുന്നു.
23ദൈവം അതിന്റെ വഴി അറിയുന്നു;
അതിന്റെ ഉത്ഭവസ്ഥാനം അവന്നു നിശ്ചയമുണ്ടു.
24അവൻ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു;
ആകാശത്തിന്റെ കീഴിലൊക്കെയും കാണുന്നു.
25അവൻ കാറ്റിനെ തൂക്കിനോക്കുകയും
വെള്ളത്തിന്റെ അളവു നിശ്ചയിക്കയും ചെയ്യുന്നു.
26അവൻ മഴെക്കു ഒരു നിയമവും
ഇടിമിന്നലിന്നു ഒരു വഴിയും ഉണ്ടാക്കിയപ്പോൾ
27അവൻ അതു കണ്ടു വർണ്ണിക്കയും
അതു സ്ഥാപിച്ചു പരിശോധിക്കയും ചെയ്തു.
28 # സങ്കീർത്തനങ്ങൾ 111:10; സദൃശവാക്യങ്ങൾ 1:7; 9:10 കർത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം;
ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം
എന്നു അവൻ മനുഷ്യനോടു അരുളിച്ചെയ്തു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for ഇയ്യോബ് 28