YouVersion Logo
Search Icon

ഇയ്യോബ് 16

16
1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2ഞാൻ ഈവക പലതും കേട്ടിട്ടുണ്ടു;
നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ.
3വ്യർത്ഥവാക്കുകൾക്കു അവസാനം ഉണ്ടാകുമോ?
അല്ല, പ്രതിവാദിപ്പാൻ നിന്നെ ചൊടിപ്പിക്കുന്നതു എന്തു?
4നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം;
എനിക്കുള്ള അനുഭവം നിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ
എനിക്കും നിങ്ങളുടെ നേരെ മൊഴികളെ യോജിപ്പിക്കയും
നിങ്ങളെക്കുറിച്ചു തല കുലുക്കുകയും ചെയ്യാമായിരുന്നു.
5ഞാൻ വായികൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും
അധരസാന്ത്വനംകൊണ്ടു നിങ്ങളെ ആശ്വസിപ്പിക്കയും ചെയ്യുമായിരുന്നു.
6ഞാൻ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല;
ഞാൻ അടങ്ങിയിരുന്നാലും എനിക്കെന്തു ആശ്വാസമുള്ളു?
7ഇപ്പോഴോ അവൻ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു;
നീ എന്റെ ബന്ധുവർഗ്ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു.
8നീ എന്നെ പിടിച്ചിരിക്കുന്നു; അതു എന്റെ നേരെ സാക്ഷ്യമായിരിക്കുന്നു;
എന്റെ മെലിച്ചൽ എനിക്കു വിരോധമായെഴുന്നേറ്റു എന്റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു.
9അവൻ കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു;
അവൻ എന്റെ നേരെ പല്ലു കടിക്കുന്നു;
ശത്രു എന്റെ നേരെ കണ്ണു കൂർപ്പിക്കുന്നു.
10അവർ എന്റെ നേരെ വായ്പിളർക്കുന്നു;
നിന്ദയോടെ അവർ എന്റെ ചെകിട്ടത്തടിക്കുന്നു;
അവർ എനിക്കു വിരോധമായി കൂട്ടം കൂടുന്നു.
11ദൈവം എന്നെ അഭക്തന്റെ പക്കൽ ഏല്പിക്കുന്നു;
ദുഷ്ടന്മാരുടെ കയ്യിൽ എന്നെ അകപ്പെടുത്തുന്നു.
12ഞാൻ സ്വൈരമായി വസിച്ചിരുന്നു; അവനോ എന്നെ ചതെച്ചുകളഞ്ഞു;
അവൻ എന്നെ പിടരിക്കു പിടിച്ചു തകർത്തുകളഞ്ഞു;
എന്നെ തനിക്കു ലാക്കാക്കി നിർത്തിയിരിക്കുന്നു.
13അവന്റെ അസ്ത്രങ്ങൾ എന്റെ ചുറ്റും വീഴുന്നു;
അവൻ ആദരിക്കാതെ എന്റെ അന്തർഭാഗങ്ങളെ പിളർക്കുന്നു;
എന്റെ പിത്തത്തെ നിലത്തു ഒഴിച്ചുകളയുന്നു.
14അവൻ എന്നെ ഇടിച്ചിടിച്ചു തകർക്കുന്നു;
മല്ലനെപ്പോലെ എന്റെ നേരെ പായുന്നു.
15ഞാൻ രട്ടു എന്റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി,
എന്റെ കൊമ്പിനെ പൊടിയിൽ ഇട്ടിരിക്കുന്നു.
16കരഞ്ഞു കരഞ്ഞു എന്റെ മുഖം ചുവന്നിരിക്കുന്നു;
എന്റെ കണ്ണിന്മേൽ അന്ധതമസ്സു കിടക്കുന്നു.
17എങ്കിലും സാഹസം എന്റെ കൈകളിൽ ഇല്ല.
എന്റെ പ്രാർത്ഥന നിർമ്മലമത്രേ. 18അയ്യോ ഭൂമിയേ, എന്റെ രക്തം മൂടരുതേ;
എന്റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ.
19 # ഇയ്യോബ് 19:25 ഇപ്പോഴും എന്റെ സാക്ഷി സ്വർഗ്ഗത്തിലും
എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു.
20എന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു;
എന്റെ കണ്ണോ ദൈവത്തിങ്കലേക്കു കണ്ണുനീർ പൊഴിക്കുന്നു.
21അവൻ മനുഷ്യന്നു വേണ്ടി ദൈവത്തോടും
മനുഷ്യപുത്രന്നു വേണ്ടി അവന്റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും.
22ചില ആണ്ടു കഴിയുമ്പോഴേക്കു
ഞാൻ മടങ്ങിവരാത്ത പാതെക്കു പോകേണ്ടിവരുമല്ലോ.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in