YouVersion Logo
Search Icon

പുറപ്പാടു 31

31
1യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ: 2ഇതാ, ഞാൻ യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു. 3അവൻ കൗശലപ്പണികളെ സങ്കല്പിച്ചു ചെയ്‌വാനും പൊന്നു, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്‌വാനും രത്നം വെട്ടി പതിപ്പാനും 4മരത്തിൽ കൊത്തുപണി ചെയ്‌വാനും സകലവിധമായ പണിത്തരം ഉണ്ടാക്കുവാനും ഞാൻ അവനെ 5ദിവ്യാത്മാവിനാൽ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധസാമർത്ഥ്യവുംകൊണ്ടു നിറെച്ചിരിക്കുന്നു. 6ഞാൻ ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലിയാബിനെ അവനോടുകൂടെ ആക്കുകയും സകല ജ്ഞാനികളുടെ ഹൃദയത്തിലും ജ്ഞാനം നല്കുകയും ചെയ്തിരിക്കുന്നു. ഞാൻ നിന്നോടു കല്പിച്ചതു ഒക്കെയും അവർ ഉണ്ടാക്കും. 7സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും അതിന്മീതെയുള്ള കൃപാസനവും കൂടാരത്തിന്റെ ഉപകരണങ്ങളൊക്കെയും 8മേശയും അതിന്റെ ഉപകരണങ്ങളും തങ്കംകൊണ്ടുള്ള നിലവിളക്കും അതിന്റെ ഉപകരണങ്ങളൊക്കെയും 9ധൂപപീഠവും ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്റെ കാലും വിശേഷവസ്ത്രങ്ങളും 10പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രങ്ങളും പുരോഹിതശുശ്രൂഷെക്കായിട്ടു 11അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങളും അഭിഷേകതൈലവും വിശുദ്ധമന്ദിരത്തിന്നുള്ള സുഗന്ധധൂപവർഗ്ഗവും ഞാൻ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും അവർ ഉണ്ടാക്കും.
12യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങൾ എന്റെ ശബ്ബത്തുകളെ ആചരിക്കേണം. ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയാകുന്നു എന്നു അറിയേണ്ടതിന്നു അതു തലമുറതലമുറയായി എനിക്കും നിങ്ങൾക്കും മദ്ധ്യേ ഒരു അടയാളം ആകുന്നു. 13അതുകൊണ്ടു നിങ്ങൾ ശബ്ബത്ത് ആചരിക്കേണം; അതു നിങ്ങൾക്കു വിശുദ്ധം ആകുന്നു. 14അതിനെ അശുദ്ധമാക്കുന്നവൻ മരണശിക്ഷ അനുഭവിക്കേണം. ആരെങ്കിലും അന്നു വേല ചെയ്താൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽനിന്നു ഛേദിച്ചുകളയേണം. 15#പുറപ്പാടു 20:8-11; 23:12; 34:21; 35:2; ലേവ്യപുസ്തകം 23:3; ആവർത്തനപുസ്തകം 5:12-14ആറു ദിവസം വേല ചെയ്യേണം; എന്നാൽ ഏഴാം ദിവസം സ്വസ്ഥമായുള്ള ശബ്ബത്തായി യഹോവെക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്ത് നാളിൽ വേല ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം. 16ആകയാൽ യിസ്രായേൽമക്കൾ തലമുറതലമുറയായി ശബ്ബത്തിനെ നിത്യനിയമമായിട്ടു ആചരിക്കേണ്ടതിന്നു ശബ്ബത്തിനെ പ്രമാണിക്കേണം. 17#പുറപ്പാടു 20:11അതു എനിക്കും യിസ്രായേൽമക്കൾക്കും മദ്ധ്യേ എന്നേക്കും ഒരു അടയാളം ആകുന്നു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയതു; ഏഴാംദിവസം അവൻ സ്വസ്ഥമായിരുന്നു വിശ്രമിച്ചു.
18അവൻ സീനായി പർവ്വതത്തിൽ വെച്ചു മോശെയോടു അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്റെ വിരൽകൊണ്ടു എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്റെ പക്കൽ കൊടുത്തു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy