YouVersion Logo
Search Icon

1. ശമൂവേൽ 5

5
1ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം എടുത്തു അതിനെ ഏബെൻ-ഏസെരിൽനിന്നു അസ്തോദിലേക്കു കൊണ്ടുപോയി. 2ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം എടുത്തു ദാഗോന്റെ ക്ഷേത്രത്തിൽ കൊണ്ടുചെന്നു ദാഗോന്റെ അരികെ വെച്ചു. 3പിറ്റെന്നാൾ രാവിലെ അസ്തോദ്യർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. അവർ ദാഗോനെ എടുത്തു വീണ്ടും അവന്റെ സ്ഥാനത്തു നിർത്തി. 4പിറ്റെന്നാൾ രാവിലെ അവർ എഴുന്നേറ്റപ്പോൾ ദാഗോൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. ദാഗോന്റെ തലയും അവന്റെ കൈപ്പത്തികളും ഉമ്മരപ്പടിമേൽ മുറിഞ്ഞുകിടന്നു; ദാഗോന്റെ ഉടൽമാത്രം ശേഷിച്ചിരുന്നു. 5അതുകൊണ്ടു ദാഗോന്റെ പുരോഹിതന്മാരും ദാഗോന്റെ ക്ഷേത്രത്തിൽ കടക്കുന്നവരും അസ്തോദിൽ ദാഗോന്റെ ഉമ്മരപ്പടിമേൽ ഇന്നും ചവിട്ടുമാറില്ല.
6എന്നാൽ യഹോവയുടെ കൈ അസ്തോദ്യരുടെമേൽ ഭാരമായിരുന്നു; അവൻ അവരെ ശൂന്യമാക്കി അസ്തോദിലും അതിന്റെ അതിരുകളിലും ഉള്ളവരെ മൂലരോഗത്താൽ ബാധിച്ചു. 7അങ്ങനെ ഭവിച്ചതു അസ്തോദ്യർ കണ്ടിട്ടു: യിസ്രായേലിന്റെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ ഇരിക്കരുതു; അവന്റെ കൈ നമ്മുടെമേലും നമ്മുടെ ദേവനായ ദാഗോന്റെ മേലും കഠിനമായിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. 8അവർ ആളയച്ചു ഫെലിസ്ത്യരുടെ സകലപ്രഭുക്കന്മാരെയും വിളിച്ചുകൂട്ടി: യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം സംബന്ധിച്ചു നാം എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. അതിന്നു അവർ: യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം ഗത്തിലേക്കു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവർ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം കൊണ്ടുപോയി. 9അവർ അതു കൊണ്ടുചെന്നശേഷം ഏറ്റവും വലിയോരു പരിഭ്രമം ഉണ്ടാകത്തക്കവണ്ണം യഹോവയുടെ കൈ ആ പട്ടണത്തിന്നും വിരോധമായ്തീർന്നു; അവൻ പട്ടണക്കാരെ ആബാലവൃദ്ധം ബാധിച്ചു; അവർക്കു മൂലരോഗം തുടങ്ങി. 10അതുകൊണ്ടു അവർ ദൈവത്തിന്റെ പെട്ടകം എക്രോനിലേക്കു കൊടുത്തയച്ചു. ദൈവത്തിന്റെ പെട്ടകം എക്രോനിൽ എത്തിയപ്പോൾ എക്രോന്യർ: നമ്മെയും നമുക്കുള്ളവരെയും കൊല്ലുവാൻ അവർ യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മുടെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു നിലവിളിച്ചു. 11അവർ ആളയച്ചു ഫെലിസ്ത്യരുടെ സകല പ്രഭുക്കന്മാരെയും കൂട്ടിവരുത്തി: യിസ്രായേല്യരുടെ ദൈവത്തിന്റെ പെട്ടകം നമ്മെയും നമ്മുടെ ജനത്തെയും കൊല്ലാതിരിക്കേണ്ടതിന്നു അതിനെ വിട്ടയച്ചുകളയേണം; അതു വീണ്ടും അതിന്റെ സ്ഥലത്തേക്കു പോകട്ടെ എന്നു പറഞ്ഞു. ആ പട്ടണത്തിലെങ്ങും മരണകരമായ പരിഭ്രമം ഉണ്ടായി; ദൈവത്തിന്റെ കൈ അവിടെയും അതിഭാരമായിരുന്നു. 12മരിക്കാതിരുന്നവർ മൂലരോഗത്താൽ ബാധിതരായി; പട്ടണത്തിലെ നിലവിളി ആകാശത്തിൽ കയറി.

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for 1. ശമൂവേൽ 5