YouVersion Logo
Search Icon

യിരെമ്യാവു 29

29
1 # 2. രാജാക്കന്മാർ 24:12-16; 2. ദിനവൃത്താന്തം 36:10 യെഖൊന്യാരാജാവും രാജമാതാവും ഷണ്ഡന്മാരും യെഹൂദയിലും യെരൂശലേമിലും ഉള്ള പ്രഭുക്കന്മാരും ശില്പികളും കൊല്ലന്മാരും യെരൂശലേം വിട്ടു പോയശേഷം, 2യിരെമ്യാപ്രവാചകൻ ബദ്ധന്മാരുടെ മൂപ്പന്മാരിൽ ശേഷിപ്പുള്ളവർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും നെബൂഖദ്നേസർ യെരൂശലേമിൽ നിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന സകലജനത്തിന്നും 3യെഹൂദാരാജാവായ സിദെക്കീയാവു ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ ബാബേലിലേക്കു അയച്ച ശാഫാന്റെ മകനായ എലാസയുടെയും ഹില്ക്കീയാവിന്റെ മകനായ ഗെമര്യാവിന്റെയും കൈവശം യെരൂശലേമിൽനിന്നു കൊടുത്തയച്ചു ലേഖനത്തിലെ വിവരം എന്തെന്നാൽ: 4യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, താൻ യെരൂശലേമിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോകുമാറാക്കിയ സകലബദ്ധന്മാരോടും ഇപ്രകാരം അരുളിച്ചെയ്യുന്നു: 5നിങ്ങൾ വീടുകളെ പണിതു പാർപ്പിൻ; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിൻ. 6ഭാര്യമാരെ പരിഗ്രഹിച്ചു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിപ്പിൻ; നിങ്ങൾ അവിടെ കുറഞ്ഞുപോകാതെ പെരുകേണ്ടതിന്നു പുത്രന്മാർക്കു ഭാര്യമാരെ എടുക്കയും പുത്രിമാരെ പുരുഷന്മാർക്കു കൊടുക്കയും ചെയ്‌വിൻ; അവരും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കട്ടെ. 7ഞാൻ നിങ്ങളെ ബദ്ധന്മാരായി കൊണ്ടുപോകുമാറാക്കിയ പട്ടണത്തിന്റെ നന്മ അന്വേഷിച്ചു അതിന്നുവേണ്ടി യഹോവയോടു പ്രാർത്ഥിപ്പിൻ; അതിന്നു നന്മ ഉണ്ടെങ്കിൽ നിങ്ങൾക്കും നന്മ ഉണ്ടാകും. 8യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ ചതിക്കരുതു; നിങ്ങൾ കാണുന്ന സ്വപ്നങ്ങളെ കൂട്ടാക്കുകയും അരുതു. 9അവർ എന്റെ നാമത്തിൽ നിങ്ങളോടു ഭോഷ്കു പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു. 10#2. ദിനവൃത്താന്തം 36:21; യിരെമ്യാവു 25:11; ദാനീയേൽ 9:2യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാൻ നിങ്ങളെ സന്ദർശിച്ചു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാൻ നിവർത്തിക്കയുള്ളു. 11നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു. 12നിങ്ങൾ എന്നോടു അപേക്ഷിച്ചു എന്റെ സന്നിധിയിൽവന്നു പ്രാർത്ഥിക്കയും ഞാൻ നിങ്ങളുടെ പ്രാർത്ഥന കേൾക്കയും ചെയ്യും 13#ആവർത്തനപുസ്തകം 4:29നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും. 14നിങ്ങൾ എന്നെ കണ്ടെത്തുവാൻ ഞാൻ ഇടയാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിരിക്കുന്ന സകലജാതികളിൽനിന്നും എല്ലായിടങ്ങളിലുംനിന്നും നിങ്ങളെ ശേഖരിച്ചു ഞാൻ നിങ്ങളെ വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്കു തന്നേ മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാടു. 15യഹോവ ഞങ്ങൾക്കു ബാബേലിൽ പ്രവാചകന്മാരെ എഴുന്നേല്പിച്ചിരിക്കുന്നു എന്നു നിങ്ങൾ പറയുന്നുവല്ലോ. 16ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവിനെക്കുറിച്ചും ഈ നഗരത്തിൽ പാർക്കുന്ന സകലജനത്തേയുംകുറിച്ചും നിങ്ങളോടുകൂടെ പ്രവാസത്തിലേക്കു വരാത്ത നിങ്ങളുടെ സഹോദരന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. 17അതേ, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ അവർക്കു വാളും ക്ഷമവും മഹാമാരിയും അയച്ചു, എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആയ അത്തിപ്പഴത്തിന്നു അവരെ സമമാക്കും. 18ഞാൻ അവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും വേട്ടയാടി ഭൂതലത്തിലെ സകലരാജ്യങ്ങൾക്കും ഭയഹേതുവും ഞാൻ അവരെ നീക്കിക്കളഞ്ഞ സകലജാതികളുടെയും ഇടയിൽ ഒരു ശാപവാക്യവും സ്തംഭനഹേതുവും പരിഹാസവിഷയവും നിന്ദയും ആക്കും. 19പ്രവാചകന്മാരായ എന്റെ ദാസന്മാർമുഖാന്തരം ഞാൻ പറഞ്ഞയച്ച വചനങ്ങളെ അവർ കേൾക്കായ്കകൊണ്ടു തന്നേ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ഇടവിടാതെ അവരെ അയച്ചിട്ടും നിങ്ങൾ കേട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു. 20അതുകൊണ്ടു ഞാൻ യെരൂശലേമിൽനിന്നു ബാബേലിലേക്കു അയച്ചിരിക്കുന്ന സകല പ്രവാസികളുമായുള്ളോരേ, നിങ്ങൾ യഹോവയുടെ വചനം കേൾപ്പിൻ! 21എന്റെ നാമത്തിൽ നിങ്ങളോടു ഭോഷ്കു പ്രവചിക്കുന്ന കോലായാവിന്റെ മകനായ ആഹാബിനെക്കുറിച്ചും, മയസേയാവിന്റെ മകനായ സിദെക്കിയാവെക്കുറിച്ചും, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിൽ ഏല്പിക്കും; നിങ്ങൾ കാൺകെ അവൻ അവരെ കൊന്നുകളയും. 22ബാബേൽരാജാവു തീയിൽ ഇട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവെപ്പോലെയും ആഹാബിനെപ്പോലെയും യഹോവ നിന്നെ ആക്കട്ടെ എന്നു ബാബേലിലുള്ള യെഹൂദാപ്രവാസിളെല്ലാം ഒരു ശാപവാക്യം അവരെച്ചൊല്ലിപറയും. 23അവർ യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചു തങ്ങളുടെ കൂട്ടുകാരുടെ ഭാര്യമാരോടു വ്യഭിചാരം ചെയ്കയും ഞാൻ അവരോടു കല്പിച്ചിട്ടില്ലാത്ത വചനം വ്യാജമായി എന്റെ നാമത്തിൽ പ്രസ്താവിക്കയും ചെയ്തിരിക്കുന്നു; ഞാൻ അതു അറിയുന്നു, സാക്ഷിയും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു. 24നെഹെലാമ്യനായ ശെമയ്യാവോടു നീ പറയേണ്ടതു: 25യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യെരൂശലേമിലെ സകലജനത്തിന്നും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതന്നും സകലപുരോഹിതന്മാർക്കും നിന്റെ പേരുവെച്ചു അയച്ച എഴുത്തുകളിൽ: 26നിങ്ങൾ യഹോവയുടെ ആലയത്തിൽ ഭ്രാന്തുപിടിച്ചു പ്രവചിക്കുന്ന എതു മനുഷ്യനെയും പിടിച്ചു ആമത്തിലും വിലങ്ങിലും ഇടേണ്ടതിന്നു യഹോവ നിന്നെ യഹോയാദാപുരോഹിതന്നു പകരം പുരോഹിതനാക്കിയിരിക്കുന്നു. 27ആകയാൽ നിങ്ങളോടു പ്രവചിക്കുന്ന അനാഥോത്തുകാരനായ യിരെമ്യാവെ നീ ശാസിക്കാതെ ഇരിക്കുന്നതെന്തു? 28അതുകൊണ്ടല്ലോ അവൻ ബാബേലിൽ ഞങ്ങൾക്കു ആളയച്ചു: ഈ പ്രവാസം ദീർഘം ആയിരിക്കും; നിങ്ങൾ വീടുകളെ പണിതു പാർപ്പിൻ; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിൻ എന്നു പറയിച്ചതു? എന്നു പ്രസ്താവിച്ചുവല്ലോ. 29ഈ എഴുത്തു സെഫന്യാപുരോഹിതൻ യിരെമ്യാപ്രവാചകൻ കേൾക്കെ വായിച്ചിരുന്നു. 30അപ്പോൾ യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാൽ: 31നീ സകലപ്രവാസികൾക്കും ആളയച്ചു, നെഹെലാമ്യനായ ശെമയ്യാവെക്കുറിച്ചു പറയിക്കേണ്ടതു; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശെമയ്യാവെ ഞാൻ അയക്കാതെ ഇരുന്നിട്ടും അവൻ നിങ്ങളോടു പ്രവചിച്ചു നിങ്ങളെ ഭോഷ്കിൽ ആശ്രയിക്കുമാറാക്കിയതുകൊണ്ടു 32യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നെഹെലാമ്യനായ ശെമയ്യാവെയും അവന്റെ സന്തതിയെയും സന്ദർശിക്കും; ഈ ജനത്തിന്റെ മദ്ധ്യേ പാർപ്പാൻ അവന്നു ആരും ഉണ്ടാകയില്ല; എന്റെ ജനത്തിന്നു ഞാൻ വരുത്തുവാനിരിക്കുന്ന നന്മ അവൻ അനുഭവിക്കയുമില്ല; അവൻ യഹോവെക്കു വിരോധമായി ദ്രോഹം സംസാരിച്ചുവല്ലോ എന്നു യഹോവയുടെ അരുളപ്പാടു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for യിരെമ്യാവു 29