YouVersion Logo
Search Icon

ആവർത്തനപുസ്തകം 30

30
1ഞാൻ നിന്റെ മുമ്പിൽ വെച്ചിരിക്കുന്ന അനുഗ്രഹവും ശാപവുമായ ഈ വചനങ്ങൾ ഒക്കെയും നിന്റെമേൽ നിവൃത്തിയായി വന്നിട്ടു നിന്റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളഞ്ഞിട്ടുള്ള അതതു ജാതികളുടെ ഇടയിൽവെച്ചു നീ അവയെ നിന്റെ ഹൃദയത്തിൽ ഓർത്തു 2നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു നീയും നിന്റെ മക്കളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നതുപോലെ ഒക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചാൽ 3നിന്റെ ദൈവമായ യഹോവ നിന്റെ സ്ഥിതി മാറ്റുകയും നിന്നോടു മനസ്സലിഞ്ഞു നിങ്കലേക്കു തിരികയും നിന്റെ ദൈവമായ യഹോവ നിന്നെ ചിതറിച്ചിരുന്ന സകലജാതികളിൽനിന്നും നിന്നെ കൂട്ടിച്ചേർക്കുകയും ചെയ്യും. 4നിനക്കുള്ളവർ ആകാശത്തിന്റെ അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്റെ ദൈവമായ യഹോവ അവിടെനിന്നു നിന്നെ കൂട്ടിച്ചേർക്കും; അവിടെനിന്നു അവൻ നിന്നെ കൊണ്ടുവരും. 5നിന്റെ പിതാക്കന്മാർക്കു കൈവശമായിരുന്ന ദേശത്തേക്കു നിന്റെ ദൈവമായ യഹോവ നിന്നെ കൊണ്ടുവരും; നീ അതു കൈവശമാക്കും; അവൻ നിനക്കു ഗുണംചെയ്തു നിന്റെ പിതാക്കന്മാരെക്കാൾ നിന്നെ വർദ്ധിപ്പിക്കും. 6നീ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവ നിന്റെ ഹൃദയവും നിന്റെ സന്തതിയുടെ ഹൃദയവും പരിച്ഛേദന ചെയ്യും. 7ഈ ശാപങ്ങളെ ഒക്കെയും നിന്റെ ദൈവമായ യഹോവ നിന്റെ ശത്രുക്കളുടെമേലും നിന്നെ പകെച്ചു ഉപദ്രവിക്കുന്നവരുടെമേലും വരുത്തും. 8നീ മനസ്സു തിരിഞ്ഞു യഹോവയുടെ വാക്കുകേട്ടു ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും അനുസരിച്ചു നടക്കയും 9നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും നിന്റെ ഗർഭഫലത്തിലും മൃഗഫലത്തിലും കൃഷിഫലത്തിലും നിനക്കു നന്മെക്കായി അഭിവൃദ്ധി നല്കുകയും ചെയ്യും. 10നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കയും നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ തിരികയും ചെയ്താൽ യഹോവ നിന്റെ പിതാക്കന്മാരിൽ പ്രസാദിച്ചിരുന്നതുപോലെ നിന്നിലും നന്മെക്കായിട്ടു വീണ്ടും പ്രസാദിക്കും.
11ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ കല്പന നിനക്കു പ്രായസമുള്ളതല്ല, ദൂരമായുള്ളതുമല്ല. 12#റോമർ 10:6-8ഞങ്ങൾ കേട്ടു അനുസരിക്കേണ്ടതിന്നു ആർ സ്വർഗ്ഗത്തിൽ കയറി കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സ്വർഗ്ഗത്തിലല്ല; 13ഞങ്ങൾ കേട്ടു അനുസരിക്കേണ്ടതിന്നു ആർ സമുദ്രം കടന്നു കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സമുദ്രത്തിന്നക്കരെയുമല്ല; 14നീ അനുസരിപ്പാൻ തക്കവണ്ണം, വചനം നിനക്കു ഏറ്റവും സമീപത്തു, നിന്റെ വായിലും നിന്റെ ഹൃദയത്തിലും തന്നേ ഇരിക്കുന്നു.
15ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു. 16എങ്ങനെയെന്നാൽ നീ ജീവിച്ചിരുന്നു പെരുകുകയും നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിന്റെ ദൈവമായ യഹോവയെ സ്നേഹിപ്പാനും അവന്റെ വഴികളിൽ നടപ്പാനും അവന്റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നു. 17എന്നാൽ നീ അനുസരിക്കാതെ നിന്റെ ഹൃദയം മറികയും നീ വശീകരിക്കപ്പെട്ടു അന്യദൈവങ്ങളെ നമസ്കരിച്ചു സേവിക്കയും ചെയ്താൽ 18നീ യോർദ്ദാൻ കടന്നു കൈവശമാക്കുവാൻ ചെല്ലുന്നദേശത്തു ദീർഘായുസ്സോടിരിക്കാതെ നിശ്ചയമായിട്ടു നശിച്ചുപോകും എന്നു ഞാൻ ഇന്നു നിങ്ങളെ അറിയിക്കുന്നു. 19ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു എന്നതിന്നു ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷി വെക്കുന്നു; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും 20#ഉല്പത്തി 12:7; ഉല്പത്തി 26:3; ഉല്പത്തി 28:13യഹോവ നിന്റെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും കൊടുക്കുമെന്നു സത്യംചെയ്ത ദേശത്തു നീ പാർപ്പാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊൾക; അതല്ലോ നിനക്കു ജീവനും ദീർഘായുസ്സും ആകുന്നു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy