YouVersion Logo
Search Icon

വെളി. 7

7
മുദ്രയിട്ട 1,44,000
1ഇതിനുശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും നാലു ദൂതന്മാർ ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലു ദിക്കിലും നില്ക്കുന്നതു ഞാൻ കണ്ടു. 2ജീവനുള്ള ദൈവത്തിന്‍റെ മുദ്രയുണ്ടായിരുന്ന മറ്റൊരു ദൂതൻ, കിഴക്കുനിന്ന് മുകളിലേക്കു വരുന്നത് ഞാൻ കണ്ടു. അവൻ ഭൂമിക്കും സമുദ്രത്തിനും കേടുവരുത്തുവാൻ അനുവാദം കൊടുക്കപ്പെട്ട നാലു ദൂതന്മാരോട്: 3നമ്മുടെ ദൈവത്തിന്‍റെ ദാസന്മാരുടെ നെറ്റികളിൽ ഞങ്ങൾ ഒരു മുദ്രയിട്ട് തീരുവോളം ഭൂമിക്കോ, സമുദ്രത്തിനോ, വൃക്ഷങ്ങൾക്കോ കേടുവരുത്തരുത് എന്നു ഉറക്കെ വിളിച്ചുപറഞ്ഞു. 4മുദ്രയേറ്റവരുടെ എണ്ണവും ഞാൻ കേട്ടു; യിസ്രായേൽ ജനങ്ങളുടെ എല്ലാ ഗോത്രത്തിലും നിന്നു മുദ്രയേറ്റവർ നൂറ്റിനാല്പത്തിനാലായിരം (1,44,000).
5യെഹൂദാഗോത്രത്തിൽ നിന്നു മുദ്രയേറ്റവർ പന്ത്രണ്ടായിരം;
രൂബേൻഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം;
ഗാദ്ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം.
6ആശേർ ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം;
നഫ്താലി ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം;
മനശ്ശെഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം.
7ശിമെയോൻ ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം;
ലേവിഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം;
യിസ്സാഖാർ ഗോത്രത്തിൽനിന്നു പന്ത്രണ്ടായിരം;
8സെബൂലൂൻഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം;
യോസേഫ് ഗോത്രത്തിൽ നിന്നു പന്ത്രണ്ടായിരം;
ബെന്യാമീൻ ഗോത്രത്തിൽനിന്നു മുദ്രയേറ്റവർ പന്ത്രണ്ടായിരവും ആയിരുന്നു.
9ഈ സംഭവങ്ങൾക്കുശേഷം ഞാൻ നോക്കിയപ്പോൾ, എല്ലാ ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്ന് സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നില്ക്കുന്ന, ആർക്കും എണ്ണിത്തീർക്കുവാൻ കഴിയാത്ത വെള്ളനിലയങ്കി ധരിച്ചും കൈകളിൽ കുരുത്തോലകൾ പിടിച്ചും ഉള്ള ഒരു മഹാപുരുഷാരത്തെ കണ്ടു. അവർ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്: 10“രക്ഷ സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിനും കുഞ്ഞാടിനും ഉള്ളത്.”
11സകലദൂതന്മാരും സിംഹാസനത്തിൻ്റെയും മൂപ്പന്മാരുടെയും നാലു ജീവികളുടെയും ചുറ്റും നിന്നു, അവർ സിംഹാസനത്തിന്‍റെ മുമ്പിൽ കവിണ്ണുവീണു ദൈവത്തെ ആരാധിച്ചും കൊണ്ടു പറഞ്ഞത്:
12“ആമേൻ;
നമ്മുടെ ദൈവത്തിന് എന്നെന്നേക്കും
സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും
ബഹുമാനവും ശക്തിയും ബലവും;
ആമേൻ.”
13അപ്പോൾ മൂപ്പന്മാരിൽ ഒരുവൻ എന്നോട്: “വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവർ ആർ? അവർ എവിടെ നിന്നു വന്നു?“ എന്നു ചോദിച്ചു.
14“യജമാനനേ അങ്ങേയ്ക്ക് അറിയാമല്ലോ“ എന്നു ഞാൻ പറഞ്ഞതിന്
അവൻ എന്നോട് പറഞ്ഞത്: “ഇവർ മഹാകഷ്ടത്തിൽ നിന്ന് വന്നവർ; അവർ കുഞ്ഞാടിൻ്റെ രക്തത്തിൽ#7:14 കുഞ്ഞാടിൻ്റെ രക്തം-ക്രിസ്തുവിന്‍റെ പാപപരിഹാരയാഗം അവരുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു. 15അതുകൊണ്ട് അവർ ദൈവത്തിന്‍റെ സിംഹാസനത്തിൻ മുമ്പിലിരുന്ന് അവന്‍റെ ആലയത്തിൽ രാവും പകലും അവനെ ആരാധിക്കുന്നു; സിംഹാസനത്തിൽ ഇരിക്കുന്നവൻ അവരോട് കൂടെ വസിക്കും. 16ഇനി അവർക്ക് വിശക്കയില്ല ദാഹിക്കയും ഇല്ല; സൂര്യവെളിച്ചവും മറ്റ് ചൂടും അവരെ ബാധിക്കുകയില്ല. 17സിംഹാസനത്തിന്‍റെ മദ്ധ്യേ ഉള്ള കുഞ്ഞാട് അവരെ പോറ്റുകയും അവരെ ജീവജലത്തിൻ്റെ ഉറവുകളിലേക്ക് നയിക്കുകയും ചെയ്യും. ദൈവം അവരുടെ കണ്ണിൽ നിന്ന് കണ്ണുനീർ എല്ലാം തുടച്ചുകളയുകയും ചെയ്യും.“

Currently Selected:

വെളി. 7: IRVMAL

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in