YouVersion Logo
Search Icon

യിരെമ്യാവു 41

41
1 # 2. രാജാക്കന്മാർ 25:25 എന്നാൽ ഏഴാം മാസത്തിൽ രാജവംശക്കാരനും രാജാവിന്റെ മഹത്തുക്കളിൽ ഒരുവനുമായി എലീശാമയുടെ മകനായ നെഥന്യാവിന്റെ മകൻ യിശ്മായേൽ പത്തു ആളുമായി മിസ്പയിൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കൽ വന്നു; അവിടെ മിസ്പയിൽവെച്ചു അവർ ഒന്നിച്ചു ഭക്ഷണം കഴിച്ചു. 2നെഥന്യാവിന്റെ മകൻ യിശ്മായേലും കൂടെ ഉണ്ടായിരുന്ന പത്തു ആളും എഴുന്നേറ്റു, ബാബേൽരാജാവു ദേശാധിപതിയാക്കിയിരുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ വാൾകൊണ്ടു വെട്ടിക്കൊന്നു. 3മിസ്പയിൽ ഗെദല്യാവിന്റെ അടുക്കൽ ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരെയും അവിടെ കണ്ട കല്ദയപടയാളികളെയും യിശ്മായേൽ കൊന്നുകളഞ്ഞു. 4ഗെദല്യാവെ കൊന്നിട്ടു രണ്ടാം ദിവസം, അതു ആരും അറിയാതിരിക്കുമ്പോൾ തന്നേ, 5ശെഖേമിൽനിന്നും ശീലോവിൽനിന്നും ശമര്യയിൽനിന്നും എണ്പതു പുരുഷന്മാർ താടി ചിരെച്ചും വസ്ത്രം കീറിയും തങ്ങളെത്തന്നേ മുറിവേല്പിച്ചുംകൊണ്ടു വഴിപാടും കുന്തുരുക്കവും എടുത്തു യഹോവയുടെ ആലയത്തിലേക്കു പോകുംവഴി അവിടെ എത്തി. 6നെഥന്യാവിന്റെ മകൻ യിശ്മായേൽ മിസ്പയിൽനിന്നു പുറപ്പെട്ടു കരഞ്ഞുംകൊണ്ടു അവരെ എതിരേറ്റു ചെന്നു; അവരെ കണ്ടപ്പോൾ അവൻ അവരോടു: അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കൽ വരുവിൻ എന്നു പറഞ്ഞു. 7അവർ പട്ടണത്തിന്റെ നടുവിൽ എത്തിയപ്പോൾ നെഥന്യാവിന്റെ മകനായ യിശ്മായേലും കൂടെയുണ്ടായിരുന്ന ആളുകളും അവരെ കൊന്നു ഒരു കുഴിയിൽ ഇട്ടുകളഞ്ഞു. 8എന്നാൽ അവരിൽ പത്തുപേർ യിശ്മായേലിനോടു: ഞങ്ങളെ കൊല്ലരുതേ; വയലിൽ കോതമ്പു, യവം, എണ്ണ, തേൻ എന്നീവക സംഭാരങ്ങൾ ഞങ്ങൾ ഒളിച്ചുവെച്ചിട്ടുണ്ടു എന്നു പറഞ്ഞു; അതുകൊണ്ടു അവൻ സമ്മതിച്ചു അവരെ അവരുടെ സഹോദരന്മാരോടുകൂടെ കൊല്ലാതെയിരുന്നു. 9യിശ്മായേൽ ഗെദല്യാവെയും കൂട്ടരെയും കൊന്നു ശവങ്ങളെ എല്ലാം ഇട്ടുകളഞ്ഞ കുഴി ആസാരാജാവു യിസ്രായേൽരാജാവായ ബയശാനിമിത്തം ഉണ്ടാക്കിയതായിരുന്നു; നെഥന്യാവിന്റെ മകനായ യിശ്മായേൽ അതിനെ നിഹതന്മാരെക്കൊണ്ടു നിറെച്ചു. 10പിന്നെ യിശ്മായേൽ മിസ്പയിൽ ഉണ്ടായിരുന്ന ജനശിഷ്ടത്തെ ഒക്കെയും രാജകുമാരികളെയും അകമ്പടിനായകനായ നെബൂസർ-അദാൻ അഹീക്കാമിന്റെ മകനായ ഗെദല്യാവെ ഏല്പിച്ചവരായി മിസ്പയിൽ ശേഷിച്ചിരുന്ന സകലജനത്തെയും ബദ്ധരാക്കി കൊണ്ടുപോയി; നെഥന്യാവിന്റെ മകൻ യിശ്മായേൽ അവരെ ബദ്ധരാക്കി അമ്മോന്യരുടെ അടുക്കൽ കൊണ്ടു പോകുവാൻ യാത്ര പുറപ്പെട്ടു. 11നെഥന്യാവിന്റെ മകൻ യിശ്മായേൽ ചെയ്ത ദോഷം ഒക്കെയും കാരേഹിന്റെ മകനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന പടത്തലവന്മാരും കേട്ടപ്പോൾ 12അവർ സകലപുരുഷന്മാരെയും കൂട്ടിക്കൊണ്ടു നെഥന്യാവിന്റെ മകനായ യിശ്മായേലിനോടു യുദ്ധംചെയ്‌വാൻ ചെന്നു, ഗിബെയോനിലെ പെരിങ്കളങ്ങരെവെച്ചു അവനെ കണ്ടെത്തി. 13യിശ്മായേലിനോടു കൂടെ ഉണ്ടായിരുന്ന ജനമൊക്കെയും കാരേഹിന്റെ മകനായ യോഹാനാനെയും കൂടെയുണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും കണ്ടപ്പോൾ സന്തോഷിച്ചു. 14യിശ്മായേൽ മിസ്പയിൽനിന്നു ബദ്ധരാക്കി കൊണ്ടുപോന്നിരുന്ന സർവ്വജനവും തിരിഞ്ഞു, കാരേഹിന്റെ മകനായ യോഹാനാന്റെ അടുക്കൽ ചേർന്നു. 15നെഥന്യാവിന്റെ മകൻ യിശ്മായേലോ എട്ടു ആളുമായി യോഹാനാനെ വിട്ടു തെറ്റി അമ്മോന്യരുടെ അടുക്കൽ പൊയ്ക്കളഞ്ഞു. 16നെഥന്യാവിന്റെ മകൻ യിശ്മായേൽ അഹീക്കാമിന്റെ മകനായ ഗെദല്യാവെ കൊന്നുകളഞ്ഞശേഷം, അവന്റെ കയ്യിൽനിന്നു കാരേഹിന്റെ മകനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന എല്ലാപടത്തലവന്മാരും വിടുവിച്ച ജനശിഷ്ടത്തെ ഒക്കെയും, ഗിബെയോനിൽനിന്നു തിരികെ കൊണ്ടുവന്ന പടയാളികളെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഷണ്ഡന്മാരെയും തന്നേ, അവർ മിസ്പയിൽനിന്നു കൂട്ടിക്കൊണ്ടു, 17കല്ദയരെ പേടിച്ചിട്ടു മിസ്രയീമിൽ പോകുവാൻ യാത്രപുറപ്പെട്ടു ബേത്ത്ലേഹെമിന്നു സമീപത്തുള്ള ഗേരൂത്ത്-കിംഹാമിൽ ചെന്നു താമസിച്ചു. 18ബാബേൽരാജാവു ദേശാധിപതിയാക്കിയ അഹീക്കാമിന്റെ മകനായ ഗെദല്യാവെ നെഥന്യാവിന്റെ മകൻ യിശ്മായേൽ കൊന്നുകളകകാരണത്താൽ ആയിരുന്നു അവർ കല്ദയരെ പേടിച്ചതു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in