YouVersion Logo
Search Icon

ഇയ്യോബ് 13

13
1എന്റെ കണ്ണു ഇതൊക്കെയും കണ്ടു;
എന്റെ ചെവി അതു കേട്ടു ഗ്രഹിച്ചിരിക്കുന്നു.
2നിങ്ങൾ അറിയുന്നതു ഞാനും അറിയുന്നു;
ഞാൻ നിങ്ങളെക്കാൾ അധമനല്ല.
3സർവ്വശക്തനോടു ഞാൻ സംസാരിപ്പാൻ ഭാവിക്കുന്നു;
ദൈവത്തോടു വാദിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു.
4നിങ്ങളോ ഭോഷ്കു കെട്ടിയുണ്ടാക്കുന്നവർ;
നിങ്ങളെല്ലാവരും പൊട്ടുവൈദ്യന്മാർ തന്നേ.
5നിങ്ങൾ അശേഷം മിണ്ടാതിരുന്നാൽ കൊള്ളാം;
അതു നിങ്ങൾക്കു ജ്ഞാനമായിരിക്കും.
6എന്റെ ന്യായവാദം കേട്ടുകൊൾവിൻ;
എന്റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിപ്പിൻ.
7നിങ്ങൾ ദൈവത്തിന്നു വേണ്ടി നീതികേടു സംസാരിക്കുന്നുവോ?
അവന്നു വേണ്ടി വ്യാജം പറയുന്നുവോ?
8അവന്റെ പക്ഷം പിടിക്കുന്നുവോ?
ദൈവത്തിന്നു വേണ്ടി വാദിക്കുന്നുവോ?
9അവൻ നിങ്ങളെ പരിശോധിച്ചാൽ നന്നായി കാണുമോ?
മർത്യനെ തോല്പിക്കുമ്പോലെ നിങ്ങൾ അവനെ തോല്പിക്കുമോ?
10ഗൂഢമായി മുഖദാക്ഷിണ്യം കാണിച്ചാൽ
അവൻ നിങ്ങളെ ശാസിക്കും നിശ്ചയം.
11അവന്റെ മഹിമ നിങ്ങളെ ഭയപ്പെടുത്തുകയില്ലയോ?
അവന്റെ ഭീതി നിങ്ങളുടെ മേൽ വീഴുകയില്ലയോ?
12നിങ്ങളുടെ ജ്ഞാപകവാക്യങ്ങൾ ഭസ്മവാക്യങ്ങളത്രേ;
നിങ്ങളുടെ കോട്ടകൾ മൺകോട്ടകൾ തന്നേ.
13നിങ്ങൾ മണ്ടാതിരിപ്പിൻ; ഞാൻ പറഞ്ഞുകൊള്ളട്ടെ;
പിന്നെ എനിക്കു വരുന്നതു വരട്ടെ.
14ഞാൻ എന്റെ മാംസത്തെ പല്ലുകൊണ്ടു കടിച്ചുപിടിക്കുന്നതും
എന്റെ ജീവനെ ഉപേക്ഷിച്ചുകളയുന്നതും എന്തിന്നു.
15അവൻ എന്നെ കൊന്നാലും ഞാൻ അവനെത്തന്നേ കാത്തിരിക്കും;
ഞാൻ എന്റെ നടപ്പു അവന്റെ മുമ്പാകെ തെളിയിക്കും.
16വഷളൻ അവന്റെ സന്നിധിയിൽ വരികയില്ല
എന്നുള്ളതു തന്നേ എനിക്കൊരു രക്ഷയാകും.
17എന്റെ വാക്കു ശ്രദ്ധയോടെ കേൾപ്പിൻ;
ഞാൻ പ്രസ്താവിക്കുന്നതു നിങ്ങളുടെ ചെവിയിൽ കടക്കട്ടെ;
18ഇതാ, ഞാൻ എന്റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു.
ഞാൻ നീതീകരിക്കപ്പെടും എന്നു ഞാൻ അറിയുന്നു.
19എന്നോടു വാദിപ്പാൻ തുനിയുന്നതാർ?
ഞാൻ ഇപ്പോൾ മണ്ടാതിരുന്നു എന്റെ പ്രാണൻ വിട്ടുപോകും.
20രണ്ടു കാര്യം മാത്രം എന്നോടു ചെയ്യരുതേ;
എന്നാൽ ഞാൻ നിന്റെ സന്നിധി വിട്ടു ഒളിക്കയില്ല.
21നിന്റെ കൈ എങ്കൽനിന്നു പിൻവലിക്കേണമേ;
നിന്റെ ഘോരത്വം എന്നെ ഭ്രമിപ്പിക്കരുതേ.
22പിന്നെ നീ വിളിച്ചാലും; ഞാൻ ഉത്തരം പറയും;
അല്ലെങ്കിൽ ഞാൻ സംസാരിക്കാം; നീ ഉത്തരം അരുളേണമേ.
23എന്റെ അകൃത്യങ്ങളും പാപങ്ങളും എത്ര?
എന്റെ അതിക്രമവും പാപവും എന്നെ ഗ്രഹിപ്പിക്കേണമേ.
24തിരുമുഖം മറെച്ചുകൊള്ളുന്നതും
എന്നെ ശത്രുവായി വിചാരിക്കുന്നതും എന്തിന്നു?
25പാറിപ്പോകുന്ന ഇലയെ നീ പേടിപ്പിക്കുമോ?
ഉണങ്ങിയ താളടിയെ പിന്തുടരുമോ?
26കൈപ്പായുള്ളതു നീ എനിക്കു എഴുതിവെച്ചു
എന്റെ യൗവനത്തിലെ അകൃത്യങ്ങൾ എന്നെ അനുഭവിക്കുമാറാക്കുന്നു.
27 # ഇയ്യോബ് 33:11 എന്റെ കാൽ നീ ആമത്തിൽ ഇട്ടു;
എന്റെ നടപ്പൊക്കെയും കുറിച്ചുവെക്കുന്നു.
എന്റെ കാലടികളുടെ ചുറ്റും വര വരെക്കുന്നു.
28ഇജ്ജനം ചീഞ്ഞഴുകിയ വസ്ത്രംപോലെയും
പുഴു അരിച്ച വസ്ത്രംപോലെയും ഇരിക്കുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Videos for ഇയ്യോബ് 13