YouVersion Logo
Search Icon

റോമ. 12

12
ജീവനുള്ള യാഗം
1സഹോദരന്മാരേ, ഞാൻ ദൈവത്തിന്‍റെ മനസ്സലിവു ഓർമ്മിപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത്: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധിയും ദൈവത്തിന് സ്വീകാര്യവുമായ ജീവനുള്ള യാഗമായി സമർപ്പിപ്പിൻ; ഇതല്ലോ നിങ്ങളുടെ ആത്മിക ആരാധന. 2ഈ ലോകത്തിനു അനുരൂപമാകാതെ നല്ലതും സ്വീകാര്യവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിൻ.
3ഭാവിക്കേണ്ടതിന് മീതെ ഭാവിച്ചുയരാതെ ദൈവം അവനവന് വിശ്വാസത്തിന്‍റെ അളവ് പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കണമെന്ന് ഞാൻ എനിക്ക് ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു. 4ഒരു ശരീരത്തിൽ നമുക്കു പല അവയവങ്ങൾ ഉണ്ടല്ലോ; എല്ലാ അവയവങ്ങൾക്കും പ്രവൃത്തി ഒന്നല്ലതാനും; 5അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു. 6ആകയാൽ നമുക്കു നൽകപ്പെട്ടിട്ടുള്ള കൃപയ്ക്കനുസരിച്ച് വ്യത്യസ്തമായ വരങ്ങളും നമുക്കുണ്ട്. ഒരുവന് പ്രവചനവരമാണെങ്കിൽ അത് അവന്‍റെ വിശ്വാസത്തിന് ഒത്തവണ്ണം ചെയ്യട്ടെ, 7ശുശ്രൂഷിപ്പാനുള്ള വരമാണെങ്കിൽ അവൻ ശുശ്രൂഷിക്കട്ടെ, ഉപദേശിക്കുവാനുള്ള വരമാണെങ്കിൽ അവൻ ഉപദേശിക്കട്ടെ, 8പ്രോത്സാഹിപ്പിക്കാനുള്ള വരമാണെങ്കിൽ അവൻ പ്രോത്സാഹിപ്പിക്കട്ടെ; കൊടുക്കുവാനുള്ള വരമാണെങ്കിൽ അവൻ അത് ഉദാരമായും, നയിക്കുവാനുള്ള വരമാണെങ്കിൽ അത് കരുതലോടെയും, കരുണകാണിക്കുവാനുള്ള വരമാണെങ്കിൽ അത് പ്രസന്നതയോടെയും ചെയ്യട്ടെ.
9സ്നേഹം കപടമില്ലാത്തതായിരിക്കട്ടെ; തിന്മയായതിനെ വെറുത്തു നല്ലതിനെ മുറുകെപ്പിടിക്കുവിൻ. 10സഹോദരസ്നേഹത്തെക്കുറിച്ച്; അന്യോന്യം വാത്സല്യത്തോടെയും, ബഹുമാനിക്കുന്നതിൽ; അന്യോന്യം ആദരിക്കുകയും ചെയ്‌വിൻ. 11ഉത്സാഹത്തിൽ മടുപ്പില്ലാതെ; ആത്മാവിൽ എരിവുള്ളവരായി; കർത്താവിനെ സേവിപ്പിൻ; 12ആശയിൽ സന്തോഷിപ്പിൻ; 13കഷ്ടതയിൽ സഹിഷ്ണത കാണിക്കുവിൻ; പ്രാർത്ഥനയിൽ ഉറ്റിരിക്കുവിൻ; വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കുകയും അതിഥിസൽക്കാരം ആചരിക്കുകയും ചെയ്‌വിൻ. 14നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കുവിൻ; ശപിക്കാതെ അനുഗ്രഹിക്കുവിൻ. 15സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരയുകയും ചെയ്‌വിൻ. 16തമ്മിൽ ഐകമത്യമുള്ളവരായിരിപ്പിൻ. വലിപ്പം ഭാവിക്കാതെ എളിയവരെ കൈക്കൊള്ളുവിൻ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുത്. 17ആർക്കും തിന്മയ്ക്ക് പകരം തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പിൽ നന്മ പ്രവൃത്തിപ്പിൻ. 18കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ. 19പ്രിയമുള്ളവരേ, നിങ്ങൾ തന്നെ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന് ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും എന്നു കർത്താവ് അരുളിച്ചെയ്യുന്നു. എന്നാൽ
20“നിന്‍റെ ശത്രുവിന് വിശക്കുന്നു എങ്കിൽ അവനു തിന്മാൻ കൊടുക്ക;
ദാഹിക്കുന്നു എങ്കിൽ കുടിക്കുവാൻ കൊടുക്ക;
അങ്ങനെ ചെയ്താൽ നീ അവന്‍റെ തലമേൽ
തീക്കനൽ കൂനകൂട്ടും”
എന്നു എഴുതിയിരിക്കുന്നുവല്ലോ. 21തിന്മയോട് തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.

Currently Selected:

റോമ. 12: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in