YouVersion Logo
Search Icon

യെശയ്യാവു 38

38
1ആ കാലത്തു ഹിസ്കീയാവിന്നു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽ വന്നു അവനോടു: നിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൗഖ്യമാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. 2അപ്പോൾ ഹിസ്കീയാവു മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു: 3അയ്യോ, യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഓർക്കേണമേ എന്നു പറഞ്ഞു; ഹിസ്കീയാവു ഏറ്റവും കരഞ്ഞു. 4എന്നാൽ യെശയ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: 5നീ ചെന്നു ഹിസ്കീയാവോടു പറയേണ്ടതു: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനീർ കണ്ടിരിക്കുന്നു. ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും. 6ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കയ്യിൽനിന്നു വിടുവിക്കും; ഈ നഗരത്തെ ഞാൻ കാത്തുരക്ഷിക്കും. 7യഹോവ, താൻ അരുളിച്ചെയ്ത ഈ കാര്യം നിവർത്തിക്കും എന്നുള്ളതിന്നു യഹോവയുടെ പക്കൽനിന്നു ഇതു നിനക്കു ഒരു അടയാളം ആകും. 8ആഹാസിന്റെ ഘടികാരത്തിൽ സൂര്യഗതി അനുസരിച്ചു ഇറങ്ങിപ്പോയിരിക്കുന്ന നിഴലിനെ ഞാൻ പത്തു പടി പിന്നോക്കം തിരിയുമാറാക്കും; ഇങ്ങനെ സൂര്യൻ ഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന പത്തു പടി തിരിഞ്ഞു പോന്നു. 9യെഹൂദാരാജാവായ ഹിസ്കീയാവിന്നു രോഗം പിടിച്ചിട്ടു അതു മാറി സുഖമായ ശേഷം അവൻ എഴുതിയ എഴുത്തു:
10എന്റെ ആയുസ്സിൻ മദ്ധ്യാഹ്നത്തിൽ ഞാൻ പാതാളവാതിലകം പൂകേണ്ടിവരുന്നു;
എന്റെ ആണ്ടുകളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി എന്നു ഞാൻ പറഞ്ഞു.
11ഞാൻ യഹോവയെ, ജീവനുള്ളവരുടെ ദേശത്തുവെച്ചു യഹോവയെ കാണുകയില്ല;
ഞാൻ ഭൂവാസികളുടെ ഇടയിൽവെച്ചു ഇനി മനുഷ്യനെ കാണുകയില്ല എന്നു ഞാൻ പറഞ്ഞു.
12എന്റെ പാർപ്പിടം നീങ്ങി ഒരു ഇടയക്കൂടാരം പോലെ എന്നെ വിട്ടുപോയിരിക്കുന്നു;
നെയ്ത്തുകാരൻ തുണി ചുരുട്ടുംപോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവെക്കുന്നു;
അവൻ എന്നെ പാവിൽനിന്നു അറുത്തുകളയുന്നു;
ഒരു രാപകൽ കഴിയുംമുമ്പെ നീ എനിക്കു അന്തം വരുത്തുന്നു.
13ഉഷസ്സുവരെ ഞാൻ എന്നെത്തന്നേ അടക്കിക്കൊണ്ടിരുന്നു;
അവനോ സിംഹംപോലെ എന്റെ അസ്ഥികളെ എല്ലാം തകർത്തുകളയുന്നു;
ഒരു രാപകൽ കഴിയുംമുമ്പെ നീ എനിക്കു അന്തം വരുത്തുന്നു.
14മീവൽപക്ഷിയോ കൊക്കോ എന്ന പോലെ ഞാൻ ചിലെച്ചു;
ഞാൻ പ്രാവുപോലെ കുറുകി എന്റെ കണ്ണു ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു;
യഹോവേ ഞാൻ ഞെരുങ്ങിയിരിക്കുന്നു; നീ എനിക്കു ഇട നില്ക്കേണമേ.
15ഞാൻ എന്തു പറയേണ്ടു? അവൻ എന്നോടു അരുളിച്ചെയ്തു, അവൻ തന്നേ നിവർത്തിച്ചും ഇരിക്കുന്നു;
എന്റെ മനോവ്യസനം ഹേതുവായി ഞാൻ എന്റെ കാലമൊക്കെയും സാവധാനത്തോടെ നടക്കും.
16കർത്താവേ, അതിനാൽ മനുഷ്യർ ജീവിക്കുന്നു;
എന്റെ ജീവനും കേവലം അതിലത്രേ;
അങ്ങനെ നീ എന്നെ സൗഖ്യമാക്കി എന്റെ ജീവനെ രക്ഷിക്കും.
17സമാധാനത്തിന്നായി എനിക്കു അത്യന്തം കൈപ്പായതു ഭവിച്ചു;
എങ്കിലും നീ എന്റെ സകലപാപങ്ങളെയും നിന്റെ പിറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ടു
എന്റെ പ്രാണനെ നാശകുഴിയിൽനിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു.
18പാതാളം നിന്നെ സ്തുതിക്കുന്നില്ല; മരണം നിന്നെ വാഴ്ത്തുന്നില്ല;
കുഴിയിൽ ഇറങ്ങുന്നവർ നിന്റെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല.
19ഞാൻ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവൻ, ജീവനുള്ളവൻ മാത്രം നിന്നെ സ്തുതിക്കും;
അപ്പൻ മക്കളോടു നിന്റെ വിശ്വസ്തയെ അറിയിക്കും.
20യഹോവ എന്നെ രക്ഷിപ്പാൻ ഒരുങ്ങിയിരിക്കുന്നു;
അതുകൊണ്ടു ഞങ്ങൾ ജീവപര്യന്തം യഹോവയുടെ ആലയത്തിൽ
തന്ത്രിനാദത്തോടെ എന്റെ ഗീതങ്ങളെ പാടും.
21എന്നാൽ അവന്നു സൗഖ്യം വരേണ്ടതിന്നു അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേൽ പുരട്ടുവാൻ യെശയ്യാവു പറഞ്ഞിരുന്നു. 22ഞാൻ യഹോവയുടെ ആലയത്തിൽ കയറിച്ചെല്ലും എന്നതിന്നു അടയാളം എന്തു എന്നു ഹിസ്കീയാവു ചോദിച്ചിരുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in