YouVersion Logo
Search Icon

2. ശമൂവേൽ 5

5
1അനന്തരം യിസ്രായേൽഗോത്രങ്ങളൊക്കെയും ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ വന്നു: ഞങ്ങൾ നിന്റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ. 2മുമ്പു ശൗൽ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നടത്തിയതു നീ ആയിരുന്നു. നീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു എന്നു പറഞ്ഞു. 3ഇങ്ങനെ യിസ്രായേൽമൂപ്പന്മാരൊക്കെയും ഹെബ്രോനിൽ രാജാവിന്റെ അടുക്കൽ വന്നു; ദാവീദ്‌ രാജാവു ഹെബ്രോനിൽവെച്ചു യഹോവയുടെ സന്നിധിയിൽ അവരോടു ഉടമ്പടി ചെയ്തു; അവർ ദാവീദിനെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു. 4#1. രാജാക്കന്മാർ 2:11; 1. ദിനവൃത്താന്തം 3:4; 29:27ദാവീദ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു മുപ്പതു വയസ്സായിരുന്നു; അവൻ നാല്പതു സംവത്സരം വാണു. 5അവൻ ഹെബ്രോനിൽ യെഹൂദെക്കു ഏഴു സംവത്സരവും ആറു മാസവും യെരൂശലേമിൽ എല്ലായിസ്രായേലിന്നും യെഹൂദെക്കും മുപ്പത്തിമൂന്നു സംവത്സരവും രാജാവായി വാണു. 6#യോശുവ 15:63; ന്യായാധിപന്മാർ 1:21രാജാവും അവന്റെ ആളുകളും യെരൂശലേമിലേക്കു ആ ദേശത്തെ നിവാസികളായ യെബൂസ്യരുടെ നേരെ പുറപ്പെട്ടു. ദാവീദിന്നു അവിടെ കടപ്പാൻ കഴികയില്ലെന്നുവെച്ചു അവർ ദാവീദിനോടു: നീ ഇവിടെ കടക്കയില്ല; നിന്നെ തടുപ്പാൻ കുരുടരും മുടന്തരും മതി എന്നു പറഞ്ഞു. 7എന്നിട്ടും ദാവീദ് സീയോൻകോട്ട പിടിച്ചു; അതു തന്നെ ദാവീദിന്റെ നഗരം. 8അന്നു ദാവീദ്: ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാൽ അവൻ നീർപ്പാത്തിയിൽ കൂടി കയറി ദാവീദിന്നു വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ എന്നു പറഞ്ഞു. അതുകൊണ്ടു കുരുടരും മുടന്തരും വീട്ടിൽ വരരുതു എന്നൊരു ചൊല്ലു നടപ്പായി. 9ദാവീദ് കോട്ടയിൽ വസിച്ചു, അതിന്നു ദാവീദിന്റെ നഗരമെന്നു പേരിട്ടു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലോട്ടും പണിതുറപ്പിച്ചു. 10സൈന്യങ്ങളുടെ ദൈവമായ യഹോവ തന്നോടുകൂടെയുണ്ടായിരുന്നതുകൊണ്ടു ദാവീദ് മേല്ക്കുമേൽ പ്രബലനായിത്തീർന്നു. 11സോർരാജാവായ ഹീരാം ദാവീദിന്റെ അടുക്കൽ ദൂതന്മാരെയും ദേവദാരുക്കളെയും ആശാരികളെയും കല്പണിക്കാരെയും അയച്ചു; അവർ ദാവീദിന്നു ഒരു അരമന പണിതു. 12ഇങ്ങനെ യഹോവ യിസ്രായേലിൽ തന്നെ രാജാവായി സ്ഥിരപ്പെടുത്തുകയും അവന്റെ ജനമായ യിസ്രായേൽ നിമിത്തം തന്റെ രാജത്വം ഉന്നതമാക്കുകയും ചെയ്തു എന്നു ദാവീദ് അറിഞ്ഞു. 13ഹെബ്രോനിൽനിന്നു വന്നശേഷം ദാവീദ് യെരൂശലേമിൽവെച്ചു അധികം വെപ്പാട്ടികളെയും ഭാര്യമാരെയും പരിഗ്രഹിച്ചു; ദാവീദിന്നു പിന്നെയും പുത്രന്മാരും പുത്രിമാരും ജനിച്ചു. 14യെരൂശലേമിൽവെച്ചു അവന്നു ജനിച്ചവരുടെ പേരുകളാവിതു: ശമ്മൂവ, ശോബാബ്, നാഥാൻ, ശലോമോൻ, 15യിബ്ഹാർ, എലിശൂവ, നേഫെഗ്, യാഫീയ, 16എലീശാമാ, എല്യാദാവു, എലീഫേലെത്ത്, 17എന്നാൽ ദാവീദിനെ യിസ്രായേലിന്നു രാജാവായി അഭിഷേകം ചെയ്തു എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യർ ഒക്കെയും ദാവീദിനെ പിടിപ്പാൻ വന്നു; ദാവീദ് അതു കേട്ടിട്ടു ദുർഗ്ഗത്തിൽ കടന്നു പാർത്തു. 18ഫെലിസ്ത്യർ വന്നു രെഫായീം താഴ്‌വരയിൽ പരന്നു. 19അപ്പോൾ ദാവീദ് യഹോവയോടു: ഞാൻ ഫെലിസ്ത്യരുടെ നേരെ പുറപ്പെടേണമോ? അവരെ എന്റെ കയ്യിൽ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. പുറപ്പെടുക; ഞാൻ ഫെലിസ്ത്യരെ നിന്റെ കയ്യിൽ ഏല്പിക്കും എന്നു യഹോവ ദാവീദിനോടു അരുളിച്ചെയ്തു. 20അങ്ങനെ ദാവീദ് ബാൽ-പെരാസീമിൽ ചെന്നു; അവിടെവെച്ചു ദാവീദ് അവരെ തോല്പിച്ചു; വെള്ളച്ചാട്ടംപോലെ യഹോവ എന്റെ മുമ്പിൽ എന്റെ ശത്രുക്കളെ തകർത്തുകളഞ്ഞു എന്നു പറഞ്ഞു. അതുകൊണ്ടു ആ സ്ഥലത്തിന്നു ബാൽ-പെരാസീം എന്നു പേർ പറഞ്ഞുവരുന്നു. 21അവിടെ അവർ തങ്ങളുടെ വിഗ്രഹങ്ങളെ ഇട്ടേച്ചുപോയി; ദാവീദും അവന്റെ ആളുകളും അവയെ എടുത്തു കൊണ്ടുപോന്നു. 22ഫെലിസ്ത്യർ പിന്നെയും വന്നു രെഫായീംതാഴ്‌വരയിൽ പരന്നു. 23ദാവീദ് യഹോവയോടു ചോദിച്ചപ്പോൾ: നീ നേരെ ചെല്ലാതെ അവരുടെ പിമ്പുറത്തുകൂടി വളഞ്ഞുചെന്നു ബാഖാവൃക്ഷങ്ങൾക്കു എതിരെവെച്ചു അവരെ നേരിടുക. 24ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽകൂടി അണിനടക്കുന്ന ഒച്ചപോലെ കേൾക്കും; അപ്പോൾ വേഗത്തിൽ ചെല്ലുക; ഫെലിസ്ത്യസൈന്യത്തെ തോല്പിപ്പാൻ യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു അരുളപ്പാടുണ്ടായി. 25യഹോവ കല്പിച്ചതുപോലെ ദാവീദ് ചെയ്തു, ഫെലിസ്ത്യരെ ഗേബമുതൽ ഗേസെർവരെ തോല്പിച്ചു.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in