YouVersion Logo
Search Icon

പുറപ്പാടു 22

22
1ഒരുത്തൻ ഒരു കാളയെയോ ഒരു ആടിനെയോ മോഷ്ടിച്ചു അറുക്കുകയാകട്ടെ വില്ക്കുകയാകട്ടെ ചെയ്താൽ അവൻ ഒരു കാളെക്കു അഞ്ചു കാളയെയും, ഒരു ആടിന്നു നാലു ആടിനെയും പകരം കൊടുക്കേണം. 2കള്ളൻ വീടു മുറിക്കുമ്പോൾ പിടിക്കപ്പെട്ടു അടികൊണ്ടു മരിച്ചുപോയാൽ അവനെ സംബന്ധിച്ചു രക്തപാതകം ഇല്ല. 3എന്നാൽ അതു നേരം വെളുത്തശേഷമാകുന്നു എങ്കിൽ രക്തപാതകം ഉണ്ടു. കള്ളൻ ശരിയായിട്ടു പ്രതിശാന്തി ചെയ്യേണം; അവൻ വകയില്ലാത്തവനെങ്കിൽ തന്റെ മോഷണം നിമിത്തം അവനെ വില്ക്കേണം. 4മോഷണവസ്തുവായ കാളയെയോ കഴുതയെയോ ആടിനെയോ ജീവനോടെ അവന്റെ കൈവശം കണ്ടുപിടിച്ചാൽ അവൻ ഇരട്ടി പകരം കൊടുക്കേണം.
5ഒരുത്തൻ ഒരു വയലോ മുന്തിരിത്തോട്ടമോ തീറ്റിക്കയാകട്ടെ തന്റെ കന്നുകാലിയെ അഴിച്ചുവിട്ടു അതു മറ്റൊരുത്തന്റെ വയലിൽ മേയുകയാകട്ടെ ചെയ്താൽ അവൻ തന്റെ വയലിലുള്ളതിൽ ഉത്തമമായതും തന്റെ മുന്തിരിത്തോട്ടത്തിലുള്ളതിൽ ഉത്തമമായതും പകരം കൊടുക്കേണം.
6തീ വീണു കാടു കത്തീട്ടു കറ്റക്കൂട്ടമോ വിളവോ നിലമോ വെന്തുപോയെങ്കിൽ തീ കത്തിച്ചവൻ പകരം കൊടുക്കേണം.
7ഒരുത്തൻ കൂട്ടകാരന്റെ പറ്റിൽ പണമോ വല്ല സാധനമോ സൂക്ഷിപ്പാൻ ഏല്പിച്ചിരിക്കെ അതു അവന്റെ വീട്ടിൽനിന്നു കളവുപോയാൽ കള്ളനെ പിടികിട്ടി എന്നുവരികിൽ അവൻ ഇരട്ടി പകരം കൊടുക്കേണം. 8കള്ളനെ പിടികിട്ടാതിരുന്നാൽ ആ വീട്ടുകാരൻ കൂട്ടുകാരന്റെ വസ്തുവിന്മേൽ കൈ വെച്ചിട്ടുണ്ടോ എന്നു അറിവാൻ അവനെ ദൈവസന്നിധിയിൽ കൊണ്ടുപോകേണം. 9കാണാതെപോയ കാള, കഴുത, ആടു, വസ്ത്രം മുതലായ യാതൊന്നിനെയും സംബന്ധിച്ചു ഇതു എനിക്കുള്ളതു എന്നു ഒരുവൻ പറഞ്ഞു കുറ്റം ചുമത്തിയാൽ ഇരുപാട്ടുകാരുടെയും കാര്യം ദൈവസന്നിധിയിൽ വരേണം; കുറ്റക്കാരനെന്നു ദൈവം വിധിക്കുന്നവൻ കൂട്ടുകാരന്നു ഇരട്ടി പകരം കൊടുക്കേണം.
10ഒരുത്തൻ കൂട്ടുകാരന്റെ പക്കൽ കഴുത, കാള, ആടു എന്നിങ്ങനെ ഒരു മൃഗത്തെ സൂക്ഷിപ്പാൻ ഏല്പിച്ചിരിക്കെ അതു ചത്തുപോകയോ അതിന്നു വല്ല കേടു തട്ടുകയോ ആരും കാണാതെ കളവുപോകയോ ചെയ്താൽ 11കൂട്ടുകാരന്റെ വസ്തുവിന്മേൽ അവൻ കൈ വെച്ചിട്ടില്ല എന്നു യഹോവയെക്കൊണ്ടുള്ള സത്യം ഇരുപാട്ടുകാർക്കും തീർച്ച ആയിരിക്കേണം; ഉടമസ്ഥൻ അതു സമ്മതിക്കേണം; മറ്റവൻ പകരം കൊടുക്കേണ്ടാ. 12എന്നാൽ അതു അവന്റെ പക്കൽനിന്നു കളവുപോയി എന്നു വരികിൽ അവൻ അതിന്റെ ഉടമസ്ഥന്നു പകരം കൊടുക്കേണം. 13അതു കടിച്ചു കീറിപ്പോയെങ്കിൽ അവൻ അതിന്നു സാക്ഷ്യം കൊണ്ടുവരേണം; കടിച്ചു കീറിപ്പോയതിന്നു അവൻ പകരം കൊടുക്കേണ്ടാ.
14ഒരുത്തൻ കൂട്ടുകാരനോടു വായ്പ വാങ്ങീട്ടു ഉടമസ്ഥൻ അരികെ ഇല്ലാതിരിക്കെ വല്ല കേടു ഭവിക്കയോ ചത്തുപോകയോ ചെയ്താൽ അവൻ പകരം കൊടുക്കേണം. 15ഉടമസ്ഥൻ അരികെ ഉണ്ടായിരുന്നാൽ അവൻ പകരം കൊടുക്കേണ്ടാ; അതു കൂലിക്കു വാങ്ങിയതെങ്കിൽ അതിന്നു കൂലിയുണ്ടല്ലോ.
16 # ആവർത്തനപുസ്തകം 22:28,29 വിവാഹത്തിന്നു നിയമിക്കപ്പെടാത്ത ഒരു കന്യകയെ ഒരുത്തൻ വശീകരിച്ചു അവളോടുകൂടെ ശയിച്ചാൽ അവൻ സ്ത്രീധനം കൊടുത്തു അവളെ വിവാഹം കഴിക്കേണം. 17അവളെ അവന്നു കൊടുപ്പാൻ അവളുടെ അപ്പന്നു അശേഷം മനസ്സില്ലെങ്കിൽ അവൻ കന്യകമാരുടെ സ്ത്രീധനത്തിന്നു ഒത്തവണ്ണം പണം കൊടുക്കേണം.
18 # ആവർത്തനപുസ്തകം 18:10,11 ക്ഷുദ്രക്കാരത്തിയെ നീ ജീവനോടെ വെക്കരുതു.
19 # ലേവ്യപുസ്തകം 18:23; 20:15,16; ആവർത്തനപുസ്തകം 27:21 മൃഗത്തോടുകൂടെ ശയിക്കുന്ന ഏവനും മരണശിക്ഷ അനുഭവിക്കേണം.
20 # ആവർത്തനപുസ്തകം 17:2-7 യഹോവെക്കു മാത്രമല്ലാതെ വേറെ ദൈവങ്ങൾക്കു യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കേണം. 21#പുറപ്പാടു 23:9; ലേവ്യപുസ്തകം 19:33,34; ആവർത്തനപുസ്തകം 24:17,18; 27:19പരദേശിയെ പീഡിപ്പിക്കരുതു ഉപദ്രവിക്കയുമരുതു; നിങ്ങൾ മിസ്രയീംദേശത്തു പരദേശികൾ ആയിരുന്നുവല്ലോ. 22വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുതു. 23അവരെ വല്ലപ്രകാരത്തിലും ക്ലേശിപ്പിക്കയും അവർ എന്നോടു നിലവിളിക്കയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും; 24എന്റെ കോപവും ജ്വലിക്കും; ഞാൻ വാൾകൊണ്ടു നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്ത്രീകൾ വിധവമാരും നിങ്ങളുടെ പൈതങ്ങൾ അനാഥരുമായി തീരും.
25 # ലേവ്യപുസ്തകം 25:35-38; ആവർത്തനപുസ്തകം 15:7-11; 23:19,20 എന്റെ ജനത്തിൽ നിന്റെ അടുക്കലുള്ള ഒരു ദരിദ്രന്നു പണം വായ്പ കൊടുത്താൽ പൊലികടക്കാരനെപ്പോലെ ഇരിക്കരുതു; അവനോടു പലിശ വാങ്ങുകയും അരുതു. 26#ആവർത്തനപുസ്തകം 24:10-13നീ കൂട്ടുകാരന്റെ വസ്ത്രം പണയം വാങ്ങിയാൽ സൂര്യൻ അസ്തമിക്കുംമുമ്പെ മടക്കിക്കൊടുക്കേണം. 27അതുമാത്രമല്ലോ അവന്റെ പുതപ്പു; അതുമാത്രമല്ലോ അവന്റെ ശരീരം മൂടുന്ന വസ്ത്രം; അവൻ പിന്നെ എന്തൊന്നു പുതെച്ചു കിടക്കും? അവൻ എന്നോടു നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ കൃപയുള്ളവനല്ലോ.
28 # അപ്പൊ. പ്രവൃത്തികൾ 23:5 നീ ദൈവത്തെ ദുഷിക്കരുതു; നിന്റെ ജനത്തിന്റെ അധിപതിയെ ശപിക്കയുമരുതു. 29നിന്റെ വിളവും ദ്രാവകവർഗ്ഗവും അർപ്പിപ്പാൻ താമസിക്കരുതു; നിന്റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്കു തരേണം. 30നിന്റെ കാളകളിലും ആടുകളിലും അങ്ങനെ തന്നേ; അതു ഏഴു ദിവസം തള്ളയോടു കൂടെ ഇരിക്കട്ടെ; എട്ടാം ദിവസം അതിനെ എനിക്കു തരേണം. 31#ലേവ്യപുസ്തകം 17:15നിങ്ങൾ എനിക്കു വിശുദ്ധന്മാരായിരിക്കേണം; കാട്ടുമൃഗം കടിച്ചുകീറിയ മാംസം തിന്നരുതു. നിങ്ങൾ അതിനെ നായ്ക്കൾക്കു ഇട്ടുകളയേണം.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy